CINEMA

കിളി കൂടു കൂട്ടും പോലെ ഞാൻ വച്ച വീട് നിലംപതിച്ചു: വേദനയോടെ ഭാഗ്യലക്ഷ്മി

കിളി കൂടു കൂട്ടും പോലെ ഞാൻ വച്ച വീട് നിലംപതിച്ചു: വേദനയോടെ ഭാഗ്യലക്ഷ്മി | Bhagyalakshmi House

കിളി കൂടു കൂട്ടും പോലെ ഞാൻ വച്ച വീട് നിലംപതിച്ചു: വേദനയോടെ ഭാഗ്യലക്ഷ്മി

മനോരമ ലേഖകൻ

Published: June 03 , 2024 01:24 PM IST

Updated: June 03, 2024 02:16 PM IST

1 minute Read

ഭാഗ്യലക്ഷ്മി

ആശിച്ചു പണിത വീട് വിൽക്കേണ്ടി വരികയും അതു വാങ്ങിയവർ പൊളിക്കുന്നത് കാണേണ്ടിവരികയും ചെയ്ത ദുഃഖം പങ്കുവച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി നിർമിച്ച ‘സ്വരം’ എന്ന വീടിന്റെ രണ്ടു കാലഘട്ടത്തിലെ അവസ്ഥകൾ ആരാധകരുമായി പങ്കുവച്ചുകൊണ്ടാണ് ആ വീടിന്റെ കഥ ഭാഗ്യലക്ഷ്മി പറഞ്ഞത്. 
ആ വീടു പണിയാൻ എടുക്കേണ്ടി വന്ന അധ്വാനവും ഒടുവിൽ മോഹിച്ചു പണിത വീടു വിട്ട് ഇറങ്ങേണ്ടി വന്ന അവസ്ഥയും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ‘‘സ്നേഹവും സമാധാനവും ഇല്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം; അതെത്ര വിലപിടിപ്പുള്ളതായാലും,’’ എന്നാണ് വീടു വിട്ടതിനെപ്പറ്റി ഭാഗ്യലക്ഷ്മി പറയുന്നത്. വീടു പണിത് ഗൃഹപ്രവേശം നടത്തുന്നതും വർഷങ്ങൾക്കു ശേഷം ആ വീടു പൊളിക്കുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചു. 

‘‘1985 ൽ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോൾ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു ഞാൻ കയറി ചെന്നത്.  അന്ന് മനസ്സിൽ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്.  അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി.  സ്വരം എന്ന് പേരുമിട്ടു.   ആ വീട്ടിൽ താമസിച്ചു തുടങ്ങിയപ്പോൾ എന്തോ ഈ വീട്ടിൽ ഞാൻ അധികകാലം താമസിക്കില്ല എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നുകൊണ്ടേയിരുന്നു. 2000ൽ ഞാൻ അവിടെ നിന്നു പടിയിറങ്ങി. പിന്നീട് 2020ൽ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോൾ എനിക്കെന്തോ ആ വീട്ടിൽ താമസിക്കാൻ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കൾക്കും തോന്നിയില്ല. അങ്ങനെ ഞങ്ങൾ ആ വീട് ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആൾ അത് പൊളിക്കുന്നത് കണ്ടപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു,’’ ഭാഗ്യലക്ഷ്മി പറയുന്നു.
‘‘കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല.  സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്,’’ ഭാഗ്യലക്ഷ്മി പറയുന്നു. 

പത്താം വയസ്സു മുതൽ ഡബ്ബിങ് രംഗത്ത് സജീവമാണ് ഭാഗ്യലക്ഷ്മി. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി, പിന്നീട് ഡബ്ബിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി. 1991ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു സംസ്ഥാന സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ, ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ കൂടി ഭാഗ്യലക്ഷ്മി മികച്ച ഡബിങ് ആർടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടി. ഭാഗ്യലക്ഷ്മിക്ക് നിധിൻ, സച്ചിൻ എന്നീ രണ്ടു മക്കളാണ് ഉള്ളത്.

English Summary:
Dubbing Artist Bhagyalakshmi Shares Pain of Seeing Her Dream Home Demolished

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bhagyalakshmi mo-entertainment-common-malayalammovienews 3ujhbjbrvq76sl75kcs80e219p f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button