സിന്നർ ക്വാർട്ടറിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ പുരുഷ ലോക രണ്ടാം റാങ്ക് ജാനിക് സിന്നർ ക്വാർട്ടർ ഫൈനലിൽ. നാലു സെറ്റ് നീണ്ട മത്സരത്തിൽ സിന്നർ ഫ്രാൻസിന്റെ കോറെന്റൻ മോറ്റെയെ 2-6, 6-3, 6-2, 6-1നു തോൽപ്പിച്ചു. സ്വന്തം കാണികളുടെ മുന്നിൽ കളിച്ച മോറ്റെ ആദ്യ സെറ്റിൽ തകർപ്പൻ ഫോമിലായിരുന്നു. 5-0ന്റെ ലീഡ് ഫ്രഞ്ച് താരം നേടി. രണ്ടു പോയിന്റ് നേടി സിന്നർ ആദ്യ സെറ്റിൽ ബേയ്ഗലിൽ(6-0ന്റെ തോൽവി) നിന്ന് ഒഴിവായി. ശക്തമായി തിരിച്ചുവന്ന സിന്നർ അടുത്ത സെറ്റുകൾ അനായാസം നേടി. ഗ്രിഗർ ദിമിത്രോവാണു ക്വാർട്ടറിൽ സിന്നറുടെ എതിരാളി. മെദ്വദേവ് പുറത്ത് അഞ്ചാം റാങ്ക് താരം ഡാനിൽ മെദ്വദേവിനെ 11-ാം റാങ്ക് ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനോർ അട്ടിമറിച്ചു. 4-6, 6-2, 6-1. 6-3നാണ് ഓസ്ട്രേലിയൻ താരത്തിന്റെ ജയം. ആദ്യ സെറ്റ് നഷ്ടമായശേഷം അടുത്ത സെറ്റുകളിൽ അനായാസ ജയമാണ് മിനോർ നേടിയത്. സബലെങ്ക മുന്നോട്ട് രണ്ടാം റാങ്ക് വനിതാ താരം അരീന സാബലെങ്ക ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ സബലെങ്ക അമേരിക്കയുടെ എമ്മ നവാരോയെ 6-2, 6-3നു പരാജയപ്പെടുത്തി. വെറും 69 മിനിറ്റ് കൊണ്ടാണ് സാബലെങ്ക അമേരിക്കൻ താരത്തെ തകർത്തത്. സബലെങ്കയുടെ ഒന്‍പതാം ഗ്രാൻസ്ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്. വനിതകളുടെ മറ്റൊരു പ്രീക്വാർട്ടറിൽ നാലാം സീഡ് എലേന റെബാകിന യുക്രെയിന്റെ എലീന സ്വിറ്റോലിനയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 6-4, 6-3നാണു കസാഖ് താരത്തിന്റെ ജയം. ഫ്രഞ്ച് ഓപ്പണിൽ രണ്ടാം തവണയാണ് റെബാകിന ക്വാർട്ടർ ഫൈനലിലെത്തുന്നത്. 2024ൽ കസാഖ് താരത്തിന്റെ ഒന്‍പതാമത്തെ ക്വാർട്ടർ പ്രവേശനമാണ്. ഈ വർഷം ഏറ്റവും കൂടുതൽ തവണ ക്വാർട്ടറിലെത്തിയതും റെബാകിനയാണ്. ജാസ്മിൻ പൗളിനിയാണു റെബാകിനയുടെ ക്വാർട്ടറിലെ എതിരാളി. ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ ഇന്തോ-ഓസ്ട്രേലിയൻ സഖ്യം 6-7(2-7), 6-3, 7-6(10-8)ന് ശ്രീരാം ബാലാജി -മിഗ്വൽ എയ്്ഞ്ചൽ റെയസ് സഖ്യത്തെ പരാജയപ്പെടുത്തി. രണ്ടാം സീഡായ ബൊപ്പണ്ണ സഖ്യത്തിനു ടൈബ്രേക്കറിലൂടെയാണ് ഇന്തോ-മെക്സിക്കൻ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനായത്.
Source link