KERALAMLATEST NEWS

‘എക്‌സിറ്റ് പോളിന് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങൾ’; എൽഡിഎഫ് മികച്ച നേട്ടം കൈവരിക്കുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്‌സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇപി ജയരാജൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും അദ്ദേഹത്തിന് നല്ലത് സിനിമാ അഭിനയം തന്നെയാണെന്നും ഇപി പരിഹസിച്ചു. എക്‌സിറ്റ് പോളിന് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്‌സിറ്റ് പോൾ. ഇടതുപക്ഷ വിരുദ്ധ മനോഭാവം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുള്ള രാഷ്‌ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ഇപി വിമർശിച്ചു. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് എംവി ജയരാജൻ പറഞ്ഞു. എൽഡിഎഫ് പൊരുതി ജയിക്കും. ആദ്യ രണ്ട് റൗണ്ടിൽ തന്നെ ഇടതിന് മേൽക്കൈ കിട്ടും. യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ ക്ഷീണമുണ്ടാകുമെന്നും എംവി ജയരാജൻ പറഞ്ഞു.

ഏറ്റുമാനൂരപ്പന് വഴിപാടുകൾ അർപ്പിച്ച് സുരേഷ് ഗോപി

നാളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ അർപ്പിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് അദ്ദേഹം ഇന്ന് രാവിലെ ആറ് മണിക്ക് കുടുംബത്തോടൊപ്പം ദർശനം നടത്തിയത്. ഏറ്റുമാനൂരപ്പന് സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു.

ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു.

സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ ഇന്ന് ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. സുരേഷ് ഗോപി ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് അറിഞ്ഞ മാദ്ധ്യമങ്ങൾ അവിടെ നിലയുറപ്പിച്ചെങ്കിലും അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിച്ചില്ല. ക്ഷേത്രത്തിൽ എത്തിയത് മുതൽ തിരിച്ചു പോകുംവരെ നടന്റെ പ്രതികണം അറിയാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.


Source link

Related Articles

Back to top button