പൊലീസിനും ആർടിഒയ്‌ക്കും മാത്രമല്ല, ഫൈൻ അടിക്കാൻ അധികാരം ജനങ്ങൾക്കും; ആപ് ഉടനെന്ന് ഗണേശ്
കൊച്ചി: തൃശൂർ മുതലുള്ള എല്ലാ ട്രാഫിക് സിഗ്നൽ ടൈമറും അഡ്‌ജസ്‌റ്റ് ചെയ്യാൻ പോവുകയാണെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ. വണ്ടി ഫ്ളോ ചെയ്യാൻ വേണ്ടി ഹൈവേയിൽ കൂടുതൽ സമയം കൊടുക്കണം. സ്ട്രെയിറ്റ് പോകാനുള്ള വാഹനങ്ങൾക്ക് ആദ്യം പരിഗണന നൽകും. ഡ്രൈവർമാർ മര്യാദയ‌്ക്ക് വണ്ടി ഓടിച്ചില്ലെങ്കിൽ ഫൈൻ അടിച്ചു കൊടുക്കാനുള്ള നടപടിയുണ്ടാകും. അതിനുള്ള ആപ് ഉടൻ വരുന്നുണ്ട്. പൊലീസിനും എംവിഡി ഉദ്യോഗസ്ഥർക്കും മാത്രമല്ല നാട്ടുകാർക്കും ഫൈൻ അടിച്ചുകൊടുക്കാനുള്ള സംവിധാനം ആപിലുണ്ടാകും. രണ്ടാഴ്‌ചയ്‌ക്കകം ഇത് നിലവിൽ വരുമെന്നും ഗണേശ് വ്യക്തമാക്കി.
സിഗ്നൽ ജംക്ഷനിലെ കുരുക്ക് പഠിക്കാനാണ് ഗണേശ് കുമാർ ദേശീയപാതയിൽ യാത്ര നടത്തിയത്. തൃശൂർ മുതൽ അരൂർ വരെയാണ് മന്ത്രിയും സംഘവും സിഗ്നൽ ജംക്ഷനുകൾ പരിശോധിച്ചത്. ചാലക്കുടി പോട്ട പാപ്പാളി ജംക്ഷനിലാണ് മന്ത്രി ആദ്യം എത്തിയത്. നിരന്തരം അപകടം ഉണ്ടാകുന്ന ഇടം. ഇവിടെ പുതിയ രീതിയിൽ ഗതാഗതം ക്രമീകരിക്കും.
തുടർന്ന്, പോട്ട ആശ്രമം ജംക്‌ഷനിൽ പരിശോധനയ്ക്കെത്തി. ദേശീയപാതയിലെ വാഹനങ്ങൾക്ക് കൂടുതൽ സമയം നൽകും. ഓരോ ഇടങ്ങളിലും ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിയെ കാണാനെത്തിയിരുന്നു. ദേശീയപാതയിലെ സിഗ്നലുകളിൽ സമയ ക്രമീകരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സിഗ്നലുകളുടെ കാര്യത്തിൽ ദേശീയപാത അധികൃതരും പൊതുമരാമത്തു വകുപ്പുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മന്ത്രിയും മോട്ടോർ വാഹന വകുപ്പു ഉദ്യോഗസ്ഥരും നടത്തിയ പഠന റിപ്പോർട്ട് പരിഗണിച്ചാകും സിഗ്നൽ പരിഷ്ക്കാരം . ദേശീയപാതയിലെ ഒട്ടുമിക്ക സിഗ്നലുകളിലും കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരിശോധന.
Source link