CINEMA

55 വര്‍ഷം 85 സിനിമകള്‍; ജോഷി എന്ന ചലച്ചിത്ര വിസ്മയം


അഭിമുഖങ്ങള്‍ക്ക് നിന്നു തരാത്ത പ്രസംഗവേദികളില്‍ കയറി സംസാരിക്കാനിഷ്ടപ്പെടാത്ത സ്വന്തം സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പോലും വാചകമടിക്കാന്‍ തയാറാകാത്ത ഒരു അപൂര്‍വജനുസ്. ക്ലാസ് ടച്ചുളള വാണിജ്യ സിനിമകള്‍ ഒരുക്കി മലയാള സിനിമയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സിംഹാസനം പണിതിട്ട പ്രതിഭാവിലാസത്തിന്റെ പേരാണ് ജോഷി. 2019ല്‍ ജോഷി സിനിമയില്‍ സുവര്‍ണ ജൂബിലിയിലെത്തിയതും 2022ല്‍ സപ്തതിയിലെത്തിയതും ആരും കണ്ടതായി നടിച്ചില്ല. സിനിമാ പ്രവര്‍ത്തകര്‍ പോലും അത്തരമൊരു ആഘോഷത്തിന് മൂന്‍കൈ എടുത്തില്ല. 
ഒരു പക്ഷേ ആഘോഷങ്ങളിലൊന്നും വിശ്വസിക്കുന്നയാളല്ല ജോഷിയെന്ന ഉത്തമബോധ്യം അവര്‍ക്കുളളതു കൊണ്ടാവാം. അതിനപ്പുറം ജോഷിയോട് ഏതെങ്കിലും തരത്തിലുളള അതൃപ്തി ആര്‍ക്കുമുളളതായി അറിവില്ല. എക്കാലവും എല്ലാ ക്യാമ്പുകള്‍ക്കും പ്രിയങ്കരനായ വ്യക്തിയും ചലച്ചിത്രകാരനുമായിരുന്നു ജോഷി.കൊച്ചി-തിരുവനന്തപുരം ബെല്‍റ്റുകള്‍ സജീവമായിരുന്ന കാലത്ത്  ജോഷി രണ്ട് ക്യാമ്പുകളുമായും ഊഷ്മള ബന്ധം നിലനിര്‍ത്തി. എണ്ണത്തില്‍ കൂടുതല്‍ പടങ്ങളില്‍ സഹകരിച്ചത് മമ്മൂട്ടിയുമായിട്ടാണെങ്കിലും ജനുവരി ഒരു ഓര്‍മ, നാടുവാഴികള്‍, നരന്‍ തുടങ്ങി ലാലിന്റെ മേജര്‍ ഹിറ്റുകളില്‍ പലതും ജോഷി സംവിധാനം ചെയ്തു. ലാല്‍ ക്യാമ്പിലെ അന്നത്തെ പ്രധാനികളൊക്കെ അദ്ദേഹത്തിന്റെ സിനിമകളില്‍ സഹകരിക്കുകയും ചെയ്തു. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന മോഹന്‍ലാല്‍ സിനിമയില്‍ മമ്മൂട്ടിയെ അതിഥി താരമായി അഭിനയിപ്പിക്കാനും കഴിഞ്ഞു.

ഇതിനിടയില്‍ ഈ ക്യാമ്പുകളിലൊന്നും ഉള്‍പ്പെടാതെ തനിച്ചു നിന്ന സുരേഷ്‌ഗോപിലെ നായകനാക്കി ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി എത്രയോ ഹിറ്റുകള്‍. ആരെയും പിണക്കാതെ വിവാദങ്ങളില്‍ നിന്ന് പരിപൂര്‍ണമായും ഒഴിഞ്ഞു നില്‍ക്കുന്നതാണ് ജോഷിയുടെ ശീലം. ഈ നയചാതുര്യത്തിന് ലഭിച്ച സമ്മാനമാണ് താരസംഘടനയായ ‘അമ്മ’ നിര്‍മിച്ച ട്വന്റി ട്വന്റിയുടെ സംവിധാനച്ചുമതല.  മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂരേഷ്‌ഗോപിക്കും ദിലീപിനും ജയറാമിനും പൃഥ്വിരാജിനും ഒരു പോലെ സ്വീകാര്യനായ സംവിധായകനാണ് ജോഷി.
സമകാലികര്‍ പലരും പാതിവഴിയില്‍ വീണുപോയിട്ടും പതറാതെ ക്രെഡിറ്റില്‍ 80 ല്‍ അധികം സിനിമകളുമായി ഇന്നും സജീവമാണ് ജോഷി.നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്ന, മേക്കിങ് സ്‌റ്റൈലില്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് സഞ്ചരിക്കുന്ന പ്രായോഗികതയാണ് ജോഷിയുടെ വിജയരഹസ്യം. ജോഷിയുടെ തലമുറയിലും അതിന് ശേഷം വന്നവരിലും ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമായി നില്‍ക്കുന്ന ഒരേയൊരു ചലച്ചിത്രകാരന്‍ എന്നതാണ് അദ്ദേഹത്തിന്റെ മഹത്ത്വം. ജോഷി മത്സരിക്കുന്നത് പുതുതലമുറയോടാണ്. അവരേക്കാള്‍ ഒട്ടും താഴെയല്ലാത്ത പലപ്പോഴും മുകളില്‍ നില്‍ക്കുന്ന മേക്കിങിലാണ് ഈ സംവിധായകന്റെ കണ്ണ്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന റോബിന്‍ഹുഡ് പോലൊരു സിനിമ പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ പുഷ്പം പോലെയാണ് ജോഷി ചെയ്തു തീര്‍ത്തത്.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ജോഷി

ഇതൊക്കെയാണെങ്കിലും മൂന്ന് പതിറ്റാണ്ടു മുന്‍പ് ഒരുക്കിയ ന്യൂഡല്‍ഹിയാണ് ജോഷിയുടെ മാസ്റ്റര്‍ പീസ്.സത്യജിത്ത്‌റായ് ഈ സിനിമ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ജോഷി ചിത്രത്തിന്റെ പ്രിന്റുമായി ചെന്ന് അദ്ദേഹത്തെ കാണിക്കുകയും റായ് തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തത് പുറംലോകം അധികമറിയാത്ത രഹസ്യം. ഈ  ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ജോഷി തന്നെ സംവിധാനം ചെയ്യുകയും അവിടെയെല്ലാം വിജയക്കൊടി പാറിക്കുകയും ചെയ്തത് പുറംലോകം അറിഞ്ഞ ചരിത്രം. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന റമ്പാനാണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം.
അഞ്ച് തലമുറകള്‍ക്ക് ആക്‌ഷന്‍ പറഞ്ഞ സംവിധാനം

