ഡാനിഷ് പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടു
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ വനിതാ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനു നേർക്ക് ആക്രമണം. കോപ്പൻഹേഗൻ നഗരത്തിലൂടെ അവർ നടക്കവേ എതിരേ വന്ന അക്രമി തള്ളിയിടാൻ നോക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ കഴുത്ത് ഉളുക്കിയതായി അവരുടെ ഓഫീസ് അറിയിച്ചു. മുപ്പത്തൊന്പതുകാരനായ അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങളോ ആക്രമണത്തിനുള്ള പ്രേരണയോ പോലീസ് വ്യക്തമാക്കിയിട്ടില്ല. മെറ്റെ ഫ്രെഡറിക്സൺ കോപ്പൻഹേഗനിലെ ഓൾഡ് ടൗണിലുള്ള ചത്വരത്തിലൂടെ നടന്നുപോകുന്പോഴായിരുന്നു സംഭവം. അക്രമി അവരുടെ തോളിൽ ശക്തമായി തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീഴാൻ പോയ ഫ്രെഡറിക്സൺ അടുത്തുള്ള കഫേയിൽ പോയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിലെ അംഗവും ഒരു പോലീസുകാരനും ചേർന്ന് അക്രമിയെ കീഴടക്കി. ഇന്നലത്തന്നെ ഇയാളെ കോടതിയിൽ ഹാരാക്കി. ഒരു മാസം മുന്പ് സ്ലൊവാക് പ്രധാനമന്ത്രി റോബർട്ട് ഫിയോ അനുയായികളെ അഭിവാദ്യം ചെയ്യവേ വെടിയേറ്റു വീണിരുന്നു. ഗുരുതരാവസ്ഥയിലായ ഫിസോ ശസ്ത്രക്രിയയിലൂടെയാണ് അപകടനില തരണം ചെയ്തത്.
Source link