വാത്സല്യത്തിൽ നളിനിയായി; നായികയായി നിന്നിരുന്നെങ്കിൽ ചിലപ്പോൾ നായികാ വേഷങ്ങൾ ഒരുപാട് ചെയ്യാൻ കഴിഞ്ഞേനെ
ഏറെ നാളുകൾക്കുശേഷം ടർബോ എന്ന ചിത്രത്തിൽ നിറയെ സ്നേഹവുമായി മമ്മൂട്ടിയുടെ അമ്മ വേഷത്തിൽ എത്തി മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ബിന്ദു പണിക്കർ. അമ്മ വേഷത്തിൽ വിജയ മുന്നേറ്റം നടത്തുന്നതിനെപ്പറ്റി ബിന്ദു പണിക്കർ സംസാരിക്കുന്നു.
ടർബോയിലെ റോസക്കുട്ടിയെയും റോഷാക്കിലെ സീതയെയും അവതരിപ്പിച്ചപ്പോൾ ആരാണ് പെട്ടെന്ന് ഇണങ്ങിയത്?
രണ്ടുപേരും വ്യത്യസ്തമായ അമ്മ വേഷം തന്നെയാണ്. ഇവരിൽ ആരാണ് പെട്ടെന്ന് ഇണങ്ങിയതെന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. കാരണം സീത വേറെയൊരു സ്വഭാവമുള്ള അമ്മയാണ്. റോസക്കുട്ടി കുറച്ചു കൂടി വയസായ അമ്മയും. അപ്പോൾ ഞാൻ രണ്ട് കുടുംബങ്ങളിലേക്ക് പോയി എന്നേ എനിക്ക് പറയാൻ കഴിയു. സീതയുടെ കഥാപാത്രത്തിന്റെ സാഹചര്യം വ്യത്യസ്തമായിരുന്നു. സ്വാർത്ഥതയും മക്കളോടുള്ള സ്നേഹക്കൂടുതലും ഒക്കെ അനുഭവിക്കുന്ന സ്ത്രീ ആയിരുന്നു സീത. മക്കളെ സ്നേഹിക്കാനും സമൂഹത്തിൽ നല്ല രീതിയിൽ നിൽക്കാനും ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നു എന്ന് സിനിമയിൽ കാണാം. ഭയങ്കര അഭിമാനത്തോടെയും മക്കളെ ആർക്കും വിട്ടുകൊടുക്കാതെയും നിൽക്കുന്ന കഥാപാത്രം. ടർബോയിൽ ഒരു വലിയ ദുരന്തത്തിന് ശേഷം മകനെ വളർത്തിക്കൊണ്ട് വരുന്ന അമ്മയാണ് .
എന്നാൽ അമ്മയെ പേടിയാണ് മകന്. ആ പേടി എന്ന് പറയുന്നത് അമ്മയോടുള്ള അമിത സ്നേഹമാണ്. ടർബോ കാണുമ്പോൾ ഞാൻ ആലോചിച്ചു ഇങ്ങനെയുള്ള ഒരു മകന്റെ അമ്മയാവാൻ പറ്റുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ആ റോസക്കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമായി. ബസ് കണ്ടക്ടർ സിനിമയിൽ മമ്മൂക്കയുടെ ഉമ്മയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് അത് വലിയ രീതിയിൽ ഫീൽ തോന്നിയില്ല. ടർബോയിലെ അമ്മ മകനോടൊപ്പം ഒരുപാട് കാര്യങ്ങൾ തരണം ചെയ്തു പോകുന്ന ഒരാളാണ്. മമ്മൂക്കയുടെ കൂടെ ഇങ്ങനെ ഒരു വേഷം ചെയ്യാൻ പറ്റിയത് സന്തോഷമാണ്.റോസക്കുട്ടിക്കുവേണ്ടി പ്രത്യേകം പല്ല് വച്ചു. അപ്പോൾ മുഖത്ത് മാറ്രം വരികയും ഡയലോഗ് പ്രെസെന്റേഷൻ വ്യത്യസ്തമായി തോന്നുകയുമൊക്കെ ചെയ്യും. അങ്ങനെ ചെയ്തത് വളരെ നന്നായി എന്നാണ് തോന്നുന്നത്.