അഞ്ച് തലമുറകളിലുടെ കടന്ന് പോയ ഒന്നാണ് ജോഷി എന്ന ചലച്ചിത്രകാരന്റെ സിനിമാ ജീവിതം. ജോഷി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി ആക്‌ഷനും കട്ടും പറയാത്ത നടന്‍മാരില്ല. അഞ്ച് തലമുറകളെ മുന്‍നിര്‍ത്തി സിനിമകള്‍ ഒരുക്കുകയും അതെല്ലാം തന്റെ വിജയത്തിന്റെ പട്ടികയില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു ജോഷി. അദ്ദേഹം സിനിമ എടുത്തത് അവാര്‍ഡുകള്‍ മോഹിച്ചല്ല. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടിയല്ല. 200 രൂപ കൊടുത്ത് തിയറ്ററില്‍ കയറുന്ന പ്രേക്ഷകന് മനസ് നിറഞ്ഞ് ആസ്വദിക്കാന്‍ കഴിയണം എന്ന മിനിമം അജണ്ട മാത്രമായിരുന്നു ജോഷിക്ക്. അതില്‍ അദ്ദേഹം എക്കാലവും വിജയിച്ചുപോന്നു. എന്നാല്‍ വെറുതെ തട്ടുപൊളിപ്പന്‍ പടങ്ങള്‍ എടുത്ത് തളളുകയല്ല ജോഷി ചെയ്തത്. സാങ്കേതിക മേന്മയ്‌ക്കൊപ്പം സൗന്ദര്യശാസ്ത്രപരമായും മികവ് പുലര്‍ത്തുന്നു ജോഷി സിനിമകള്‍.

ഐ.വി.ശശി അടക്കമുള്ള സമകാലികരായ പല വലിയ സംവിധായകരുടെയും പ്രഭാവം കുറഞ്ഞപ്പോഴും ഒരേ പ്രതാപത്തോടെ അഞ്ച് പതിറ്റാണ്ടായി തല ഉയര്‍ത്തി നിന്ന ജോഷി ന്യൂജന്‍ സിനിമാക്കാര്‍ക്കൊപ്പവും താന്‍ അജയ്യനാണെന്ന് തെളിയിച്ച് മുന്നേറുകയാണ്. സപ്തതി പിന്നിട്ട ശേഷവും അദ്ദേഹത്തിന്റെ ബുദ്ധിക്കും ചിന്തയ്ക്കും ഭാവനയ്ക്കും നിത്യയൗവ്വനമാണെന്ന് പറയാതെ വയ്യ. പല വമ്പന്‍ സംവിധായകരും കാലത്തിനൊത്ത് മാറുന്നില്ല എന്ന പരാതിയില്‍ പ്രേക്ഷകര്‍ കയ്യൊഴിഞ്ഞപ്പോള്‍ ഏറ്റവും പുതിയ ആഖ്യാനരീതിയില്‍ സിനിമളൊരുക്കി സിനിമാ പ്രേമികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും ഞെട്ടിച്ചു കളഞ്ഞു ജോഷി. 
പ്രേംനസീറിനെയും രവികുമാറിനെയും സുധീറിനെയും മധുവിനെയും ജയനെയും സോമനെയും സുകുമാരനെയും വച്ച് സിനിമയെടുത്ത് ഹിറ്റാക്കിയ ജോഷി പിന്നീട് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ്‌ഗോപിയെയും ജയറാമിനെയും ദിലീപിനെയും പൃഥ്വിരാജിനെയും ജയസൂര്യയെയും ആസിഫ് അലിയെയും വച്ച് പടമെടുത്ത് വിജയിപ്പിച്ചു. ജോജു ജോര്‍ജിനെയും ചെമ്പന്‍ വിനോദിനെയും വച്ച് ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് കലക്‌ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്നു എന്ന് മാത്രമല്ല മികച്ച സിനിമ എന്ന അഭിപ്രായം നേടുകയും ചെയ്തു.

ചരിത്രം ആവര്‍ത്തിക്കുന്നു

ലേലം, പത്രം എന്നീ ഹിറ്റ് പടങ്ങള്‍ ഒരുക്കിയ ജോഷി-സുരേഷ്‌ഗോപി കോംബോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ചപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്ന് സന്ദേഹിച്ചവരുണ്ട്. അവര്‍ക്കുളള മറുപടിയായിരുന്നു തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ ‘പാപ്പന്‍’. മമ്മൂട്ടി തന്റെ കരിയറില്‍ പൂര്‍ണ്ണമായും ഔട്ടായെന്ന് പ്രചരിപ്പിക്കപ്പെട്ട കാലത്താണ് ന്യൂഡല്‍ഹി എന്ന സമാനതകളില്ലാത്ത സിനിമയിലൂടെ ജോഷി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്. ക്ലാസ് കമേഴ്‌സ്യല്‍ മൂവി എന്ന് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ  സത്യജിത്ത്‌റായ് വിശേഷിപ്പിച്ച ന്യൂഡല്‍ഹി രാജ്യത്ത് ആകമാനം ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാല്‍ നേട്ടങ്ങളില്‍ അഭിരമിക്കാറില്ല ജോഷി. കുറച്ച് സംസാരം കൂടുതല്‍ പ്രവര്‍ത്തി എന്നതാണ് ജോഷിയുടെ രീതി. പൊതുവെ മിതഭാഷിയായ അദ്ദേഹം തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കാറില്ല. അർഥശൂന്യമായ അവകാശവാദങ്ങിലും വിശ്വസിക്കുന്നില്ല. തനിക്ക് പറയാനുളളത് സിനിമകളിലുടെ പറയുന്നുവെന്ന് വിശ്വസിക്കുന്നു  ഈ മാസ്റ്റര്‍ ഡയറക്ടര്‍. ഇത്രയൊക്കെ പ്രഖ്യാതനായിട്ടും ജോഷിയെക്കുറിച്ചുളള വ്യക്തിഗതമായ വിവരങ്ങള്‍ അധികം ലഭ്യമല്ല. സ്വകാര്യതകള്‍ പരസ്യപ്പെടുത്താന്‍ അദ്ദേഹം തീരെ ഇഷ്ടപ്പെടുന്നില്ല. മാധ്യമങ്ങളോട് കൃത്യമായി അകലം പാലിച്ച് ജോലിയില്‍ മാത്രം വിശ്വസിച്ച് മൂന്നേറുന്നതാണ് അദ്ദേഹത്തിന്റെ രീതി. കേരളത്തിലെ ആദ്യകാല തിയറ്ററുകളായ വര്‍ക്കല വാസു-ഗൗരി തിയറ്ററുകള്‍ ജോഷിയുടെ കുടുംബവകയാണ്. യഥാക്രമം അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് തിയറ്ററിനും നല്‍കിയിരിക്കുന്നത്.

