KERALAMLATEST NEWS

ആലുവയിൽ യൂബർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂരമർദ്ദനം

#രക്തം ഛർദ്ദിച്ച് മെഡിക്കൽ കോളേജിൽ

ആലുവ: ആലുവ മെട്രോ സ്‌റ്റേഷനു മുന്നിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മർദ്ദനമേറ്റ യൂബർ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നത്തേരി തൈപറമ്പിൽ ഷാജഹാനാണ് തുടർച്ചയായി രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ചികിത്സ തേടിയത്.

മെട്രോ സ്റ്റേഷനു മുന്നിൽ ഓട്ടോ പാർക്ക് ചെയ്തതിന് ഷാജഹാനെ കഴിഞ്ഞയാഴ്ച മൂന്ന് ഡ്രൈവർമാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് പകർത്തിയ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. തുടർന്ന് സഹോദരി ജാസ്മിൻ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.

വീണ്ടും ആക്രമിക്കുമെന്ന് ഭയന്ന് സംഭവം ഷാജഹാൻ ആരോടും പറഞ്ഞിരുന്നില്ല. രക്തം ഛർദ്ദിച്ച് ആശുപത്രിയിലായപ്പോഴാണ് വീട്ടിലറിയിച്ചത്. ആദ്യം സമീപത്തെ ക്ളിനിക്കിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും ചികിത്സ നൽകിയ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

തോട്ടക്കാട്ടുകര സ്വദേശി ഉൾപ്പെടെ അക്രമി സംഘത്തിലുള്ള മൂന്ന് പേരും വീഡിയോ വൈറലായതോടെ മുങ്ങി. മെട്രോ സ്റ്റേഷന് മുന്നിൽ ഗതാഗതതടസമുണ്ടാക്കി രാഷ്ട്രീയക്കാരുടെ പിന്തുണയോടെ അനധികൃതമായാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇവിടെ യാത്രക്കാരെ ഇറക്കാനും കയറ്റാനും മറ്റ് വാഹനങ്ങൾ നിറുത്താൻ പോലും കഴിയാത്ത അവസ്ഥയാണ്.


Source link

Related Articles

Back to top button