ക്യൂബയിൽ റഷ്യൻ പടക്കപ്പലുകൾ
ഹവാന: റഷ്യൻ പടക്കപ്പലും അന്തർവാഹിനിയും അഞ്ചുദിവസത്തെ സന്ദർശനത്തിനായി ക്യൂബയിലെത്തി. അഡ്മിറൽ ഗോർഷ്കോവ് എന്ന പടക്കപ്പൽ, ആണവശക്തിയിൽ പ്രവർത്തിക്കുന്ന കസാൻ അന്തർവാഹിനി, ഇന്ധന കപ്പൽ, ടഗ് ബോട്ട് എന്നിവയാണ് ഹവാനയിൽ നങ്കൂരമിട്ടത്. 21 ഗൺ സല്യൂട്ട് നല്കിയാണു ക്യൂബ സ്വീകരിച്ചത്. ഹൈപ്പർസോണിക്, ക്രൂസ് മിസൈലുകൾ വഹിക്കുന്ന കപ്പലുകൾ ക്യൂബയിലേക്കുള്ള യാത്രാ മധ്യേ അറ്റ്ലാന്റിക് സമുദ്രത്തിൽ പരിശീലനം നടത്തിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. പാശ്ചാത്യ ആയുധങ്ങൾ റഷ്യക്കുള്ളിൽ പ്രയോഗിക്കാൻ യുക്രെയ്ന് അമേരിക്ക അനുവാദം നല്കിയതിനു പിന്നാലെയാണു റഷ്യൻ നാവികസേനയുടെ അസാധാരണ നീക്കമുണ്ടായത്. യുഎസ് നാവിക-വ്യോമതാവളം സ്ഥിതി ചെയ്യുന്ന ഫ്ലോറിഡയിലെ കീവെസ്റ്റിൽനിന്ന് 160 കിലോമീറ്റർ ദൂരമേ ഹവാനയിലേക്കുള്ളൂ. അതേസമയം, റഷ്യൻ നീക്കത്തിന് യുഎസ് വലിയ പ്രാധാന്യം നല്കിയിട്ടില്ല. ശീതയുദ്ധത്തിനിടെ തുർക്കിയിൽ യുഎസ് മിസൈലുകൾ സ്ഥാപിച്ചതിനു മറുപടിയായി സോവ്യറ്റ് യൂണിയൻ 1962ൽ ക്യൂബയിൽ മിസൈലുകൾ വിന്യസിക്കാൻ നടത്തിയ നീക്കം ആണവയുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു.
Source link