ഇന്ത്യ x പാക് പോരാട്ടത്തിന് ആശങ്കയായി “പിച്ചിൽ ഭൂതം! ‘
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ആവേശകരവും വാശിയേറിയതുമായ പോരാട്ടം നാളെ ന്യൂയോർക്ക് ഈസ്റ്റ് മെഡോയിലെ നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഈ ബ്ലോക്ബസ്റ്റർ പോരാട്ടം. പ്രാദേശിക സമയം രാവിലെ 10.30നാണ് (ഇന്ത്യൻ സമയം രാത്രി എട്ടിന്) മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയിൽ ആതിഥേയരായ യുഎസ്എയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ പാക്കിസ്ഥാന് ഈ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ ജയം നേടിയ ഇന്ത്യക്ക് സൂപ്പർ എട്ടിലേക്കുള്ള ചവിട്ടുപടിയായ ഈ പോരാട്ടത്തിനു മുൻപ് പിച്ചിനെക്കുറിച്ച് ആശങ്ക ഉയർന്നു. അപ്രതീക്ഷിത ബൗൾസും സ്വിംഗും എല്ലാമായി കളിക്കാരെ കുഴപ്പത്തിലാക്കുന്നതാണ് നസാവു പിച്ച് എന്നതാണ് വാസ്തവം. ഐസിസി കൈകൂപ്പി നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയവും പിച്ചും 2024 ട്വന്റി-20 ലോകകപ്പിനായി പ്രത്യേകം നിർമിച്ചതാണ്. അതുകൊണ്ടുതന്നെ കയ്ച്ചിട്ട് തുപ്പാൻ സാധിക്കാത്ത അവസ്ഥയിലാണ് ഐസിസി. എങ്കിലും പിച്ചിന്റെ സ്വഭാവം ലോകകപ്പ് പോലുള്ള ടൂർണമെന്റ് നടത്താൻ പറ്റുന്നതല്ലെന്ന് ഐസിസി പറയാതെ പറഞ്ഞു. “നമ്മൾ എല്ലാവരും ആഗ്രഹിച്ചതുപോലെയുള്ള സ്വഭാവമല്ല നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇതുവരെ ഉപയോഗിച്ച പിച്ചുകളിൽനിന്ന് ലഭിച്ചത് ”- ഐസിസി പ്രസ്താവനയിലൂടെ സമ്മതിച്ചു. രാജ്യാന്തര ടൂർണമെന്റുകളിൽ ഉപയോഗിക്കുന്ന ലോകത്തിലെ മറ്റേതേങ്കിലും പിച്ചാണ് ഇത്തരം സ്വഭാവം കാണിക്കുന്നതെങ്കിൽ ഐസിസി കടുത്ത നടപടി സ്വീകരിക്കുമായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ, യുഎസ്എ സഹആതിഥേയർ ആയതിനാലും ഈ പിച്ച് ഐസിസിയുടെ പ്രത്യേക താത്പര്യമായതിനാലും അങ്ങനെയൊന്നും ഇതുവരെ സംഭവിച്ചില്ല. പക്ഷേ, ഇന്ത്യ x പാക്കിസ്ഥാൻ മത്സരത്തിൽ പിച്ച് ഈ സ്വഭാവം കാണിച്ചാൽ കളിക്കാർക്ക് പരിക്കേൽക്കുമെന്നതിൽ തർക്കമില്ല. ബൗണ്‍സർ അപകടകരം അപ്രതീക്ഷിത ബൗണ്‍സും സ്വിംഗും എല്ലാമായി ഭൂതംകയറിയ രീതിയിലാണ് നസാവു പിച്ച്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ഗ്രൂപ്പ് ഡിയിലെ പോരാട്ടമാണ് ഇവിടെ ആദ്യമായി നടന്നത്. നാല് പിച്ചുകൾ ഉള്ളതിൽ ആദ്യത്തേതിലായിരുന്നു മത്സരം. ഇന്ത്യയും അയർലൻഡും തമ്മിൽ ഗ്രൂപ്പ് എയിലെ മത്സരമായിരുന്നു നസാവുവിലെ രണ്ടാം പോരാട്ടം. നാലാം നന്പർ പിച്ചിലായിരുന്നു മത്സരം അരങ്ങേറിയത്. ഇന്ത്യൻ ബാറ്റർമാരായ രോഹിത് ശർമയ്ക്കും ഋഷഭ് പന്തിനും അപ്രതീക്ഷിത ബൗണ്‍സിൽ ഏറു കൊണ്ടു. കൈയിൽ പന്ത് കൊണ്ടതിനെ തുടർന്ന് രോഹിത് റിട്ടയേർഡ് ഹർട്ടുമായി. മത്സരത്തിൽ അയർലൻഡിന്റെ ഹാരി ടെക്ടറിനും ഏറുകൊണ്ടു. ജസ്പ്രീത് ബുംറയുടെ ഷാർപ്പ് ബൗണ്‍സർ ടെക്ടറിന്റെ വിരലിൽ കൊള്ളുകയായിരുന്നു. ഇന്ത്യ x അയർലൻഡ് മത്സരത്തിനുശേഷം മുൻതാരം ആൻഡി ഫ്ളവർ അടക്കമുള്ളവർ പിച്ചിനെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. 