KERALAMLATEST NEWS

എക്‌സാലോജിക്കിന്റെ വിദേശത്തെ അക്കൗണ്ടിനെക്കുറിച്ചുളള അന്വേഷണം; ഷോൺ ജോർജിന്റെ ഉപഹ‌ർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കൊമേഷ്യൽ ബാങ്കിലുളള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് നൽകിയ ഉപഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോടതി ഉത്തരവുപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്റെ ഭാഗമായി ഈ പണമിടപാടും പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

വീണാ വിജയനും ബന്ധു എം സുനീഷുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.

മാസപ്പടി കേസിൽ അദ്ദേഹം നൽകിയ ഹർജിയുടെ ഭാഗമായാണ് ഉപഹർജി. വിവാദ കമ്പനികളായ എസ് എൻ ലാവ്‌ലിൻ, പിഡബ്യൂസി എന്നിവയിൽ നിന്നും കോടിക്കണക്കിന് രൂപ അബുദാബിയിലെ അക്കൗണ്ടിൽ എത്തിയെന്നാണ് ഷോൺ ജോർജ് ആരോപിച്ചത്.

അതേസമയം, മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഹർജിയിൽ വിശദമായി വാദം കേൾക്കുന്നതിന് ജസ്റ്റിസ് നവീൻ ചൗള അദ്ധ്യക്ഷനായ ബഞ്ച് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹർജിയിൽ ആദായ നികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ കോടതി മുൻപ് തന്നെ സമയം അനുവദിച്ചിരുന്നു.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്ന് സിഎംആർഎൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.


Source link

Related Articles

Back to top button