ഓടുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: ഓടുന്ന കാറിന് തീപിടിച്ച് ഓട്ടോമൊബൈൽസ് ഉടമ വെന്തുമരിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ മുൻ ഡ്രെെവർ കൂടിയായ ചേളന്നൂർ പുന്നശ്ശേരിയിൽ പി.മോഹൻദാസിനാണ് (68) ദാരുണാന്ത്യം.
ചെലപ്രം റോഡിൽ നീലകണ്ഠൻ ഓട്ടോമൊബൈൽസ് ഉടമയാണ്. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മോഹൻദാസ് ഓടിച്ചിരുന്ന വാഗൺആറിന് തീപിടിക്കുന്നത് കണ്ട വഴിയാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തി. റോഡരികിലേക്ക് കാർ ഒതുക്കുന്നതിനിടെ തീ ആളിപ്പടർന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങിയത് തടസമായി.
ബീച്ച് അഗ്നിശമനസേനയും വെള്ളയിൽ പൊലീസും സ്ഥലത്തെത്തി തീ അണച്ച് പുറത്തെടുത്തപ്പോൾ മരണം സംഭവിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ഷീല (പ്രിസം ലോൺട്രി, ഇടുക്കപ്പാറ). മക്കൾ: ഷിബിൻദാസ് ,അഞ്ജലി. മരുമക്കൾ: ശിഖ, അമ്യത്.
Source link