പ്രവാസിസമൂഹത്തിനു കരുത്തും പ്രചോദനവുമായി ‘യൂറോ ക്ലേരോ 2024’
മാഡ്രിഡ്: യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽ സേവനംചെയ്യുന്ന വൈദികരുടെ വാർഷികസമ്മേളനം ‘യൂറോ ക്ലേരോ 2024’ ജൂണ് 10 മുതൽ 14 വരെ സ്പെയിനിലെ മാഡ്രിഡിൽ നടന്നു. മാഡ്രിഡ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ജോസ് കോബോ കാനോ ഉദ്ഘാടനം ചെയ്തു. യൂറോപ്പിലെ സീറോ മലബാർ പ്രവാസി വിശ്വാസികൾക്കു പരിശുദ്ധാത്മാവിന്റെ സഹായത്താൽ സ്നേഹത്തിന്റെ ഐക്യത്തിൽ തനിമയുള്ള വിശ്വാസവും പാരന്പര്യങ്ങളും ഒപ്പം വൈവിധ്യങ്ങളും കാത്തുസൂക്ഷിക്കാനാകട്ടെയെന്ന് സ്പെയിനിലെ പൗരസ്ത്യ സഭകളുടെ കൂടെ ഉത്തരവാദിത്വമുള്ള കർദിനാൾ ആശംസിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. പ്രവാസിസമൂഹത്തിന് ആവശ്യമായ അജപാലനപദ്ധതികൾ കാലോചിതമായി നടപ്പാക്കുമെന്നും അപ്പസ്തോലിക് വിസിറ്റേഷന്റെ വളർച്ചയ്ക്ക് അത് കരുത്താകുമെന്നും മാർ തട്ടിൽ പറഞ്ഞു. പരിശുദ്ധ അമ്മയുടെ തീക്ഷ്ണതയിലും കരുതലിലും സഹനമനോഭാവത്തിലും എല്ലാ വൈദികരും ചരിക്കട്ടയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരമായ പ്രാർഥന, ഇടറാത്ത വിശ്വാസം, ഇടർച്ചകളില്ലാത്ത കരുത്തുറ്റ സാക്ഷ്യം, ചൈതന്യവത്തായ കൂദാശാപരികർമങ്ങൾ എന്നിവയിലൂടെ ക്രിസ്തുവിനു പകരക്കാരാകാൻ വൈദികർക്കാവട്ടെയെന്ന് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു. യൂറോപ്പിലെ സഭയ്ക്കു സാക്ഷ്യമാണ് പൗരസ്ത്യ സഭകളിലെ വിശ്വാസസമൂഹമെന്നു സ്പെയിനിലെ എല്ലാ പൗരസ്ത്യ സഭകളുടെയും ഓർഡിനാരിയറ്റിന്റെ വികാരി ജനറാൾ ഡോ. ആന്ദ്രേസ് മാർട്ടിനെസ് എസ്തെബാൻ പറഞ്ഞു. ക്ലരീഷ്യൻ മിഷനറി സഭയുടെ ജനറൽ സുപ്പീരിയർ ഡോ. മാത്യു വട്ടമറ്റം സിഎംഎഫ് ധ്യാനചിന്തകൾ പങ്കുവച്ചു. യൂറോപ്പിലെ വ്യത്യസ്തരാജ്യങ്ങളിൽ സേവനംചെയ്യുന്ന വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. റവ. ഡോ. ക്ലമന്റ് ചിറയത്ത്, റവ.ഡോ. ബാബു പാണാട്ടുപറന്പിൽ, റവ.ഡോ. ബിനോജ് മുളവരിക്കൽ, ഫാ. ജോർജ് ജേക്കബ് പുതുപ്പറന്പിൽ, ഫാ. ജോമി തോട്ട്യാൻ എന്നിവർ നേതൃത്വം നൽകി. യൂറോപ്പിലെ വ്യത്യസ്ത കമ്യൂണിറ്റികളിൽനിന്ന് ആളുകളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ഗൗരവമായ ചർച്ചകൾ നടത്തുകയും തുടർപ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ആവിലയിലെ അമ്മത്രേസ്യയുടെ ജന്മസ്ഥലം, സെഗോവിയായിലെ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തീർഥകേന്ദ്രം എന്നിവിടങ്ങളിലേക്കു തീർഥയാത്ര ഉണ്ടായിരുന്നു. തോളേദോയിലെ മാർത്ത്മറിയം കമ്യൂണിറ്റി, മാഡ്രിഡിലെ സെന്റ് തോമസ് കമ്യൂണിറ്റി എന്നിവർക്കൊപ്പം വിശുദ്ധ കുർബാനകളും ഉണ്ടായിരുന്നു.
Source link