സിന്ധുവാണ് ജോഷിയുടെ ഭാര്യ. മകള്‍ ഐശ്വര്യ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു. ചെന്നെയില്‍ ജോലി ചെയ്യവെ ഒരു വാഹനാപകടത്തില്‍ അവര്‍ മരണമടഞ്ഞു. ഏക മകന്‍ അഭിലാഷ് ജോഷി യു.എസില്‍ നിന്നും ഫിലിം മേക്കിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം അച്ഛന്റെ വഴിപിന്‍തുടര്‍ന്ന് സംവിധായകനായി. അഭിലാഷിന്റെ ഡബ്യൂട്ട് മൂവി കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ക്കറായിരുന്നു നായകന്‍.
എന്നും അപ്റ്റുഡേറ്റ്

ഓരോ ദിവസവും പുറത്തിറങ്ങുന്ന സിനിമകള്‍ കഴിയുന്നതും ആദ്യഷോ തന്നെ തിയറ്ററുകളില്‍ പോയി കാണുന്ന പതിവ് പതിറ്റാണ്ടുകളായി ജോഷി മുടക്കിയിട്ടില്ല. ഭാഷാഭേദമെന്യേ എല്ലാത്തരം സിനിമകളും അദ്ദേഹം വീട്ടിലെ ഹോം തിയറ്ററില്‍ കാണുന്നു. പരമാവധി അപ്‌ഡേറ്റ് ആയിരിക്കുക എന്നതാണ് ജോഷിയുടെ തിയറി. സംവിധാനം ചെയ്ത സിനിമകളില്‍ 95% വും ഹിറ്റുകളാക്കിയ ജോഷി പതിറ്റാണ്ടുകളായി ഒരേ പ്രഭാവത്തോടെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് ചെറിയ കാര്യമല്ല.

എന്താണ് ജോഷിയെ ഇതര വാണിജ്യസിനിമാ സംവിധായകരില്‍ നിന്നുംവ്യത്യസ്തനാക്കുന്നത്? ജോഷിയുടെ സിനിമകളില്‍ ഏറിയ പങ്കും ആക്‌ഷന്‍ ത്രില്ലറുകളാണ്. കളളനും പൊലീസ് സിനിമകളെന്ന് പലരും അതിലെ ലഘൂകരിച്ച് സംസാരിക്കാറുണ്ട്. അങ്ങനെ നിസാരമായി തളളിക്കളയാവുന്നതായിരുന്നില്ല ജോഷിയുടെ ഇതിവൃത്ത-ആഖ്യാനസമീപനങ്ങള്‍. 1978 ല്‍ റിലീസ് ചെയ്ത ടൈഗര്‍ സലിം എന്ന  ശരാശരി തട്ടുപൊളിപ്പന്‍ സിനിമയുമായാണ് ജോഷി തന്റെ സിനിമായാത്ര ആരംഭിക്കുന്നത്. ആ സിനിമ ഒരു ബോക്‌സ് ഓഫിസ്  വിജയമായിരുന്നില്ല. പിന്നാലെ വന്ന മൂര്‍ഖന്‍ എന്ന ചിത്രം ജയന്റെ മരണത്തോട് അനുബന്ധിച്ച് റിലീസ് ചെയ്തു എന്ന കാരണത്താല്‍ സ്വാഭാവിക വിജയം കൈവരിച്ചുവെങ്കിലും ഒരു ചലച്ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഘടകങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. 

മമ്മൂട്ടി-കുട്ടി-പെട്ടി
എണ്‍പതുകളുടെ മധ്യത്തില്‍ ജോഷി പ്രകടമായ വഴിമാറി നടത്തം നടത്തുകയുണ്ടായി. ആ രാത്രി, സന്ദര്‍ഭം, മുഹൂര്‍ത്തം കഥ ഇതുവരെ, ഇടവേളയ്ക്ക് ശേഷം, മുഹൂര്‍ത്തം 11.30, ജനുവരി ഒരു ഓര്‍മ എന്നിങ്ങനെ കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ജോഷി സിനിമകള്‍ ക്ലീന്‍ ഫാമിലി എന്റര്‍ടെയ്നറുകളായിരുന്നു. മമ്മൂട്ടി-പെട്ടി-കുട്ടി എന്നൊരു ഫോര്‍മുല എന്ന് പലരും ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. മമ്മൂട്ടിയും അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടീവ് കഥാപാത്രങ്ങളും ബേബി ശാലിനിയും എന്ന അര്‍ഥത്തിലായിരുന്നു വിമര്‍ശനം. എന്നാല്‍ പ്രേക്ഷകര്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. ഈ ജനുസില്‍ പെട്ട സിനിമകള്‍ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയി പരിണമിച്ചു എന്ന് മാത്രമല്ല ആരെയും അസൂയപ്പെടുത്തുന്ന ബോക്‌സ് ഓഫിസ് വിജയം കരസ്ഥമാക്കുകയും ചെയ്തു. 

അങ്ങനെ തട്ടുപൊളിപ്പന്‍ അടിപ്പടങ്ങള്‍ എന്ന ലേബലില്‍ നിന്നും കുടുംബചിത്രങ്ങളുടെ സംവിധായകന്‍ എന്ന തലത്തിലേക്ക് ജോഷി  ഉയര്‍ന്നു. അതിന്റെ പാരമ്യതയില്‍ എത്തിയ സിനിമയായിരുന്നു ഒരു കുടക്കീഴില്‍. ജോഷിയുടെ അതുവരെയുളള ചലച്ചിത്രസമീപനങ്ങളില്‍ നിന്ന് പാടെ ഒരു വ്യതിയാനം. മാധവിക്കുട്ടിയോട് സാമ്യമുളള ഒരു എഴുത്തുകാരിയൂടെ ജീവിതം പറഞ്ഞ ഈ സിനിമ തീയറ്ററില്‍ ദയനീയമായി പരാജയപ്പെട്ടു. ഭരതനും പത്മരാജനും മോഹനും കെ.ജി.ജോര്‍ജും കയ്യാളിയ മധ്യവര്‍ത്തി സിനിമകളിലേക്ക് എത്തിപ്പെടാനുളള ജോഷിയുടെ ആദ്യശ്രമം പ്രമേയപരമായും സൗന്ദര്യശാസ്ത്രപരമായും ആഖ്യാനപരമായും ഒരു വിജയം തന്നെയായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് കുറെക്കൂടി ചടുലതയും ഉദ്വേഗവുമുളള സിനിമകളാണ് എന്ന തിരിച്ചറിവില്‍ നിന്നാവാം ജോഷി കളം മാറ്റി ചവുട്ടി.

ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ വരവോടെ ജോഷിയുടെ ചലച്ചിത്രജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയായി. ഇംഗ്ലിഷ് നോവലുകളെ അധികരിച്ച് ഡെന്നീസ് ഒരുക്കിയ തിരക്കഥകള്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. കേരളത്തിന്റെ അന്തരീക്ഷവും സംസ്‌കാരവും അതിലേക്ക് സമര്‍ത്ഥമായി വിലയിപ്പിക്കാനും കോര്‍ ഐഡിയ മാത്രം സ്വീകരിച്ച് സിനിമയെ തനത് ശൈലിയില്‍ പുതുക്കി പണിയാനും പ്രതിഭാധനനായ ഡെന്നീസിന് കഴിഞ്ഞു. നിറക്കൂട്ടും ന്യൂഡല്‍ഹിയും ശ്യാമയും നായര്‍ സാബും അടക്കമുളള ജോഷി ചിത്രങ്ങള്‍ ഇതിവൃത്തപരമായും ആഖ്യാനസംബന്ധിയായും വലിയ കുതിച്ചു ചാട്ടങ്ങള്‍ നടത്തി. വാണിജ്യസിനിമയുടെ പരമ്പരാഗതമായ രസക്കൂട്ടുകളും ചട്ടക്കുട്ടുകളും പുതുക്കി പണിത സിനിമയായിരുന്നു നിറക്കൂട്ട്. 
നിറക്കൂട്ടില്‍ നറേറ്റീവിന്റെ ഏകതാനതയെ നിരാകരിച്ച് ഒരു കഥാവസ്തു രണ്ട് പേരുടെ വീക്ഷണകോണില്‍ വ്യത്യസ്തമായ തലത്തില്‍ അവതരിപ്പിച്ചുകൊണ്ട് വാണിജ്യസിനിമയ്ക്കും മധ്യവര്‍ത്തി സിനിമയ്ക്കും ഇടയില്‍ നില്‍ക്കുന്ന മാന്യമായ ഒരു ചലച്ചിത്രസംസ്‌കാരം തന്നെ രൂപപ്പെടുത്താന്‍ ജോഷിക്ക് കഴിഞ്ഞു. ഇതില്‍ ഡെന്നീസ് ജോസഫിന്റെ പങ്ക് പരമപ്രധാനമാണ് എന്ന് പറയാമെങ്കിലും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനുളള ജോഷിയുടെ കഴിവും വിഷ്വല്‍ മൗണ്ടിങും ശ്രദ്ധേയമാണ്. അതിഭാവുകത്വവും കടുത്ത ചായക്കൂട്ടുകളും യുക്തിരഹിതമായ ചിന്താധാരകളും കഥാസന്ദര്‍ഭങ്ങളും ഉപരിപ്ലവ സ്വഭാവമുളള രംഗങ്ങളും ഉപരിതലസ്പര്‍ശിയായ സംഭാഷണങ്ങളുമെല്ലാം പാടെ മാറ്റി നിര്‍ത്തിക്കൊണ്ട് യാഥാർഥ്യബോധമുളള ത്രില്ലര്‍  സിനിമകള്‍ ഒരുക്കാന്‍ ജോഷിക്ക് സാധിച്ചു. ഇന്ന് വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന വാക്കാണ് മേക്കിങ്. ഫിലിം മേക്കിങ് എന്നതിന്റെ ലഘുരൂപം.

സ്‌റ്റൈലൈസ്ഡ് മേക്കിങ്
വാണിജ്യസിനിമയില്‍ മേക്കിങ് എന്ന പദത്തിന് അർഥവും ആഴവും നല്‍കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രകാരനാണ് ജോഷി. ഇന്ന് മേക്കിങ് സ്‌റ്റൈലില്‍ വലിയ പൊളിച്ചടുക്കലുകള്‍ക്ക് പുതുതലമുറ യത്‌നിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ ആരും ഇതത്ര കാര്യമായി പരിഗണിച്ചിരുന്നില്ല. സിനിമയുടെ അടിസ്ഥാന വ്യാകരണം അറിയുന്ന സംവിധായകര്‍ ഏറെക്കുറെ സമാനമായ രീതിയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തിരക്കഥയെ ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു. ശശികുമാര്‍ അടക്കം അന്നത്തെ പല ഹിറ്റ് മേക്കര്‍മാരും മേക്കിങിലെ സ്‌റ്റൈലേസേഷനെ കാര്യമായി പരിഗണിച്ചിരുന്നില്ല. അല്ലെങ്കില്‍ അത്തരം കാര്യങ്ങളെ സംബന്ധിച്ച് അവഗാഢമായ ധാരണയുണ്ടായിരുന്നില്ല.
ജോഷിയാണ് സാങ്കേതിക മേന്മയും സൗന്ദര്യപരതയും കോര്‍ത്തിണക്കിയ ആക്‌ഷന്‍ സിനിമകള്‍ എന്ന കണ്‍സപ്റ്റ് മലയാളത്തില്‍ യാഥാർഥ്യമാക്കിയത്. ഫിലിം മേക്കിങില്‍ സ്‌റ്റൈലേസേഷന്റെ സാധ്യതകളും അദ്ദേഹം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി വന്ന ഷാജി കൈലാസും പ്രിയദര്‍ശനും പിന്നീട് അമല്‍നീരദും ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുകയുണ്ടായി. ഷാജി കൈലാസിന്റെ ചിന്താമണി കൊലക്കേസ് മേക്കിങ് സ്‌റ്റൈലിലെ മറ്റൊരു മാസ്റ്റര്‍ പീസാണ്. തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ ആക്‌ഷന്‍ ഓറിയന്റഡ് സിനിമകളിലെ മാറിയ മേക്കിങ് സ്‌റ്റൈലിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ്. 

