KERALAMLATEST NEWS

മോദിയും തുണച്ചില്ല, കഴിഞ്ഞ തവണ സുരേന്ദ്രന് കിട്ടിയതിന്റെ അടുത്ത് പോലും എത്താതെ അനിൽ; പത്തനംതിട്ടയിൽ നാലാം തവണയും ആന്റോ തന്നെ

പത്തനംതിട്ട: സംസ്ഥാനത്ത് ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. സിറ്റിംഗ് എംപിയായ ആന്റോ ആന്റണിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഇടതുമുന്നണി പരിഗണിച്ചത് മുൻ മന്ത്രി തോമസ് ഐസക്കിനെയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെയാണ് എൻ ഡി എ കളത്തിലിറക്കിയത്.

ആന്റോ ആന്റണിയാണ് വിജയത്തോട് അടുക്കുന്നതെന്നാണ് അവസാന ഫലസൂചനകൾ സൂചിപ്പിക്കുന്നത്. ഐസക്കിനേക്കാൾ അമ്പതിനായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷമാണ് ആന്റോയ്ക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള അനിൽ ആന്റണിക്ക് രണ്ട് ലക്ഷം വോട്ട് പോലും ലഭിച്ചില്ല. സിപിഎമ്മിൽ പത്തനംതിട്ടയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റിയംഗമാണ് തോമസ് ഐസക്. അദ്ദേഹത്തിന്‌ മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെടുമെന്നായിരുന്നു പല സർവേകളും പ്രവചിച്ചത്.

ബിജെപി ഏറെ പ്രതീക്ഷയോടെ കണ്ട മണ്ഡലങ്ങളിലൊന്നുകൂടിയായിരുന്നു പത്തനംതിട്ട. അനിലിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പത്തനംതിട്ടയിൽ എത്തിയിരുന്നു. കൂടാതെ പി സി ജോർജിന്റെ പിന്തുണയുമുണ്ടായിരുന്നു. എന്നാൽ അതൊന്നും വിജയത്തെ സ്വാധീനിച്ചില്ലെന്നുവേണം കരുതാൻ. മൂന്നാം സ്ഥാനത്തുള്ള അനിൽ ആന്റണിക്ക് രണ്ട് ലക്ഷത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 2,97,000 വോട്ട് നേടിയിരുന്നു. സുരേന്ദ്രനേക്കാൾ വോട്ട് പിടിക്കാൻ അനിലിന് കഴിയുമെന്നുതന്നെയായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടൽ. എന്നാൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

സിറ്റിംഗ് എംപിയായ ആന്റോ ആന്റണി തുടർച്ചയായ നാലാം തവണയാണ് യു ഡി എഫ് കളത്തിലിറക്കിയത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ടയിലെ ആറൻമുള, കോന്നി, റാന്നി, തിരുവല്ല, അടൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട മണ്ഡലം. യു.ഡി.എഫിൽ കോൺഗ്രസിന്റെ സീറ്റാണ് പത്തനംതിട്ട.

മണ്ഡലം രൂപീകരിച്ച 2009 മുതൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും ആന്റോ ആന്റണിയാണ് വിജയക്കൊടി നാട്ടിയത്. ആദ്യ തവണത്തേപ്പോലെ ഈസി വാക്കോവർ ആയിരുന്നില്ല തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ. 2009ൽ ഒരു ലക്ഷത്തിലേറെ വോട്ടുകളായിരുന്നു ഭൂരിപക്ഷം. സി പി എമ്മിന്റെ കെ. അനന്തഗോപനായിരുന്നു ആന്റോ ആന്റണിയുടെ പ്രധാന എതിരാളി.

2014ൽ ആന്റോയുടെ ഭൂരിപക്ഷം അറുപതിനായിരത്തിൽ താഴെയായി കുറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസൂത്രകനായിരുന്ന ഫിലിപ്പോസ് തോമസ് രണ്ടാം വട്ടം എതിരാളിയായി. മുൻ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി നിർവാഹക സമിതിയംഗവുമയിരുന്ന ഫീലിപ്പോസിന് കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും നന്നായിട്ടറിയാം. ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ഇടതു സ്വതന്ത്രനായി മത്സരിച്ച ഫിലപ്പോസിലൂടെ കഴിഞ്ഞത് ഇടതുമുന്നണിക്ക് നേട്ടമായി. എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് അവരുടെ വോട്ടു ശതമാനം ഗണ്യമായി വർദ്ധിപ്പിച്ചു. 2014ൽഎം.ടി രമേശ് നേടിയ ഒന്നര ലക്ഷേത്തോളം വോട്ടുകൾ നേടി.

ശബരിമല വിഷയം വലിയ പ്രചരണമായി മാറിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇടതു സ്ഥാനാർത്ഥി വീണാജോർജും എൻ ഡി എ സ്ഥാനാർത്ഥി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ എതിരാളികൾ. തിളച്ചു മറിഞ്ഞ പോരിൽ ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത് അര ലക്ഷത്തിൽ താഴെ വേട്ടുകൾക്കാണ്. ശക്തരായ രണ്ട് എതിരാളികളെ പിന്നിലാക്കി ആന്റോ നേടിയ വിജയത്തിന് തിളക്കമേറെയായിരുന്നു. മണ്ഡലത്തിൽ എം.പി നടത്തിയ വികസന പ്രവർത്തനങ്ങളും മത സാമുദായിക വോട്ടു ബാങ്കും യു.ഡി.എഫിനെ തുണച്ചു.


Source link

Related Articles

Back to top button