ദക്ഷിണാഫ്രിക്കയിൽ സഖ്യകക്ഷിസർക്കാർ
ജോഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കയിൽ സഖ്യകക്ഷി സർക്കാർ രൂപീകരിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകളിലേക്കു കടന്നതായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി). മറ്റ് അഞ്ച് കക്ഷിനേതാക്കളുമായാണ് ചർച്ച. സഖ്യസർക്കാർ, അല്ലെങ്കിൽ സർക്കാർ രൂപീകരണത്തിനുള്ള പൊതുധാരണ എന്ന നിലയിലാണ് ആശയവിനിയമം. മൂന്നു പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന എഎൻസിക്കു പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതാണു സർക്കാർ രൂപീകരണത്തിനു വിലങ്ങുതടിയായത്. 40 ശതമാനം സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എഎൻസി മാറുകയും ചെയ്തു. മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് അലൈൻസ് ഉൾപ്പെടെ നാല് കക്ഷികളുമായാണു ചർച്ചയെന്ന് എഎൻസി വക്താവ് മഹ്ലെംഗി ഭെംഗു മോട്സിരി അറിയിച്ചു. മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ നേതൃത്വത്തിലുള്ള എംകെ പാർട്ടിയുമായി ചർച്ചകൾക്ക് ആവർത്തിച്ച് ശ്രമം നടത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല-അവർ വ്യക്തമാക്കി.
Source link