മാർപാപ്പ നാളെ ജി-7 ഉച്ചകോടിയിൽ പ്രസംഗിക്കും
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നാളെ ജി-7 ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇറ്റലിയിൽ നടക്കുന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയ ലോക നേതാക്കൾ മാർപാപ്പയുടെ ശ്രോതാക്കളായിരിക്കും. ഇതാദ്യമായാണ് ഒരു മാർപാപ്പ ജി-7 ഉച്ചകോടിയിൽ പ്രസംഗിക്കുന്നത്. നിർമിതബുദ്ധിയെക്കുറിച്ചായിരിക്കും മാർപാപ്പയുടെ പ്രസംഗമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. മനുഷ്യന്റെ ദുരിതങ്ങൾ അകറ്റുന്ന സാങ്കേതികവിദ്യകളെ മാർപാപ്പ എന്നും സ്വാഗതം ചെയ്തിട്ടുള്ളതാണ്. എന്നാൽ വ്യാജപ്രചാരണത്തിനും തെരഞ്ഞെടുപ്പുകളിൽ ഇടപെടാനും നിർമിതബുദ്ധിയെ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ജപ്പാനിൽ നടന്ന ജി-7 ഉച്ചകോടിയിൽ നിർമിതബുദ്ധിയുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗത്തിനായി പ്രവർത്തകസമിതി രൂപവത്കരിച്ചിരുന്നു. ഈ വർഷത്തെ ഉച്ചകോടിയിലും നിർമിതബുദ്ധി പ്രധാന വിഷയമാണെന്ന് ആതിഥേയ രാജ്യമായ ഇറ്റലി വ്യക്തമാക്കിയിരുന്നു. സന്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റെ ഉച്ചകോടി ഇന്ന് ആരംഭിച്ച് ശനിയാഴ്ച അവസാനിക്കും.
Source link