‘അവർ പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തു, ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു’; പന്തീരാങ്കാവ് കേസിൽ യുവതിയുടെ അഭിഭാഷകൻ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായിരുന്ന നവവധുവും പ്രതിയായ രാഹുൽ പി ഗോപാലും പ്രശ്‌നങ്ങൾ പറഞ്ഞുതീർത്തുവെന്ന് യുവതിയുടെ അഭിഭാഷകൻ. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു ഇരുവരും തന്നെ സമീപിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
‘അവർ ഒരുമിച്ചെടുത്ത തീരുമാനമാണ്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് യുവതി സത്യവാങ്‌മൂലം തയ്യാറാക്കിയതും നൽകിയതും. രണ്ടാഴ്‌ച മുൻപാണ് ഇരുവരും എന്നെ സമീപിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം സത്യവാങ്‌മൂലം നൽകുന്നതാണോയെന്ന് ഉറപ്പാക്കിയിരുന്നു. ഒരുമിച്ച് ജീവിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ചെറിയൊരു സൗന്ദര്യപിണക്കമായിരുന്നു എന്നും ഇരുവരുടെയും നിയന്ത്രണത്തിൽ നിന്ന് കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നുവെന്നുമാണ് അവർ പറഞ്ഞത്.
അവർ വലിയ സ്‌നേഹത്തിലാണ്. അവർ തമ്മിൽ പ്രശ്‌നമില്ല. യുവതി സമ്മർദ്ദത്തിന് വഴങ്ങിയാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് പറയുന്നത് ശരിയല്ല. കേസുമായി മുന്നോട്ട് പോകാൻ താത്‌പര്യമില്ലെന്നാണ് യുവതി പറയുന്നത്. യുവതി നേരിട്ടാണ് വക്കാലത്ത് നൽകിയത്. പരാതിയില്ലെന്നും വീട്ടുകാരുടെയും ചുറ്റുമുള്ളവരുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് പരാതി നൽകിയതെന്നുമാണ് യുവതി പറയുന്നത്’- അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, മകളുടെ തുറന്നുപറച്ചിലിന് പിന്നിൽ ഭർത്താവ് രാഹുലിന്റെ ഭീഷണിയുണ്ടെന്നാണ് നവവധുവിന്റെ പിതാവ് പറവൂർ മാല്യങ്കര സ്വദേശി ഹരിദാസ് ആരോപിക്കുന്നത്. മൊഴിമാറ്റിച്ച് രക്ഷപ്പെടാനാണ് രാഹുലിന്റെ ശ്രമം. മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
താൻ സുരക്ഷിതയാണെന്നും നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കി വധുവിന്റെ രണ്ടാമത്തെ വീഡിയോ തിങ്കളാഴ്ച രാത്രി ഇറങ്ങിയിരുന്നു. രാഹുലിനും കുടുംബത്തിനുമെതിരായ കേസ് വ്യാജമാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം 29ന് ഹൈക്കോടതിയിൽ യുവതി നൽകിയ സത്യവാങ്മൂലവും പുറത്തുവന്നു.
Source link