ഇന്ത്യ x പാക്കിസ്ഥാൻ ലോകകപ്പ് പോരാട്ടം ഇന്നു രാത്രി എട്ടിന്
ന്യൂയോർക്ക്: ക്രിക്കറ്റ് മൈതാനത്തെ രൗദ്രഭാവം ഇന്ന്. എക്കാലത്തെയും വലിയ അയൽവാശിയുടെ സിക്സും ബൗണ്ടറിയും റണ്ണൊഴുക്ക് തീർക്കുന്പോൾ 22 യാർഡ് പിച്ച് പോർമുഖമായി മാറും, വിക്കറ്റിനായി കൊതിക്കുന്ന പന്തുകളെ വേലിക്കെട്ടിനു പുറത്തേക്ക് പറഞ്ഞയയ്ക്കുന്ന പോരാളികൾ ബാറ്റേന്തുന്ന പോരാട്ടം. ഐസിസി ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം ഇന്ന് രാത്രി എട്ടിന്. ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ജയിച്ച ഇന്ത്യ, പാക്കിസ്ഥാനെതിരേയും വെന്നിക്കൊടി പാറിക്കാനാണ് തയാറെടുക്കുന്നത്. മറുവശത്ത്, സഹ ആതിഥേയരായ അമേരിക്കയ്ക്കു മുന്നിൽ സൂപ്പർ ഓവറിൽ തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് പാക്കിസ്ഥാൻ. ഇന്ത്യക്കെതിരേയും പരാജയപ്പെട്ടാൽ സൂപ്പർ എട്ട് എന്ന പാക് സ്വപ്നത്തിന് ക്ഷീണം തട്ടും. ബുംറ Vs ബാബർ അസം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും പാക് ക്യാപ്റ്റൻ ബാബർ അസവും തമ്മിലുള്ള കൊന്പുകേർക്കലാണ് ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. 2021 ലോകകപ്പിൽ ദുബായിൽവച്ച് മാത്രമാണ് ഇരുവരും ട്വന്റി-20 വേദിയിൽ ഏറ്റുമുട്ടിയത്. അന്ന് പാക്കിസ്ഥാൻ 10 വിക്കറ്റിന്റെ ജയം നേടിയിരുന്നു. മൂന്ന് ഓവറിൽ 0/22 എന്നതായിരുന്നു ബുംറയുടെ ബൗളിംഗ്. 2021 ലോകകപ്പിൽ നേടിയ 68 നോട്ടൗട്ടാണ് ട്വന്റി-20യിൽ ബാബർ അസമിന്റെ ഇന്ത്യക്കെതിരായ ഉയർന്ന സ്കോർ. മറ്റൊരു ട്വന്റി-20യിലും ഇന്ത്യക്കെതിരേ 15ൽ കൂടുതൽ റണ്‍സ് നേടാൻ അസമിനു സാധിച്ചിട്ടില്ല. പാക്കിസ്ഥാനെതിരേ 6.20 ഇക്കോണമിയിൽ രണ്ട് വിക്കറ്റ് ബുംറയ്ക്കുണ്ട്. പവർപ്ലേയിൽ ബുംറയുടെ മാസ്മരികതയ്ക്കു മുന്നിൽ ബാബർ അസം അടക്കമുള്ള പാക് ബാറ്റർമാർക്കു പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്നതാണ് ചോദ്യം. പവർപ്ലേയിൽ 6.12 ഇക്കോണമിയിൽ 23 വിക്കറ്റ് ട്വിന്റി-20 ക്രിക്കറ്റിൽ ബുംറയ്ക്കുണ്ട്. രോഹിത് Vs ഷഹീൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പാക് പേസർ ഷഹീൻ അഫ്രീദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്നത്തെ മറ്റൊരു ശ്രദ്ധേയ പോയിന്റ്. അയർലൻഡിന് എതിരേ 37 പന്തിൽ 52 റണ്‍സ് നേടിയ രോഹിത് റിട്ടയേർഡ് ഔട്ട് ആകുകയായിരുന്നു. രോഹിത്തിനെ ഇതിനു മുന്‍പുള്ള രണ്ട് ഏറ്റുമുട്ടലിലും ഷഹീൻ പുറത്താക്കിയിട്ടുണ്ട്. 2021 ട്വന്റി-20 ലോകകപ്പിൽ രോഹിത്തിനെ പൂജ്യത്തിനു പുറത്താക്കിയ ചരിത്രവും ഷഹീനു സ്വന്തം. ഇടംകൈ പേസർമാർക്കു മുന്നിൽ രോഹിത് 73 ഇന്നിംഗ്സിനിടെ 21 തവണ പുറത്തായിട്ടുണ്ട്. അതിൽ 14 തവണയും പവർപ്ലേയിലായിരുന്നു ഔട്ടായത്. 2024 ഐപിഎല്ലിലും ഇടംകൈ പേസർമാർ രോഹിത്തിനെ 13 ഇന്നിംഗ്സിനിടെ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. ഷഹീന് ഒപ്പം മുഹമ്മദ് ആമിർ, നസീം ഷ, ഹാരിസ് റൗഫ് എന്നിവരും പാക് പേസ് ആക്രമണത്തിനു ചുക്കാൻ പിടിക്കും. രോഹിത് ശർമ – വിരാട് കോഹ്ലി ഓപ്പണിംഗ് അടക്കമുള്ള ഇന്ത്യൻ ബാറ്റിംഗ് നിര ഈ ആക്രമണം ചെറുത്തുനിൽക്കുന്നതിന് അനുസരിച്ചാണ് മത്സരഗതി നിർണയിക്കപ്പെടുക. പിച്ചും ഔട്ട്ഫീൽഡും നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. അപ്രതീക്ഷിത ബൗൾസും സ്വിംഗുമായി ബാറ്റർമാരെ കുഴപ്പത്തിലാക്കുന്നതാണ് ഈ പിച്ച്. മാത്രമല്ല, ഔട്ട്ഫീൽഡ് വേഗം കുറഞ്ഞതുമാണ്. കാനഡ x അയർലൻഡ് വരെയുള്ള ആദ്യ മൂന്ന് മത്സരങ്ങളിലുമായി രണ്ട് ഇന്നിംഗ്സ് മാത്രമാണ് 100 കടന്നത്. 500നരികെ കോഹ്ലി പാക്കിസ്ഥാനെതിരേ ട്വന്റി-20 ക്രിക്കറ്റിൽ 500 റണ്‍സ് എന്ന നാഴികക്കല്ലിനരികെയാണ് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. 12 റണ്‍സ് കൂടി നേടിയാൽ ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടചരിത്രത്തിൽ 500 റണ്‍സ് നേടുന്ന ആദ്യതാരമാകും കോഹ്ലി. അഞ്ച് ട്വന്റി-20 ലോകകപ്പിൽനിന്ന് പാക്കിസ്ഥാനെതിരേ കോഹ്ലി 308 റണ്‍സ് നേടിയിട്ടുണ്ട്. ലോകകപ്പ് ഗ്രൂപ്പ് എയിൽ അയർലൻഡിന് എതിരായ ആദ്യമത്സരത്തിൽ ഒരു റണ്‍ മാത്രമായിരുന്നു കോഹ്ലി നേടിയത്.
Source link