ഇടിയും മിന്നലുമുള്ളപ്പോൾ മൂന്ന് വാഹനങ്ങൾ ഓടിക്കരുത്, മുന്നറിയിപ്പ്
കൊച്ചി: കാലവർഷം കേരളം തൊട്ടതിന് പിന്നാലെ, കാലവർഷക്കാറ്റിന്റെ സഞ്ചാരപാതയിൽ മാറ്റം. കേരളവുമായി ഒരു ബന്ധവുമില്ലാതെ, ശ്രീലങ്കയ്ക്ക് മുകളിലൂടെ കടന്ന് കിഴക്കൻ ഏഷ്യൻരാജ്യങ്ങളിലേക്ക് വീശുകയാണിപ്പോൾ. കാറ്റിന്റെ ഈ ഗതിമാറ്റമാണ് കാലവർഷത്തിൽ പൊതുവേ കാണാത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വഴിവച്ചത്. പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനക്കുറവും കിഴക്കൻകാറ്റിന്റെ സാന്നിദ്ധ്യവുമാണ് ഇടിമിന്നൽ മഴയ്ക്ക് കാരണം.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കാലവർഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്ത് ലഭിച്ചത്. ഇന്നലെ രാവിലെ മുതൽ മഴമാറി നിൽക്കുകയാണ്. കിഴക്കൻകാറ്റിന്റെ സ്വാധീനമുള്ളതിനാൽ കൂമ്പാര മേഘങ്ങൾ വ്യാപകമായി കാണപ്പെടുന്നുണ്ട്. മേഘവിസ്‌ഫോടനത്തിന് വരെ ഇടയാക്കാവുന്ന മഴയും ശക്തമായ ഇടിമിന്നലും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചിരുന്നു. ജില്ലയിലും ശക്തമായ ഇടിമിന്നലാണ് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്. പറവൂരിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റിരുന്നു.
അറബിക്കടലിൽ നിന്ന് വഴിമാറിപ്പോയ കാലവർഷക്കാറ്റ് വൈകാതെ പഴയ സഞ്ചാരപാതയിൽ തിരിച്ചെത്തും. തമിഴ്‌നാടിനോട് ചേർന്നും അറബിക്കടലിലും ചക്രവാതച്ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനമാണ് ഇപ്പോഴത്തെ വഴിമാറലെന്നാണ് കരുതുന്നത്. മുമ്പും ഈവിധം സംഭവിച്ചിട്ടുണ്ട്.- രാജീവൻ എരിക്കുളം
കാലാവസ്ഥാ വിദഗ്ദ്ധൻ
മിന്നലേറ്റാൽ 30സെക്കന്റ് നിർണ്ണായകം
ഇടിമിന്നലേറ്റാൽ ആദ്യ മുപ്പതു സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഇടിമിന്നലുകളിൽ 90 ശതമാനവും ആകാശത്ത് വച്ചുതന്നെ ഇല്ലാതാവും. 10 ശതമാനമാണ് ഭൂമിയിൽ നാശമുണ്ടാക്കുന്നത്.
പൊള്ളലേൽക്കാം
കാഴ്ചയോ കേൾവിയോ നഷ്ടമാവാം
ഹൃദയാഘാതം സംഭവിക്കാം
ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ
• കെട്ടിടത്തിനുള്ളിലേക്ക് മാറുക
• ജനലും വാതിലുമടച്ചിടുക
• ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്
• ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക
• ടെലിഫോൺ ഉപയോഗിക്കരുത്
• തുറസായ സ്ഥലത്തും ടെറസിലും നിൽക്കരുത്
• വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
• വാഹനത്തിനകത്ത് തന്നെ തുടരുക
• സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവ ഓടിക്കരുത്
• ഇടിമിന്നലുള്ള സമയത്ത് കുളി ഒഴിവാക്കുക
• ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ പാടില്ല
• പട്ടം പറത്തുന്നത് ഒഴിവാക്കുക.
• തുറസായ സ്ഥലത്ത് വളർത്തു മൃഗങ്ങളെ കെട്ടരുത്
Source link