KERALAMLATEST NEWS

ചട്ടപ്പടി സമരം: പിന്മാറില്ലെന്ന് ലോക്കോ പൈലറ്റുമാർ

തിരുവനന്തപുരം: അർഹമായ വിശ്രമ സമയം ആവശ്യപ്പെട്ടുള്ള ചട്ടപ്പടി സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. സമരവുമായി മുന്നോട്ടുപോയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചതിനു പിന്നാലെയാണിത്.

തുടർച്ചയായ ജോലി 10 മണിക്കൂർ,​ ആഴ്ച വിശ്രമം 46 മണിക്കൂർ,,​ തുടർച്ചയായ നൈറ്റ് ഡ്യൂട്ടി രണ്ട് ദിവസം, 48 മണിക്കൂറിന് ശേഷം അതാത് കേന്ദ്രങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോക്കോ പൈലറ്റുമാർ ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തുന്നത്. സുരക്ഷ മുൻനിറുത്തി റെയിൽവെ ഉന്നതാധികാര സമിതിയും വിവിധ കോടതികളും നിർദ്ദേശിച്ച ഇക്കാര്യങ്ങൾ 2016ൽ അംഗീകരിച്ചതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

യാത്രാ സർവീസുകളെ ബാധിക്കാത്ത വിധത്തിലാണ് സമരം. ആവശ്യത്തിനുള്ള ജീവനക്കാർ ഇല്ലാത്തത് കാരണം ആഴ്ചയവധി പോലും നിഷേധിക്കപ്പെടുന്നു. ഹോം യൂണിറ്റിൽ നിന്ന് ജോലി ആരംഭിക്കുന്ന ഒരാൾക്ക് വിവിധ യൂണിറ്റുകളിലെ ജോലിക്ക് ശേഷം ഒരാഴ്ചയ്ക്ക് ശേഷമേ തിരിച്ച് വീട്ടിലെത്താനാവുന്നുള്ളു. തുടർച്ചയായി നാല് ദിവസത്തിലേറെ രാത്രി ഡ്യൂട്ടി ചെയ്യുന്നത് തങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല,​ ട്രെയിനുകളുടെ സുരക്ഷയെയും സാരമായി ബാധിക്കുന്നു.

സമരം ചട്ടവിരുദ്ധം; നടപടിയുണ്ടാകും

ലോക്കോ പൈലറ്റുമാർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ മിക്കവയും നടപ്പാക്കിയിട്ടുള്ളതാണെന്ന് റെയിൽവെ പറയുന്നു. ജോലി സമയം 11 മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയവധി 30 മണിക്കൂറും തുടർച്ചയായ നാല് ദിവസത്തെ രാത്രി ഡ്യൂട്ടിയും സംഘടനകളുമായി ചർച്ച നടത്തിതീരുമാനിച്ചതാണ്. സമരം ചട്ട വിരുദ്ധമാണ്. അതിനെതിരേ നടപടിയെടുക്കുമെന്നും റെയിൽവെ അറിയിച്ചു.


Source link

Related Articles

Back to top button