KERALAMLATEST NEWS

ഇന്ത്യക്കാരുടെ യാത്രകൾ അടിമുടി മാറുന്നു; വരുന്നു 250 കി.മീ വേഗത്തിൽ പായുന്ന ‘സൂപ്പർ ട്രെയിനുകൾ’, നിർമ്മാണം ചെന്നൈയിൽ

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 – 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്റ്റീൽ ബോഡിയിൽ നിർമിക്കുന്ന ഈ ട്രെയിൻ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടും. എന്നാൽ, ഇന്ത്യയിൽ നിലവിലുള്ള ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ പരമാവധി 220 കിലോമീറ്റർ വേഗതയാവും ലഭിക്കുക. ഇത് സ്റ്റാൻഡേർഡ് ഗേജിലാകും നിർമിക്കുക. വന്ദേഭാരത് പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഈ ട്രെയിനുകൾക്ക് നിലവിലുള്ള മറ്റ് ട്രെയിനുകളേക്കാൾ വേഗത കൂടുതലായിരിക്കും.

എട്ട് കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഇവയെന്ന് റെയിൽവേ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി, രാജസ്ഥാനിൽ സ്റ്റാൻഡേർഡ് ഗേജ് ട്രെയിനുകൾക്കായി ഒരു ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾക്ക് ഇതിലൂടെ സഞ്ചരിക്കാനാകുമോ എന്ന പരീക്ഷണത്തിനായാണിത്. ഇവ ബ്രോഡ് ഗേജിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്ക് മാറ്റേണ്ടതുണ്ട്. ആഗോളതലത്തിൽ ഏറ്റവും സ്വീകാര്യമായ ഗേജ് ആണിത്.

അതേസമയം, ഇന്ത്യയിൽ ഇത്രയും വേഗത്തിൽ ഓടാൻ കഴിയുന്ന ട്രെയിനുകൾ നിലവിലില്ല. ഈ പ്രോജക്‌ട് വെല്ലുവിളിയായേക്കും എന്നാണ് വിഗദ്ധർ പറയുന്നത്. നിലവിൽ ഇന്ത്യയിലെ ട്രെയിനുകളിൽ ഏറ്റവുമധികം വേഗതയുള്ള വന്ദേഭാരത് ട്രെയിനുകൾക്ക് പോലും ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.

2025 മാർച്ചോടെ ട്രെയിനുകളുടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിന് നേതൃത്വം നൽകിയ ഐസിഎഫിന്റെ മുൻ ജനറൽ മാനേജർ സുധാൻഷു മണി പറഞ്ഞു. ഈ ട്രെയിൻ നിർമാണം വിജയിച്ചാൽ അത് പ്രധാനപ്പെട്ടൊരു നാഴികക്കല്ലായിരിക്കും. ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതെന്നും സുധാൻഷു മണി പറഞ്ഞു.


Source link

Related Articles

Back to top button