അഭിനയജീവിതത്തിൽ ഇത് രണ്ടാം ഇന്നിംഗ്സാണോ?
അറിയില്ല. കഥാപാത്രങ്ങൾ വരുന്നതിന് അനുസരിച്ചാണ് ചെയ്യുന്നത്. കുറെ കാലത്തിനുശേഷം റോഷാക്കിലെ സീത, ടർബോയിലെ റോസക്കുട്ടി പോലെ ശക്തമായ വേഷങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. അത്തരം വേഷങ്ങളാണ് ഏതൊരു കലാകാരിയും ആഗ്രഹിക്കുന്നത്. മധുര മനോഹര മോഹത്തിലും വ്യത്യസ്തമായ അമ്മ വേഷമാണ്. റോഷാക്കിന് ശേഷം പെട്ടെന്ന് മധുര മനോഹര മോഹത്തിലെ ഉഷാമ്മയിലേക്ക് പോയപ്പോൾ ഒരുപാട് സന്തോഷം തോന്നി. മാരിവില്ലിൻ ഗോപുരങ്ങളിൽ ഇന്ദ്രജിത്തിന്റെ അച്ഛനായി സായിചേട്ടനും ശ്രുതിയുടെ അമ്മയായി ഞാനുമാണ് അഭിനയിച്ചത്. ആ കഥാപാത്രങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ കഴിഞ്ഞതിലും അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിലും ഒരുപാട് സന്തോഷമുണ്ട്. അടുത്തകാലത്തൊന്നും അത്തരം കഥാപാത്രങ്ങൾ തേടി വന്നില്ല.മുൻപ് സൂത്രധാരനിൽ ദേവുമ്മ എന്ന കഥാപാത്രം എനിക്ക് കിട്ടിയ വലിയ ഭാഗ്യം തന്നെയാണ്. ചേച്ചി, അമ്മ, അനിയത്തി കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ കിട്ടിയ വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു അത്.ലോഹിതദാസ് സാറിന്റെ ചിത്രങ്ങളിലാണ് ഞാൻ കൂടുതലും ശക്തമായ കഥാപാത്രങ്ങൾ ചെയ്തത്.
ഇപ്പോഴത്തെ സിനിമയിൽ അമ്മയെ കാണാനില്ലെന്ന് കേൾക്കുമ്പോഴും ശക്തമായ കഥാപാത്രങ്ങൾ ഉണ്ടാകുന്നില്ലേ ?
അമ്മ വേഷമുള്ള കുടുംബ പശ്ചാത്തലത്തിലെ സിനിമകളാണ് പണ്ട് മലയാളത്തിൽ കൂടുതലും ഇറങ്ങിയിരുന്നത്. കവിയൂർ പൊന്നമ്മ ചേച്ചി, സുകുമാരി ചേച്ചി, മീനാമ്മ, ലളിത ചേച്ചി തുടങ്ങിയവരാണ് അമ്മ വേഷങ്ങൾ നിറഞ്ഞാടിയത്. പിന്നീട് ഇറങ്ങിയ സിനിമകളിൽ അമ്മ വേഷങ്ങൾ കുറവായിരുന്നു. ഞാൻ ഉൾപ്പടെ ഒരുപാട് പേർ അതിൽ പരാതി പറഞ്ഞിട്ടുണ്ട്. ’അമ്മാ”എന്ന് നീട്ടിവിളിക്കുമ്പോൾ ’ആ മോനേ” എന്ന ശബ്ദം മാത്രം കേൾക്കുന്ന സിനിമകളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ശക്തമായ അമ്മ വേഷങ്ങങ്ങൾ വരുന്നുണ്ട്. എങ്കിലും ഇനിയും വരണം എന്നുതന്നെയാണ് ഞാൻ പറയുന്നത്. അത്തരം എഴുത്തുകാരുണ്ടാകുക, അത്തരം കഥകൾ കിട്ടുക, അതിൽ നമ്മളെ പോലെയുള്ളവർക്ക് അഭിനയിക്കാൻ ഭാഗ്യം കിട്ടുക എന്നതാണ് ഏറ്റവും വലിയ സന്തോഷം.
