സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാർക്ക് മുന്നറിയിപ്പ്: സർവ്വീസിൽ നിന്ന് പുറത്താക്കും
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. ഇത്തരക്കാരെ സർവീസിൽ നിന്നുതന്നെ നീക്കം ചെയ്യാൻ നടപടി വേണം. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം നിലവിൽ വരുന്ന പുതിയ നിയമസംഹിതകളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെ 38,000 ൽ പരം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ബാക്കിയുള്ളവർക്ക് ഉടൻ പരിശീലനം നൽകും.
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നത് തടയാനായി ജില്ലാപൊലീസ് മേധാവിമാർ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാനടപടികൾ നിശ്ചിതസമയത്തിനകം പൂർത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നൽകണം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പൊലീസ് മേധാവിമാർ കർശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളിൽ അന്വേഷണം ഊർജിതമാക്കണം. മോഷണവും വ്യക്തികൾക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളിൽ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
സൈബർ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, പോക്‌സോ കേസുകൾ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചർച്ച ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിൽ പങ്കു വഹിച്ച വിവിധ റാങ്കുകളിലെ പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അഭിനന്ദിച്ചു. എ.ഡി.ജി.പി മാരായ മനോജ് എബ്രഹാം, എം.ആർ. അജിത് കുമാർ, എച്ച്. വെങ്കടേഷ് എന്നിവരും ഐ.ജിമാർ, ഡി.ഐ.ജി മാർ, എസ് പി മാർ, ജില്ലാ പൊലീസ് മേധാവിമാർ, എ.ഐ.ജിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Source link