എജ്ജാതി എൻഡ്രിക്
ടെക്സസ്: ജൂണിയർ പെലെ എന്ന വിശേഷണം ഇതിനോടകം സ്വന്തമാക്കിയ എൻഡ്രിക്കിന്റെ ലേറ്റ് ഗോളിൽ ബ്രസീലിനു ജയം. 2024 കോപ്പ അമേരിക്ക സന്നാഹ മത്സരത്തിൽ ബ്രസീൽ 3-2ന് മെക്സിക്കോയെ കീഴടക്കി. 90+6-ാം മിനിറ്റിൽ പതിനേഴുകാരനായ എൻഡ്രിക് നേടിയ ഹെഡർ ഗോളിലായിരുന്നു കാനറികളുടെ ജയം. ബ്രസീലിനായി എൻഡ്രിക്കിന്റെ മൂന്നാം ഗോളാണിത്. കരുത്തരായ ഇംഗ്ലണ്ട്, സ്പെയിൻ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങളിലും ഈ പതിനേഴുകാരൻ ഗോൾ നേടിയിരുന്നു. എൻഡ്രിക് നേടിയ മൂന്ന് ഗോളിൽ രണ്ട് എണ്ണവും ബ്രസീലിന്റെ ജയം നിശ്ചയിച്ചതായിരുന്നു എന്നതും ശ്രദ്ധേയം. ബ്രസീൽ ക്ലബ്ബായ പാൽമീറസിൽനിന്ന് അടുത്ത സീസണിൽ സ്പാനിഷ് ലാ ലിഗ വന്പന്മാരായ റയൽ മാഡ്രിഡിലേക്ക് എൻഡ്രിക് ചേക്കേറും. ആൻഡ്രിയാസ് പെരേര (5’), ഗബ്രിയേൽ മാർട്ടിനെല്ലി (54’) എന്നിവരുടെ ഗോളിൽ 2-0ന് ലീഡ് നേടിയ ബ്രസീലിനെതിരേ ജൂലിയൻ ക്വിനോണ്സ് (73’), ഗില്ലെർമോ മാർട്ടിനെസ് (90+2’) എന്നിവരിലൂടെ മെക്സിക്കോ സമനിലയിൽ എത്തി. തുടർന്നായിരുന്നു 61-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ എൻഡ്രിക്കിന്റെ ഗോളിൽ ബ്രസീൽ ജയം സ്വന്തമാക്കിയത്.
Source link