ആ തീരുമാനം തെറ്റായി എന്ന് സംശയം, പുനർചിന്തനത്തിന് ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്
ആലപ്പുഴ : റോഡിൽ അഭ്യാസം കാണിക്കുന്നവർക്ക് നൽകുന്ന ‘നല്ല നടപ്പ് ‘ ശിക്ഷ പ്രതീക്ഷിക്കുന്ന ഫലം നൽകുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ തുടങ്ങിയതോടെ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
രണ്ടാഴ്ച മുമ്പ് കെ.പി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിലിലിരുന്ന് അപകടകരമായരീതിയിൽ സഞ്ചരിച്ച മൂന്ന് യുവാക്കളെ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലും പുനലൂർ ഗാന്ധിഭവനിലും നിർബന്ധിത സേവനത്തിന് അയച്ചിരുന്നു. എന്നാൽ, ആശുപത്രിയിൽ പൂർണസ്വാതന്ത്ര്യത്തോടെ പ്രതികൾ ശിക്ഷാകാലയളവ് ആസ്വദിച്ചെന്നാണ് വകുപ്പിന് ലഭിച്ച വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് സമാന രീതിയിലെ കുറ്റകൃത്യം കെ.പി റോഡിൽ ആവർത്തിച്ചത്. വിവാഹത്തിന് പോവുകയായിരുന്ന യുവാക്കളുടെ ഏഴംഗസംഘം യാത്രക്കിടെ തലയും ശരീരവും കാറിന് പുറത്തേക്കിട്ട് യാത്ര ചെയ്തു. ഈ ദൃശ്യം മോട്ടോർ വകുപ്പിന് പരാതിയായി ലഭിച്ചതോടെ രാത്രി 8.30ന് വാഹനം കണ്ടെത്തി പിടിച്ചെടുത്തു. ഓച്ചിറ മഴുപ്പയിൽ മർഫീൻ അബ്ദുൾ കരീം, മാഹിൻ അബ്ദുൾ കരീം, എരുവ ചാലേരിൽ ആഷിഖ്, കായംകുളം പണിപ്പുരതാഴ്ച്ചയിൽ ഷാമോൻ, എരുവ മരങ്ങാട്ട്തെക്കേതിൽ എ.ഹസ്സൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
‘നല്ല നടപ്പ്’ അറിഞ്ഞില്ലെന്ന് യുവാക്കൾ
1.ദിവസങ്ങൾക്ക് മുമ്പ് കാറിൽ അഭ്യാസം കാണിച്ച മൂന്ന് യുവാക്കൾക്ക് നൽകിയ നല്ല നടപ്പ് ശിക്ഷാനടപടികൾ അറിഞ്ഞിരുന്നില്ലെന്നാണ് ഞായറാഴ്ച പിടിയിലായ യുവാക്കൾ പറഞ്ഞത്
2.തങ്ങൾക്ക് മുമ്പേ സഞ്ചരിച്ച വാഹനത്തിൽ ചിലർ ഇത്തരം അഭ്യാസം കാണിച്ചിരുന്നതായും, അപ്പോഴുണ്ടായ ആവേശത്തിൽ ചെയ്തു പോയതാണെന്നും ഇവർ പറഞ്ഞു
3.ഏഴംഗസംഘത്തിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മറ്റുള്ളവർ 18നും20നും മദ്ധ്യേ പ്രായമുള്ളവരാണ്. കുറ്റം സമ്മതിച്ചതിനാൽ പൊലീസ് കേസ് ഒഴിവാക്കി
പരിശീലനം കടുപ്പം
വലിയകുറ്റകൃത്യം ചെയ്യുന്നവർക്ക് മാനസാന്തരത്തിന് വഴിയൊരുക്കുന്ന തരത്തിൽ കടുപ്പമേറിയ പരിശീലനം നൽകുന്ന മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഡ്രൈവിംഗ് ആൻഡ് ട്രാഫിക്ക് റിസർച്ചിലേക്കാണ് ഞായറാഴ്ച അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ അയക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയതായി സർട്ടിഫിക്കറ്റ് ഹാജരാക്കിയാലാകും പിടിച്ചെടുത്ത വാഹനം തിരിച്ചുനൽകുക. പരിശീലനത്തിൽ പരാജയപ്പെട്ടാൽ കടുത്ത നടപടികളിലേക്ക് കടക്കും.
പ്രതികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് പലപ്പോഴും പൊലീസ് കേസ് ഒഴിവാക്കുന്നത്. കുറ്റം ആവർത്തിക്കാതിരിക്കാനുള്ള മാനസാന്തരം ഉണ്ടാകുന്ന തരത്തിലെ പരിശീലനമാണ് ഉറപ്പുവരുത്തുന്നത് -എ.കെ.ദിലു, ആർ.ടി.ഒ
Source link