KERALAMLATEST NEWS

രാജ്യത്തെ ചരക്കുനീക്കത്തിന്റെ മുഖ്യഹബ്ബായി വിഴിഞ്ഞം മാറും,​ തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചതെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു , ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാദ്ധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി. ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാർഗനിർദ്ദേശങ്ങൾ പൂർത്തീകരിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്.

ഓഫീസ് സൗകര്യങ്ങൾ , കെട്ടിടങ്ങൾ,​ കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലിറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാദ്ധ്യമായതോടെയാണ് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഇനി സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


Source link

Related Articles

Back to top button