ന്യൂഡൽഹി സിനിമയിൽ നിന്നും

ഒരു കഥ ആര്‍ക്കും പറയാം. എന്നാല്‍ സാങ്കേതിക സാധ്യതകള്‍ പരിപൂര്‍ണമായി വിനിയോഗിച്ചുകൊണ്ട് പരമാവധി ഇഫക്ടീവായും ദൃശ്യാത്മകമായും ആഖ്യാനം നിര്‍വഹിക്കുക എന്നത് ചെറിയ കാര്യമല്ല. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി ഒരുക്കിയ ന്യൂഡല്‍ഹി മലയാളത്തിലെ ഏതെങ്കിലും ശരാശരി സംവിധായകനായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഇന്ന് കാണുന്നതിന്റെ നൂറിലൊരംശം പെര്‍ഫക്‌ഷനുണ്ടാകുമായിരുന്നില്ല. ജിബ്ബും സ്‌റ്റെഡിക്യാമും റെഡ് അലക്‌സിയും അള്‍ട്രാമോഡേണ്‍ ഫില്‍റ്ററുകളും ഡി.ഐ പോലുളള കളര്‍ഗ്രേഡിങ് സംവിധാനങ്ങളും സൗണ്ട് ഡിസൈനിങും ഒന്നും എത്തി നോക്കിയിട്ടില്ലാത്ത ഒരു കാലത്താണ് ന്യൂഡല്‍ഹി പോലൊരു ചിത്രം ജോഷി ഒരുക്കിയത്.
നിറക്കൂട്ട്, ശ്യാമ, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നിങ്ങനെ അക്കാലത്ത് ചെയ്ത സിനിമകളിലെല്ലാം തന്നെ ലഭ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരമാവധി ക്വാളിറ്റേറ്റീവായി സിനിമകള്‍ ഒരുക്കാന്‍ ജോഷി ശ്രദ്ധിച്ചിരുന്നു. കേവലം സാങ്കേതിക വിദഗ്ധന്‍ മാത്രമായിരുന്നില്ല അദ്ദേഹം. ഏസ്തറ്റിക് ബ്യൂട്ടിയുളളതായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും. 
സിനിമയുടെ വിവിധ ഘടകങ്ങളെ സംബന്ധിച്ച് സമുന്നതമായ ധാരണകളുളള അദ്ദേഹം അവയെല്ലാം വിദഗ്ധമായി സമന്വയിപ്പിച്ച് ടെക്‌നിക്കല്‍ പെര്‍ഫക്ഷനൊപ്പം  റിപ്പീറ്റ് വാല്യൂ ഉളള സിനിമകള്‍ ഒരുക്കി. തിയറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ജോഷി ചിത്രങ്ങള്‍ പോലും ആസ്വാദനക്ഷമമായിരുന്നു. ന്യായവിധി, ആയിരം കണ്ണുകള്‍, വീണ്ടും, സായംസന്ധ്യ, തന്ത്രം എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍.
സാങ്കേതിക സൂക്ഷ്മതകളൂടെ മാസ്റ്റര്‍
ദൃശ്യനിര്‍മിതിയിലും വിന്ന്യാസത്തിലും ജോഷി സ്വീകരിച്ച ശൈലി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഫ്രെയിം കോംപസിഷന്‍, കളര്‍ടോണ്‍, ലൈറ്റിങ് പാറ്റേണ്‍, നൂതനവും കൃത്യവും ഔചിത്യപൂര്‍ണവുമായ ക്യാമറാ മൂവ്‌മെന്റ്‌സ്, ക്യാരക്ടര്‍ മുവ്‌മെന്റ്‌സ്, പൊസിഷനിങ് ഓഫ് ക്യാരക്‌ടേഴ്‌സ്, ക്യാമറാ ആംഗിള്‍സ് ആന്‍ഡ് പൊസിഷന്‍സ് എന്നിവയിലൂടെ പുതിയ ഒരു ദൃശ്യഭാഷ തന്നെ രൂപപ്പെടുത്താന്‍ ജോഷിക്ക് സാധിച്ചു. ജോഷി ചിത്രങ്ങളിലെ എഡിറ്റിങ് പാറ്റേണ്‍ പോലും വേറിട്ടതും സൗന്ദര്യാത്മകവുമാണ്. തിരക്കഥയില്‍ എഴുതിവയ്ക്കപ്പെട്ട സീന്‍ ഒരു ഫിലിം മേക്കര്‍ എങ്ങനെ എന്‍ഹാന്‍സ് ചെയ്യുന്നു, ഇംപ്രൊവൈസ് ചെയ്യുന്നു എന്നതിന്റെ എക്കാലത്തെയും മികച്ച മാതൃകയാണ് ജോഷി ചിത്രങ്ങള്‍. സീനുകള്‍ക്ക് വാല്യൂ അഡീഷന്‍ നല്‍കാനുളള സംവിധായകന്റെ പ്രാപ്തിക്ക് ഏറ്റവും മികച്ച മാതൃകയാണ് ജോഷി ചിത്രങ്ങള്‍.
അദ്ദേഹത്തിലെ സംവിധായകന് പൊലിപ്പിക്കാന്‍ പാകത്തില്‍ മികച്ച കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കികൊടുത്ത ഡെന്നീസ് ജോസഫിന്റെ സംഭാവനയും നിര്‍ണായകമാണ്. എന്നാല്‍ തിരക്കഥാകൃത്തും സംവിധായകനും തമ്മിലുളള ദൂരം അറിയാന്‍ ഡെന്നീസ് സ്വയം സംവിധാനം ചെയ്ത സിനിമകള്‍ പരിശോധിച്ചാല്‍ മതി. ഡെന്നീസിലെ ഒന്നാം നമ്പര്‍ തിരക്കഥാകൃത്തിന് മുകളില്‍ പറക്കാന്‍ അദ്ദേഹത്തിലെ  സംവിധായകന് കഴിയാതെ പോയി. സമാനദുരന്തം ലോഹിതദാസിന്റെ കരിയറിലും സംഭവിച്ചിരുന്നു. 
ഒരു ഔട്ട് സ്റ്റാന്‍ഡിംഗ് ഡിറക്ടറുടെ പ്രസക്തി ഇവിടെയാണ്. രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഒരു ആര്‍ട്ട്ഹൗസ് സംവിധായകന്‍ തന്റെ സിനിമയില്‍ പൊലീസ് ലാത്തിചാര്‍ജ് ചിത്രീകരിച്ച രംഗം നോക്കാം. വളരെ ഫ്‌ളാറ്റായ ഈ രംഗ ചിത്രീകരണം യാതൊരു ഇംപാക്ടും നല്‍കുന്നില്ല.
സമാനമായ രംഗം ജോഷി, ഐ.വി. ശശി, ഷാജി കൈലാസ് എന്നിവര്‍ ഷൂട്ട് ചെയ്യുമ്പോള്‍ നാം യഥാർഥ ലാത്തിചാര്‍ജിന് നടുവില്‍ നില്‍ക്കുന്നതിലും ഇംപാക്ട് ഉണ്ടാവുന്നു. ബില്‍ഡ് അപ്പ് ഷോട്ടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അവ എഡിറ്റിങില്‍ എങ്ങനെ പ്ലേസ് ചെയ്യുന്നു എന്നത് സിനിമയുടെ പേസും റിഥവും സൃഷ്ടിക്കുന്നതില്‍ മര്‍മ പ്രധാനമാണ്. ആശയപരമായി എത്ര സമുന്നത നിലവാരം പുലര്‍ത്തുന്ന തിരക്കഥയും ആവിഷ്‌കാര തലത്തില്‍ പരാജയപ്പെട്ടാല്‍ അത് കാറ്റു പോയ ബലൂണിന് തുല്യമാവും. ഈ യാഥാർഥ്യം അറിയാത്ത പലരും ആര്‍ട്ട് സിനിമകളുടെ ലേബലില്‍ മലയാളത്തില്‍ വിലസുന്നു എന്നതും ഒരു വൈരുദ്ധ്യമാണ്. 
