KERALAMLATEST NEWS

‘നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി’;​ രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ലോക്‌‌സഭാ തിരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെ പിണറായി സർക്കാരിനെ വിമർശിച്ച മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്‌തിയുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും സുധാകരൻ വ്യക്തമാക്കി.

‘ മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിൽ എത്തിയത്.

ഒരാൾ വിചാരിച്ചാൽ മാത്രം എല്ലാവരെയും അടക്കിനിർത്താൻ കഴിയില്ല. വീഴ്ച വന്നാൽ പറയണം. എന്തിനാണ് പേടിക്കുന്നത്. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നത്. ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ട്’, സുധാകരൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നുവെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button