അവസാനം വരെ പൊരുതി, ഒടുവിൽ തോറ്റ രാജീവ് ചേട്ടനാണ് യഥാർത്ഥ ഹീറോ; രാജീവ് ചന്ദ്രശേഖറിന് ആശ്വാസപ്രവാഹം
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ അവസാനം നിമിഷം പൊരുതിവീണ എൻഡിഎയുടെ രാജീവ് ചന്ദ്രശേഖറിന് സഹതാപപ്രവാഹം. സോഷ്യൽ മീഡിയ പേജുകളിലാണ് രാജീവിനുള്ള സമാശ്വാസവാക്കുകൾ വ്യാപകമാകുന്നത്.
”അവസാനം വരെ പൊരുതി ഒടുവിൽ തോറ്റ രാജീവ് ചേട്ടനാണ് യഥാർത്ഥ ഹീറോ”, അടുത്ത തവണ രാജീവ് തിരുവനന്തപുരം പിടിക്കും, സുരേഷ് ഗോപി ചെയ്‌തത് പോലെ രാജീവും തിരുവനന്തപുരത്തെ കൈവിടാതെ അടുത്ത തവണ എടുക്കും”… തുടങ്ങി നിരവധിയാണ് കമന്റുകൾ.
എൽ.ഡി.എഫ് തുടർച്ചയായി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭ പരിധിയിലെ ഭൂരിപക്ഷം നിയമസഭ മണ്ഡലങ്ങളും തുണച്ചത് ബി.ജെ.പിയെയാണ്. എന്നാൽ തീരദേശ വാർഡുകളിലെല്ലാം ശശി തരൂരാണ് ലീഡ് നേടിയത്. നഗരസഭ പരിധിയിലെ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് തരൂർ ലീഡ് നേടിയത്. തീരദേശ മണ്ഡലങ്ങളിലെല്ലാം രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പി സ്ഥാനാർത്ഥിയാണ്.
എൽ.ഡി.എഫിന്റെ ജനപ്രതിനിധികളുള്ള കഴക്കൂട്ടം,വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനായിരുന്നു ലീഡ്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ രണ്ടാം സ്ഥാനത്തും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തുമായി. കഴക്കൂട്ടം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന് 10,842 വോട്ടിന്റെ ലീഡാണ്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യന് 16,062 വോട്ടിന്റെ കുറവാണ്. ശശി തരൂരാണ് ഇവിടെ രണ്ടാമത്. വട്ടിയൂർക്കാവിൽ 8,162 വോട്ട് ലീഡാണ് രാജീവിന് ലഭിച്ചത്. ഇവിടെ പന്ന്യന് 24,689 വോട്ട് പിന്നിലാണ്. ഇവിടെയും രണ്ടാം സ്ഥാനത്ത് തരൂരാണ്.
എൽ.ഡി.എഫ് ബി.ജെ.പിയിൽ നിന്ന് തിരിച്ചുപിടിച്ച മന്ത്രി വി.ശിവൻകുട്ടിയുടെ നേമം മണ്ഡലത്തിൽ 22,126 വോട്ടിന്റെ ലീഡാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്. ഇവിടെ 27,905 വോട്ട് കുറവാണ് മൂന്നാം സ്ഥാനത്തുള്ള പന്ന്യന്. ശശി തരൂരിന് ലീഡ് ലഭിച്ച മണ്ഡലമായ തിരുവനന്തപുരത്ത് പന്ന്യന് 21,220 വോട്ടിന്റെ കുറവാണുള്ളത്.
തരൂരിനെ തുണച്ചത്
തിരുവനന്തപുരം മണ്ഡലത്തിലെ വലിയതുറ, ബീമാപള്ളി, പൂന്തുറ, പാറശാലയിലെ കുന്നത്തുകാൽ, കാരക്കോണം, ആനപ്പാറ, കിളിയൂർ, വെള്ളറട, മുള്ളിലവുവിള, കോവളത്തെ കാഞ്ഞിരംകുളം, പുല്ലുവിള, പുതിയതുറ, പൂവാർ, അരുമാനൂർ, നെയ്യാറ്റിൻകരയിലെ വ്ളാത്താങ്കര, ആറയൂർ, തിരുപുറം, കുളത്തൂർ, പൊഴിയൂർ, അയിര, ഉച്ചക്കട, കാരോട് വാർഡുകളിലാണ് ശശിതരൂരിന് കൂടുതൽ പിന്തുണ കിട്ടിയത്.
Source link