COPYഭാര്യാമാതാവിന്റെയും ഭാര്യാസഹോദരന്റെ കുഞ്ഞിന്റെയും ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവ് തീകൊളുത്തി
ചെറുതോണി: ഭാര്യാമാതാവിന്റെയും ഭാര്യാ സഹോദരന്റെ രണ്ടരവയസുള്ള കുഞ്ഞിന്റെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ഓടി രക്ഷപെട്ടു. പൈനാവ് 56 കോളനിയിൽ താമസിക്കുന്നെ കൊച്ചുമലയിൽ അന്നക്കുട്ടി (62), മകൻ ലിൻസിന്റെ മകൾ ലിയ (രണ്ടര) എന്നിവരുടെ ദേഹത്താണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷാണ് (45) തീ കൊളുത്തിയത്. സംഭവത്തിന് ശേഷം സന്തോഷിന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരൻ സുഗതന്റെ വീട്ടിലാക്കി ഫോൺ ഉപേക്ഷിച്ച് സന്തോഷ് ഒളിവിൽ പോവുകയായിരുന്നു. പൊള്ളലേറ്റ അന്നക്കുട്ടിയെയും ലിയയെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. പെട്രോളും ലൈറ്ററുമായാണ് സന്തോഷ് അന്നക്കുട്ടിയുടെ വീട്ടിലെത്തിയത്. ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുന്ന സന്തോഷിന്റെ ഭാര്യ പ്രിൻസിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടു. ഈ സമയം പേരക്കുട്ടിയായ ലിയയെ കൈയിൽ എടുത്ത് വീടിനുള്ളിലിരുന്ന അന്നക്കുട്ടി ഇതിനെ എതിർത്തു. പെട്ടെന്ന് തന്നെ സന്തോഷ് വീടിനകത്ത് കയറി അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അന്നക്കുട്ടി വീടിന് പുറത്ത് ചാടി ബഹളം വയ്ക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതിനിടയിൽ സന്തോഷ് ഓടി രക്ഷപെട്ടു. അന്നക്കുട്ടിയുടെ മുഖത്തും നെഞ്ചത്തും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയ്ക്ക് 20 ശതമാനവും പൊള്ളലുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കൾ വൈകിട്ട് അഞ്ചുമണിയോടെ സന്തോഷിന്റെ സഹോദരൻ സുഗതനും ജോഷി എന്നയാളും പങ്കാളിത്തത്തോടെ ചെറുതോണിയിൽ നടത്തുന്ന അമ്പാടി ഹോട്ടൽ അടിച്ച് തകർത്തു. ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്ലാസും പാകം ചെയ്ത് വച്ചിരുന്ന ആഹാര സാധനങ്ങളും ഹോട്ടൽ ഉപകരണങ്ങളും അടിച്ചു തകർത്തു.
Source link