ജോഷിയുടെ സമകാലികരായ പല ആക്‌ഷന്‍ ഫിലിം മേക്കേഴ്‌സും കാലം കടന്നു പോയത് അറിയാതെ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ബില്‍ഡ് അപ്പ് ഷോട്ടുകളെ ആശ്രയിച്ച് കഥ പറഞ്ഞപ്പോള്‍ പുതുകാല മേക്കേഴ്‌സിന് മുന്നില്‍ അവര്‍ കേശവമ്മാമമാരായി. എന്നാല്‍ ജോഷിയാവട്ടെ ഏറ്റവും അപ്പ്റ്റുഡേറ്റ് മേക്കിങ് സ്‌റ്റൈല്‍ തന്റെ സിനിമകളില്‍ കൊണ്ടു വന്നു. ദൃശ്യഖണ്ഡങ്ങളുടെ അമിതഉപയോഗത്തേക്കാള്‍ ക്യാരക്‌ടേഴ്‌സിനെ ജിംബലില്‍ ഫോളോ ചെയ്തുകൊണ്ട് സ്വാഭാവിക പ്രതീതിയുണര്‍ത്താനാണ് ന്യൂജന്‍ മേക്കേഴ്‌സ് ശ്രമിച്ചത്. കാലം മാറുകയും ആഖ്യാനരീതികള്‍ മാറുമ്പോഴും പൊതുവെ നമ്മുടെ പഴയകാല സംവിധായകര്‍ മാറുക പതിവില്ല. ജോഷി ഇതിന് കടകവിരുദ്ധമാണ്. പുതുതലമുറയോട് കിടപിടിക്കുന്ന മേക്കിങ് ജോഷി ചിത്രങ്ങളില്‍ കാണാം.
കൊറിയന്‍-ജാപ്പനീസ്-ചൈനീസ്-സ്പാനിഷ്-ഇറ്റാലിയന്‍- ഇം ഗ്ലിഷ് സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ നിരന്തരം കണ്ട് ശീലിച്ച പുതുതലമുറ പ്രേക്ഷകരുടെ അഭിരുചികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ബാധ്യസ്ഥരാണ് സംവിധായകരും. എന്നാല്‍ ഇതിവൃത്ത സ്വീകരണത്തില്‍ ഇപ്പോഴും പഴയ പാറ്റേണ്‍ സ്വീകരിക്കുന്നു എന്ന ആക്ഷേപവും ജോഷിയെക്കുറിച്ചുണ്ട്. പുതിയ വീക്ഷണകോണുകള്‍ ഉള്‍ക്കൊളളുന്ന തിരക്കഥാകൃത്തുക്കളെ കണ്ടെത്തുന്നതില്‍ സമീപകാലത്ത് അദ്ദേഹത്തിന് പാളിച്ചകള്‍ സംഭവിക്കുന്നു. പഴഞ്ചന്‍ ഫോര്‍മാറ്റിലുളള തിരക്കഥയെ ടേക്കിങ്സിന്റെ മികവിലുടെ മറികടക്കാന്‍ ശ്രമിക്കുന്ന സംവിധായകനെ അടുത്തിടെ റിലീസ് ചെയ്ത ചില ജോഷി ചിത്രങ്ങളില്‍ കാണാം. മികച്ച അഭിനേതാക്കളും ജോഷിയുടെ മേക്കിങും ഉണ്ടായിട്ടും തിരക്കഥയുടെ ദൗര്‍ബല്യം മൂലം ഇത്തരം സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല.
ഇതൊക്കെയാണെങ്കിലും ജോഷി എന്ന സംവിധായകന്‍ അന്നും ഇന്നും തന്റെ കര്‍മ്മം തികഞ്ഞ പൂര്‍ണ്ണതയോടെ നിര്‍വഹിക്കുന്നു. എഴുത്തുകാരെ തെരഞ്ഞെടുക്കുന്നതിലും മുന്‍കാലങ്ങളില്‍ തികഞ്ഞ അവധാനത പുലര്‍ത്തിയ സംവിധായകനാണ് ജോഷി. പാപ്പനംകോട് ലക്ഷ്മണനിലും എസ്.എല്‍.പുരത്തിലും  തുടങ്ങി കലൂര്‍ ഡെന്നീസിലും അവിടെ നിന്ന് ഡെന്നീസ് ജോസഫിലും എസ്.എന്‍.സ്വാമിയിലുമെല്ലാം എത്തിയ ജോഷി എ.കെ.സാജന്‍, സച്ചി-സേതു, ഉദയന്‍-സിബി, ഇക്ബാല്‍ കുറ്റിപ്പുറം, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, രഞ്ജന്‍ പ്രമോദ് എന്നിങ്ങനെ വിവിധ ജനുസിലുളള എഴുത്തുകാരിലുടെ കടന്നു പോകുന്നതിനിടയിലും ഗൗരവമേറിയ സമീപനം പുലര്‍ത്തുന്ന പത്മരാജന്റെയും ലോഹിതദാസിന്റെയും രചനകള്‍ക്ക് ദൃശ്യസാക്ഷാത്കാരം നിര്‍വഹിക്കുകയുണ്ടായി. ഇത്തരം എഴുത്തുകാരുടെ അഭാവമാണ് വാസ്തവത്തില്‍ ഇന്ന് ജോഷി നേരിടുന്ന കാതലായ പ്രശ്‌നങ്ങളില്‍ പ്രധാനം. ജോഷിയുടെ കരിയറിലെ പലരും അറിയാത്ത ഒരു കൗതുകമുണ്ട്. 1983ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഭൂകമ്പം എന്ന സിനിമ എഴുതിയത് ഇന്നത്തെ പ്രമുഖ സംവിധായകനായ പ്രിയദര്‍ശനായിരുന്നു. പ്രേംനസീര്‍ നായകനായ ഈ ചിത്രത്തില്‍ മോഹന്‍ലാലും ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കുകയുണ്ടായി.
വേറിട്ട് നില്‍ക്കുന്ന ആഖ്യാനഭംഗി
സിനിമകളുടെ എണ്ണം 85ല്‍ എത്തിയിട്ടും 1987ല്‍ റിലീസ് ചെയ്ത ന്യൂഡല്‍ഹിയാണ് ജോഷിയുടെ മാസ്റ്റര്‍പീസ്. 18 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു സിനിമയെ ഇത്രയും പൂര്‍ണതയിലെത്തിച്ചു എന്നത് ഇന്നും ഒരു വിസ്മയമാണ്. കളളനും പൊലീസ് സിനിമകള്‍ക്ക് അന്നേ വരെ അപരിചിതമായ ഒന്നായിരുന്നു സാങ്കേതിക മികവും സൗന്ദര്യശാസ്ത്രപരമായി ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നതുമായ ദൃശ്യപരിചരണം. ഏസ്തറ്റിക് ബ്യൂട്ടിയുടെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ട അപൂര്‍വം ആക്‌ഷന്‍ സിനിമകളിലൊന്നാണ് ന്യൂഡല്‍ഹി. ഘടനാപരമായും ഫ്രെയിമിലും ഷോട്ടുകളുടെ ഔചിത്യപൂര്‍ണമായ വിന്ന്യാസത്തിലും അങ്ങനെ സിനിമയുടെ സമസ്ത തലങ്ങളിലും മികവ് പുലര്‍ത്തിയ പൂര്‍ണതയുളള വാണിജ്യ സിനിമയായിരുന്നു ന്യൂഡല്‍ഹി.
