നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അദാനി, വിപണി മൂല്യത്തെ ബാധിക്കുന്നതായി പരാതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തങ്ങൾക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഡൽഹി കോടതിയെ സമീപിച്ചു. ഇവരുടെ പ്രസ്താവനകൾ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തെയും നിക്ഷേപക താത്പര്യങ്ങളെയും ഹനിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ ഗൗതം അദാനി ഉൾപ്പെടെയുള്ള വ്യവസായികളുടെ 15-16 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് പറഞ്ഞ രാഹുൽ ഗാന്ധി വ്യക്തിപരമായ അജണ്ടകൾക്കായി അദാനി ഗ്രൂപ്പിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ വസ്തുതകൾ വളച്ചൊടിച്ചുവെന്ന് ഹർജിയിലുണ്ട്. അംബാനിയും അദാനിയും ചേർന്ന് കോൺഗ്രസിന് കൈക്കൂലി നൽകിയെന്നും പാർട്ടിയിലേക്ക് അനധികൃത പണമിടപാട് നടത്തിയെന്നും തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചതാണ് പ്രധാനമന്ത്രി മോദിക്കെതിരെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പ്രചാരണ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ബി.ജെ.പിയുടെ ബംഗാൾ ഘടകത്തെ വിലക്കിയ കൽക്കട്ട ഹൈക്കോടതി നടപടിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.തൃണമൂൽ കോൺഗ്രിനെതിരെയുള്ള പരസ്യം പ്രഥമദൃഷ്ട്യാ തന്നെ പാർട്ടിയെ ഇകഴ്ത്തുന്നതാണെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരസ്യമെന്ന് ബി.ജെ.പിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. വോട്ടറുടെ താത്പര്യത്തിന് നിരക്കുന്നതല്ല ഇത്തരം പരസ്യം. എതിരാളിയെന്നാൽ ശത്രുവല്ല. കൂടുതൽ അക്രമങ്ങളിലേക്ക് പോകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ബി.ജെ.പി ഹർജി പിൻവലിച്ചു.
Source link