100 കടക്കാത്ത ഇന്നിംഗ്സ് ശ്രീലങ്ക x ദക്ഷിണാഫ്രിക്ക, ഇന്ത്യ x അയർലൻഡ് മത്സരങ്ങളിൽ സ്കോർ 100 കടന്നില്ല എന്നതും വൻ വിമർശനങ്ങൾക്കു കാരണമായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.1 ഓവറിൽ 77നു പുറത്തായി. 16.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ജയം നേടി. ഇന്ത്യക്കെതിരേ 16 ഓവറിൽ അയർലൻഡ് 96ന് പുറത്ത്. 12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ജയത്തിലെത്തി. നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നാല് പിച്ചുകളാണുള്ളത്. അതിൽ ഒന്നിലും നാലിലുമാണ് ആദ്യ രണ്ട് മത്സരങ്ങൾ നടന്നത്. ഇന്ത്യ x പാക്കിസ്ഥാൻ അടക്കം ഈ ലോകകപ്പിലെ ആകെ എട്ട് മത്സരങ്ങളാണ് നസാവു സ്റ്റേഡിയത്തിൽ ഐസിസി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിച്ചിന്റെ സ്വഭാവം മാത്രമല്ല, ഔട്ട് ഫീൽഡ് സ്പീഡ് ഇല്ലാത്തതും ഇവിടുത്തെ റണ്ണൊഴുക്കിനെ ബാധിക്കുന്നു. അഡ്ലെയ്ഡിൽനിന്ന് എത്തിച്ച ഡ്രോപ്പ് ഇൻ പിച്ച്! ഇത്രയും ദൂരത്തുനിന്ന് ഒരു പിച്ച് മാറ്റിപ്രതിഷ്ഠിച്ച ചരിത്രം ഇല്ല എന്നതാണ് വാസ്തവം. കാരണം, ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽനിന്ന് കപ്പൽ മാർഗമാണ് നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് പിച്ചുകൾ എത്തിച്ചത്. കടൽ മാർഗവും കരമാർഗവുമായി 2000 കിലോമീറ്റർ സഞ്ചരിച്ചാണ് നസാവു കൗണ്ടി സ്റ്റേഡിയത്തിൽ പിച്ചുകൾ എത്തിയത്. ഡ്രോപ്പ് ഇൻ പിച്ച് (മാറ്റിപ്രതിഷ്ഠിക്കുക) ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാൽ, പരമാവധി അഞ്ച് കിലോമീറ്ററിൽ താഴെ മാത്രമാണ് പിച്ച് ഇത്തരത്തിൽ ട്രാൻസ്പോർട്ട് ചെയ്തിട്ടുള്ളത്. ►2021 നവംബർ: 2024 പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സഹ ആതിഥേയരായി ഐസിസി അമേരിക്കയെ അംഗീകരിക്കുന്നു. ►2022 നവംബർ-ഡിസംബർ: യുഎസ്എയിൽ മൂന്നാമത് ഒരു വേദികൂടി ഐസിസി അന്വേഷിക്കുന്നു. ലോസ് ആഞ്ചലസിലെ വുഡ്ലി പാർക്ക് നോക്കിയെങ്കിലും വേണ്ടെന്നുവച്ചു. ►2023 ജൂണ്‍: ന്യൂയോർക്കിലെ വാൻ കോർട്ലൻഡ് പാർക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നു. ഡ്രോപ്പ് പിച്ചിന്റെ സാധ്യതയ്ക്കായി അഡ്ലെയ്ഡ് ഓവൽ ടർഫ് സൊലൂഷൻ കന്പനിയെ ഐസിസി സമീപിക്കുന്നു. ►2023 ഓഗസ്റ്റ്-സെപ്റ്റംബർ: നസാവു കൗണ്ടിയെ വേദിയാക്കാൻ ഐസിസി തീരുമാനം. ►2023 നവംബർ 17: നസാവു കൗണ്ടിയിൽ എട്ട് ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ ഐസിസി പ്രാദേശിക ഭരണകൂടവുമായി കരാറിലെത്തി. ►2023 ഡിസംബർ: അഡ്ലെയ്ഡിൽനിന്ന് പിച്ചുകൾ ജോർജിയ വഴി ഫ്ളോറിഡയിൽ. പിച്ചുകൾക്ക് അവിടെ മൂന്ന് മാസം പരിചരണം. ►2024 ഫെബ്രുവരി 18: സ്റ്റേഡിയത്തിന്റെ പണികൾ ആരംഭിച്ചു. ►2024 മേയ്: പിച്ചുകൾ എത്തിച്ചു. നാല് പിച്ചുകൾ ഗ്രൗണ്ടിന്റെ മധ്യത്തിലും ആറ് എണ്ണം പരിശീലനത്തിനായി പ്രാക്ടീസ് ഏരിയയിലും പിടിപ്പിച്ചു. ►2024 മേയ് 31: സ്റ്റേഡിയം ഐസിസിക്ക് ഔദ്യോഗികമായി കൈമാറി. ഇന്ത്യ x ബംഗ്ലാദേശ് (ജൂണ്‍ 1) സന്നാഹ മത്സരത്തിന്റെ തലേന്നായിരുന്നു സ്റ്റേഡിയകൈമാറ്റം.
Source link