ആദ്യന്തം ബഹളമയമായ അടിപ്പടങ്ങളില്‍ നിശ്ശബ്ദത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചലച്ചിത്രഭാഷയില്‍ തികഞ്ഞ അവഗാഹമുളള ജോഷി തെളിയിച്ചു. ദൃശ്യവിന്ന്യാസത്തിലെ അവധാനതയും മിതത്വവും ജോഷിക്ക് കരതലാമലകം പോലെ അനായാസം നിലനിര്‍ത്താന്‍ സാധിച്ചു. ചടുലതയും ഉദ്വേഗവും തീവ്രസംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും എല്ലാം സമന്വയിക്കുന്ന സിനിമകളില്‍ പച്ചയായ ജീവിതത്തിന്റെ മിന്നാട്ടങ്ങളും മനുഷ്യപ്രകൃതത്തിന്റെയും മനുഷ്യമനോഭാവങ്ങളുടെയും തിരയിളക്കങ്ങളും സമര്‍ത്ഥമായി തുന്നിച്ചേര്‍ക്കാനും ഈ ചലച്ചിത്രകാരന് സാധിച്ചു.അടിസ്ഥാനപരമായി വിഷ്വലൈസേഷന്‍ തന്നെയാണ് ജോഷിയുടെ കരുത്ത്. സുന്ദരമായ ഫ്രെയിമുകള്‍ ന്യൂഡല്‍ഹിയുടെ ഓരോ ഷോട്ടിലും കാണാം. ശ്യാമ എന്ന ചിത്രം പരിശോധിച്ചാല്‍ പതിവ് ജോഷി സിനിമകളുടെ ചായക്കൂട്ടുകളൊന്നും തന്നെയില്ലാത്ത ഒന്നായിരുന്നു അത്. മീഡിയോകര്‍ സിനിമകളുടെ ആഖ്യാനരീതിയില്‍ അസാധാരണമായ കൈയടക്കത്തോടെയും കയ്യൊതുക്കത്തോടെയും പക്വതയോടെയുമാണ് ജോഷി ഈ ചിത്രത്തിന്റെ ദൃശ്യപരിചരണം നിര്‍വഹിച്ചിട്ടുളളത്. കുട്ടനാടന്‍ ജീവിതപശ്ചാത്തലത്തില്‍ ഒരുക്കിയ സംഘം പതിവ് ത്രില്ലര്‍ ഗണത്തില്‍ നിന്ന് വിഭിന്നമായി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ ജീവിതം മനോഹരമായി ആലേഖനം ചെയ്ത സിനിമയാണ്.
ഒരു പ്രസ്ഥാനം
എസ്.എന്‍. സ്വാമി, എ.കെ.സാജന്‍ എന്നീ എഴുത്തുകാരെയും ഈ കാലയളവില്‍ ജോഷി സമർഥമായി പ്രയോജനപ്പെടുത്തുകയുണ്ടായി. ധ്രുവം എന്ന ചിത്രം അതിന്റെ കഥാപശ്ചാത്തലവും കഥാപരിസരവും കൊണ്ട് മാത്രമല്ല ജോഷിയുടെ ആവിഷ്‌കാര മികവ് കൊണ്ട് കൂടിയാണ് ശ്രദ്ധേയമായത്. ഡെന്നീസുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഒരുക്കിയ ജോഷി പത്മരാജനുമായി ചേര്‍ന്ന് ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രം ഒരുക്കിയപ്പോള്‍ സവിശേഷമായ പത്മരാജന്‍ ടച്ചിനൊപ്പം ജോഷി ടച്ചും സമന്വയിക്കുകയാണുണ്ടായത്. എന്നാല്‍ ഇതര ജോഷി ചിത്രങ്ങള്‍ പോലെ ആ സിനിമ ഒരു വന്‍വിജയമായില്ല. ലോഹിതദാസുമായി ചേര്‍ന്ന് മൂന്ന് സിനിമകള്‍ ഒരുക്കി. അതുവരെയുളള പ്രമേയ പരിസരങ്ങളില്‍ നിന്നും മൂല്യസങ്കല്‍പ്പങ്ങളില്‍ നിന്നും വ്യതിചലിച്ച കുട്ടേട്ടന്‍ എന്ന ചിത്രം വിപണനവിജയംകൈവരിച്ചില്ലെങ്കിലും ജോഷി-ലോഹിതദാസ് കൂട്ടിലെ ഒരു രസികന്‍ സിനിമയായിരുന്നു. പതിവ് മുന്‍വിധികള്‍ പാടെ മാറ്റി വച്ച് യാഥാർഥ്യ ബോധത്തിന്റെ അടിത്തറയില്‍ ഒരുക്കിയ ചിത്രം. ഇതേ കൂട്ടുകെട്ടില്‍ പിന്നീട് വന്ന കൗരവറും മഹായാനവും ജോഷിയില്‍ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറം കടന്ന് വളര്‍ന്ന  സിനിമകളായിരുന്നു. ഗൗരവമേറിയ ചലച്ചിത്രസങ്കല്‍പ്പങ്ങളും തന്റെ വ്യൂഫൈന്‍ഡറിന് വഴങ്ങുമെന്ന് ജോഷി ആവര്‍ത്തിച്ച് തെളിയിച്ചു.
ഇക്കാലത്ത് എംടിയുടെ രചനയില്‍ അംഗുലീമാലന്‍ എന്നൊരു ചരിത്രസിനിമയ്ക്ക് ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ അത് യാഥാർഥ്യമായില്ല. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ഒരുക്കിയ നരേന്‍ ജോഷിയുടെ മറ്റൊരു വഴിമാറി നടത്തമായിരുന്നു. കുടുംബബന്ധങ്ങളും തീവ്രജീവിതയാഥാര്‍ത്ഥ്യങ്ങളൂം  കൂട്ടിയിണക്കി ശക്തമായ സിനിമകള്‍ ഒരുക്കാന്‍ ഈ കാലയളവില്‍ ജോഷിക്ക് കഴിഞ്ഞു. രൺജി പണിക്കരുടെ തീപ്പൊരി ഡയലോഗുകളുടെ അകമ്പടിയോടെ ഒരുങ്ങിയ പത്രം, ലേലം എന്നീ സിനിമകളിലും ജീവിതത്തിന്റെ പ്രത്യഭിഭിന്നമായ മുഖങ്ങള്‍ അനാവരണം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. സമകാലിക രാഷ്ട്രീയവും സാമൂഹ്യപ്രതിബദ്ധതയുമുളള സിനിമകള്‍  അന്തസുറ്റ പരിചരണ രീതിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചപ്പോള്‍ വിമര്‍ശകര്‍ മൗനികളായി. ഒരു കളളിയിലും തളച്ചിടാന്‍ കഴിയാത്ത ഒരു പ്രസ്ഥാനമായി ക്രമേണ ജോഷി വളര്‍ന്നു.
സിനിമയുടെ രൂപശില്‍പ്പത്തെക്കുറിച്ച് ജോഷിക്കുളള സമുന്നത ധാരണകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രകടമാണ്.  ശശികുമാറും എ.ബി.രാജും എം.കൃഷ്ണന്‍ നായരും ഐ.വി.ശശിയും അടക്കമുളള ഹിറ്റ്‌മേക്കര്‍മാര്‍ തുടങ്ങി വച്ച മലയാളത്തിലെ പരമ്പരാഗത വാണിജ്യ സിനിമയെ കാലാനുസൃതമായി നവീകരിച്ചുകൊണ്ട് ഗുണപരമായ പരിണതികള്‍ സൃഷ്ടിച്ചു എന്നതാണ് ജോഷിയുടെ ഏറ്റവും വലിയ സംഭാവന. ക്ലാസ് ടച്ചുള്ള കമേഴ്‌സ്യല്‍ സിനിമ എന്നൊരു സങ്കല്‍പ്പം തന്നെ ഇക്കാലയളവില്‍ ജോഷി രൂപപ്പെടുത്തിയെടുത്തു. നിറക്കൂട്ട്, ന്യൂഡല്‍ഹി, ശ്യാമ, ദിനരാത്രങ്ങള്‍, പൊറിഞ്ചു മറിയം ജോസ്, ലേലം, പത്രം …എന്നീ ചിത്രങ്ങള്‍ ഈ സമീപനത്തിന്റെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളായി നിലനില്‍ക്കുന്നു.
