ഗാസ വെടിനിർത്തൽ കരാറിന് രക്ഷാസമിതി അംഗീകാരം
ന്യൂയോർക്ക്: ഗാസ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം. ഇതിനായി രക്ഷാസമിതിയിൽ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽനിന്ന് റഷ്യ വിട്ടുനിന്നപ്പോൾ ബാക്കി 14 അംഗങ്ങളും അനുകൂലിച്ചു. പൂർണ വെടിനിർത്തലും ബന്ദികളുടെ മോചനവും ഉൾപ്പെടുന്ന പദ്ധതി കഴിഞ്ഞമാസം 31നാണ് ബൈഡൻ പ്രഖ്യാപിച്ചത്. ഇസ്രയേൽ അംഗീകരിച്ച പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചുവെന്നും ഹമാസ് കൂടി അംഗീകരിക്കണമെന്നും രക്ഷാസമിതി പ്രയേമം ആവശ്യപ്പെട്ടു. ഗാസയിൽ സ്ഥിരം വെടിനിർത്തൽ വേണമെന്ന് പിടിവാശിയുള്ള ഹമാസ് പദ്ധതി ഭാഗികമായി അംഗീകരിക്കുന്നുവെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ രക്ഷാസമിതി പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു. അതേസമയം, ഹമാസിന്റെ ഖത്തറിലുള്ള രാഷ്ട്രീയ നേതൃത്വം പദ്ധതിയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് യുഎസ്, ഇസ്രേലി ഉദ്യോഗസ്ഥർ പറഞ്ഞത്. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരെയും പരസ്പരം മോചിപ്പിക്കുന്ന ഒന്നാം ഘട്ടത്തോടെയാണ് പദ്ധതി ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ സ്ഥിരം വെടിനിർത്തലുണ്ടാവുകയും ഇസ്രേലി സേന ഗാസയിൽനിന്നു പിൻവാങ്ങുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനരുദ്ധാരണം ആരംഭിക്കും. അതേസമയം ഹമാസിനെ ഉന്മൂലനം ചെയ്യാതെ വെടിനിർത്തുന്നതിനോട് ഇസ്രേലി നേതൃത്വത്തിലെ ചിലർക്കും എതിർപ്പുണ്ട്. നാല് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു ടെൽ അവീവ്: തിങ്കളാഴ്ച തെക്കൻ ഗാസയിൽ ഹമാസ് തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. സൈനികർ മരിക്കാനിടയായ സാഹചര്യം ഇസ്രേലി സേന വ്യക്തമാക്കിയില്ല. അതേസമയം റാഫ നഗരത്തിലെ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിലാണ് മരണമെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴുപേർക്ക് പരിക്കേറ്റെന്നും അഞ്ചുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റാഫയിൽ ഷാബുര അഭയാർഥി ക്യാന്പിലെ വീട്ടിൽ സ്ഥാപിച്ച ബോംബ് കെണിയിൽപ്പെട്ട് ഇസ്രേലി സേനാംഗങ്ങൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഹമാസിന്റെ അൽഖ്വാസം ബ്രിഗേഡ് തിങ്കളാഴ്ച വൈകിട്ട് അറിയിച്ചിരുന്നു. ഇസ്രേലി സേന ഗാസയിൽ നടത്തുന്ന പ്രത്യാക്രമണത്തിനിടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ എണ്ണം ഇതോടെ 298 ആയി.
Source link