തുടക്കകാലത്ത് പ്രായക്കൂടുതലുള്ള കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിച്ച്ഫലിപ്പിക്കാൻ സാധിച്ചു?
അതൊക്കെ അങ്ങനെ സംഭവിച്ചു.ആദ്യമായി അഭിനയിച്ച കമലദളത്തിൽ മുരളി ചേട്ടന്റെ ഭാര്യയുടെ വേഷമാണ് ചെയ്തത്. മമ്മൂക്കയുടെ അമ്മാവന്റെ മകളുടെ വേഷമാണ് വാത്സല്യത്തിൽ ചെയ്തത്. എന്നേക്കാൾ പ്രായം കുറഞ്ഞ കഥാപാത്രം. വാനപ്രസ്ഥത്തിൽ ലാലേട്ടന്റെ അമ്മ വേഷം ചെയ്തു. ആ സമയത്ത് ഒരുപാട് കഥാപാത്രങ്ങൾ കടന്നുപോയിട്ടുണ്ട്. ആ കാലഘട്ടത്തിലെ നായികയായി നിന്നിരുന്നെങ്കിൽ ചിലപ്പോൾ നായിക വേഷങ്ങൾ ഒരുപാട് ചെയ്യാൻ കഴിഞ്ഞേനെ. ആദ്യത്തെ സിനിമയിൽ തന്നെ സഹനടിയുടെ വേഷമാണ് ചെയ്തത്. പിന്നെയത് തുടർന്നുകൊണ്ട് പോയി. അതൊരു ഭാഗ്യമായി കരുതുന്നു. ഇപ്പോഴും അത്തരം വേഷങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടല്ലോ. എനിക്ക് കിട്ടിയ വേഷങ്ങളെല്ലാം നന്നായി അഭിനയിക്കാൻ ശ്രമിച്ചു.എങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചു എന്നുചോദിച്ചാൽ ഉത്തരമില്ല. എല്ലാം ദൈവാനുഗ്രഹം.
കോമഡി വേഷങ്ങൾ വഴങ്ങുമെന്ന് എപ്പോഴാണ് തിരിച്ചറിയുന്നത് ?
അമ്മയുടെയും ചേച്ചിയുടെയും അത്യാഗ്രഹമുള്ള സഹോദരിയുടെയും വേഷങ്ങൾ അവതരിപ്പിച്ചു വരുമ്പോഴാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ചെയ്യുന്നത്. ലൊക്കേഷനിൽ ചെന്നപ്പോഴാണ് അറിയുന്നത് ഇതൊരു കോമഡി സിനിമയാണെന്ന്. പെട്ടെന്ന് ഞാൻ ഭയന്നു. മറ്റുള്ളവരുടെ കോമഡി കേട്ട് ചിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് കോമഡി ചെയ്യാൻ അറിയില്ലെന്ന് ഞാൻ പറഞ്ഞു. ഹാസ്യ കലാകാരന്മാർക്ക് സമയോചിതമായി നർമം നിറഞ്ഞ ഡയലോഗുകൾ പറയാൻ അറിയണം. എന്റെ മുന്നിലുള്ള എല്ലാരും ഒരുപാട് അഭിനയ സമ്പത്തുള്ള കലാകാരന്മാരായിരുന്നു. പിന്നെ ജഗതി ചേട്ടന്റെ ഭാര്യയായി അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ അടുത്തുനിന്നു തന്നെ ഒരുപാട് പഠിച്ചു. സിനിമാ ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ടിവിയിൽ വന്നപ്പോൾ നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴും ആ സിനിമയിലെ സീനുകൾ പ്രസിദ്ധമാണ്. അപ്പോഴാണ് എന്നെക്കൊണ്ടും ഹാസ്യ വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് മനസിലായത്. ഈ വേഷം ഞാൻ ചെയ്താൽ നന്നായിരിക്കും എന്ന വിശ്വാസം രാജസേനൻ സാറിന് എങ്ങനെയാണ് ഉണ്ടായതെന്ന് ചിന്തിച്ചിട്ടുണ്ട്.
Source link