ആക്‌ഷന്‍ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമകളില്‍ അമിതമായി അഭിരമിച്ചുകൊണ്ട് ഒരേ ജോണറിന്റെ തടവുകാരനായി സ്ഥിരമായി നിലനില്‍ക്കാന്‍ ശ്രമിച്ചു എന്നതാണ് ജോഷിയുടെ കരിയറിലെ ഏക മൈനസ് പോയിന്റ്. ഹരിഹരനും ഐ.വി.ശശിയും അടക്കമുളള സമകാലികര്‍ എംടിയുടെ തിരക്കഥളുടെ പിന്‍ബലത്തില്‍ ഉള്‍ക്കനമുളള സിനിമകള്‍ക്കായി ശ്രമിച്ചപ്പോള്‍ എന്തുകൊണ്ടോ ജോഷി തന്റെ സേഫ് സോണില്‍ നിന്ന് മാറിയില്ല. എന്നാല്‍ ഗൗരവമേറിയ സിനിമകള്‍ക്കും ബോക്‌സ്ഓഫിസ് വിജയം കൈവരിക്കാനാവുമെന്ന് മറ്റ് സംവിധായകര്‍ തെളിയിച്ചു. പഞ്ചാഗ്‌നി, അമൃതം ഗമയ, വടക്കന്‍ വീരഗാഥ, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍…എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. എന്നാല്‍ ലോഹിതദാസിനെ പോലെ ഒരു തിരക്കഥാകൃത്തുമായി സഹകരിച്ചപ്പോള്‍ മഹായാനം പോലെ വേറിട്ട സിനിമകളും തനിക്ക് വഴങ്ങൂമെന്ന് ജോഷി തെളിയിച്ചു. രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ ഒരുങ്ങിയ നരേനിലും ജോഷിയുടെ വേറിട്ട മുഖം കണ്ടു.
ട്വന്റി ട്വന്റിയുടെ അമരത്ത്…
താരസംഘടനയായ ‘അമ്മ’ നിർമിച്ച ട്വന്റി ട്വന്റിയാണ് കരിയറില്‍ ജോഷി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കി ഒരു സിനിമ ഒരുക്കുക എന്നത് വാസ്തവത്തില്‍ ഒരു ഹിമാലയന്‍ ടാസ്‌ക് തന്നെയായിരുന്നു. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പലര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അത്രയും ശ്രമകരമായ ഒരു ദൗത്യം മറ്റൊരാളെ വിശ്വസിച്ച് ഏല്‍പ്പിക്കാനും സംഘടനക്ക് കഴിഞ്ഞില്ല. എല്ലാവരുടെയും മനസില്‍ ഒരു പേരേ ഉണ്ടായിരുന്നുളളു. ജോഷി. സിനിമാ ജീവിതത്തില്‍ ജോഷിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെയായിരുന്നു ഈ ചിത്രം ഒരുക്കാന്‍ ലഭിച്ച അവസരം. എന്നാല്‍ അതിന്റെ വിജയത്തെ സംബന്ധിച്ച് പലരും ആകുലചിത്തരായിരുന്നു. നൂറ് കണക്കിന് കഥാപാത്രങ്ങള്‍. ആര്‍ക്കും വേണ്ടത്ര ശ്രദ്ധയോ പ്രാധാന്യമോ ലഭിക്കാതെ കഥ ചിതറിപ്പോകാനിടയുണ്ട്. എന്നാല്‍ എല്ലാ പ്രതികൂലാവസ്ഥകളും മൂന്‍കൂട്ടി കണ്ട് സമര്‍ഥമായി നിലകൊള്ളാനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും ജോഷിക്ക് കഴിഞ്ഞു. ട്വന്റി ട്വന്റിയും വലിയ വിജയമായി.
ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പൊറിഞ്ചു മറിയം ജോസ്, പാപ്പന്‍, ആന്റണി എന്നീ സിനിമകളില്‍ പുതിയ തലമുറയോട് ഇഞ്ചോട് ഇഞ്ച് മത്സരിക്കുന്ന ആഖ്യാനശൈലിയിലൂടെ ഈ പ്രായത്തിലും താന്‍ കാലത്തിന് മുന്നേ സഞ്ചരിക്കുന്ന ചലച്ചിത്രകാരനാണെന്ന് ജോഷി തെളിയിച്ചു. പ്രതിഭക്കും സര്‍ഗാത്മകതക്കും പ്രായപരിധിയില്ലെന്ന പറയാതെ പറച്ചിലുകളായി മാറി ജോഷിയുടെ സമീപകാല സിനിമകള്‍.ഒരു നിമിഷം പോലും ആളുകളെ മുഷിപ്പിക്കാതെ ആദ്യന്തം തിയറ്ററുകളില്‍ പിടിച്ചിരുത്താനുളള സവിശേഷമായ കഴിവാണ് ജോഷിയുടെ വിജയരഹസ്യം. 
ചിലര്‍ക്ക് ചിലരേ വാഴൂ എന്നൊരു വിശ്വാസം സിനിമയിലുണ്ട്. എന്നാല്‍ ജോഷിക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ല. മമ്മൂട്ടിയുടെ വന്‍വിജയസിനിമകളുടെ സാരഥയായി അറിയപ്പെട്ട ജോഷി തന്നെ മോഹന്‍ലാലിനും സുരേഷ്‌ഗോപിക്കും ദിലീപിനും മെഗാഹിറ്റുകള്‍ സമ്മാനിച്ചു. നായകന്‍ ആരായാലും ജോഷിയുടെ ക്രാഫ്റ്റ്മാന്‍ഷിപ്പും പ്രേക്ഷക മനശാസ്ത്രത്തെക്കുറിച്ചുള്ള ബോധ്യവും തന്നെയാണ് മലയാള സിനിമയിലെ അനിഷേധ്യനായ ഹിറ്റ് മേക്കര്‍ എന്ന പദവിയില്‍ ഇപ്പോഴും അദ്ദേഹത്തെ നിലനിര്‍ത്തുന്നത്.  വരും കാലങ്ങളിലും ഇന്നത്തെ അതേ പ്രഭാവത്തോടെ ജോഷിയുടെ സാന്നിധ്യം മലയാള സിനിമയില്‍ ഉണ്ടാവുമെന്ന് തന്നെയാണ്  പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇന്നും റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ സിനിമകള്‍ ആദ്യം കണ്ട് അദ്ദേഹം അതിന്റെ ശില്‍പ്പിയെ വിളിച്ച് അഭിനന്ദനം അറിയിക്കുന്നു. ആ സിനിമ ഉള്‍ക്കൊളളുന്നു. സ്വാംശീകരിക്കുന്നു. പിന്നെ അതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ അടുത്ത ജോഷി ചിത്രം ഒരുക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ സ്വയംനവീകരണത്തിന്റെ മറു വാക്കായി മാറുന്നു ജോഷി.


Source link

Related Articles

Back to top button