കലൈഞ്ജർക്ക് ഇന്ന് നൂറാം പിറന്നാൾ
ചെന്നൈ:അന്തരിച്ച കലൈഞ്ജർ കരുണാനിധിയുടെ നൂറാം പിറന്നാൾ ഇന്ന്. ചെന്നൈയിൽ ഡി.എം.കെ ആസ്ഥാനത്ത് പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ആഘോഷവും മറീന ബീച്ചിലെ സ്മൃതി മണ്ഡപത്തിൽ അനുസ്മരണവും നടക്കും. ഡൽഹിയിൽ ‘ഇന്ത്യ’ മുന്നണി നേതാക്കൾ പങ്കെടുക്കുന്ന വിപുലമായ പരിപാടി മുന്നണിക്ക് തിരിച്ചടിയുണ്ടാകുമെന്ന എക്സിറ്റ് പോൾ സൂചനയെ തുടർന്ന് ഒഴിവാക്കി.
കലൈഞ്ജരുടെ പിറന്നാൾ ദിന സമ്മാനമായി തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും വിജയം സമർപ്പിക്കണമെന്ന് സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ആഹ്വാനം ചെയ്തിരുന്നു. തമിഴ്നാട്ടിൽ ഡി.എം.കെയ്ക്കാണ് മേൽക്കൈ.
‘ഇന്ത്യയുടെ ദിശ നിർണ്ണയിച്ച കലാകാരൻ; നിങ്ങളുടെ മകനെന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ടത് ഞാൻ ചെയ്യുന്നു’ എന്നാണ് ഇന്നലെ എം.കെ.സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
അണ്ണാദുരൈ കണ്ടെടുത്ത് വളർത്തിയ നേതാവായിരുന്നു കരുണാനിധി. ദക്ഷിണാമൂർത്തിയെന്ന സംസ്‌കൃതനാമം ഉപേക്ഷിച്ചാണ് മുത്തുവേൽ കരുണാനിധിയെന്ന ദ്രാവിഡ നേതാവ് പിറക്കുന്നത്. പതിനേഴാം വയസിലാണ് കരുണാനിധി ഇപ്പോൾ ഡി.എം.കെ മുഖപത്രമായ ‘മുരസൊലി’ സ്ഥാപിച്ചത്. എഴുത്തിലൂം നാടകപ്രവർത്തനത്തിലും മുന്നേറിയ കരുണാനിധിയെ കാലം കലൈഞ്ജർ എന്ന് വിളിച്ചു.
1969ൽ അണ്ണാദുരൈയുടെ മരണശേഷം പാർട്ടിയുടെ അനിഷേധ്യ നേതാവായി.. കോൺഗ്രസ് ഭരണത്തെ തരിപ്പണമാക്കിയായിരുന്നു കരുണാനിധിയുടെ വളർച്ച. ഇന്ന് കോൺഗ്രസ് ഡി.എം.കെയുടെ ഘടകകക്ഷിയും! അഞ്ച് തവണ മുഖ്യമന്ത്രിയായ കരുണാനിധി ദേശീയ രാഷ്ട്രീയത്തിലും ശക്തനായിരുന്നു. ജയലളിതയുമായുള്ള രാഷ്‌ട്രീയ പോരും ചരിത്രമാണ്. 2001 ജൂൺ 30ന് അർദ്ധരാത്രി ജയലളിതയുടെ പൊലീസ് കരുണാനിധിയെ അറസ്റ്റു ചെയ്തത് വലിയ വിവാദമായി
മാക്സിം ഗോർക്കിയുടെ ‘മദറി’ന്റെ തമിഴ് പരിഭാഷ ഉൾപ്പെടെ ഇരുനൂറോളം പുസ്തകങ്ങൾ രചിച്ചു. ഇരുപതാം വയസ്സിൽ ആദ്യ ചിത്രമായ ‘രാജകുമാരി’ക്കു തിരക്കഥയെഴുതി. ഇന്നും കലൈഞ്ജർ അത്ഭുതമാണ്.
Source link