KERALAMLATEST NEWS

കനത്തമഴയിൽ സ്കൂട്ടറിന്റെ പിറകിലിരുന്ന് കുട നിവർത്തി, തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടർ യാത്രക്കാരി റോ‌ഡിൽ തലയിടിച്ചുവീണ് മരിച്ചു. മുക്കോല സ്വദേശിനിയായ സുശീലയാണ് മരിച്ചത്. സ്കൂട്ടറിന്റെ പിറകിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് റോഡിലേക്ക് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് ഇവർ. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തലസ്ഥാന നഗരത്തിൽ മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന മഴയിൽ കനത്ത വെള്ളക്കെട്ട്. നഗരത്തിൽ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞതോടെയാണ് വിവിധയിടങ്ങളിൽ വെള്ളംകയറിയത്. കിഴക്കേകോട്ട, തമ്പാനൂർ, ഗൗരീശപട്ടം എന്നിങ്ങനെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിലും കടകളിലുമടക്കം വെള്ളക്കെട്ടുണ്ടായി.

തമ്പാനൂർ റെയിൽവെ സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ കനത്ത വെള്ളക്കെട്ടിൽ ഗതാഗത സ്തംഭനമുണ്ടായി. തമ്പാനൂർ എസ് എസ് കോവിൽ റോഡിലും വെള്ളംനിറഞ്ഞു. മണിക്കൂറുകളായി നിർത്താതെ പെയ്‌ത മഴയിൽ ആമയിഴഞ്ചാൻ തോട് നിറഞ്ഞതോടെ ഗൗരീശ പട്ടം, തേക്കുംമൂട് എന്നിവിടങ്ങളിൽ വെള്ളംകയറി. പഴവങ്ങാടി-പവർഹൗസ് റോഡിലും വെള്ളക്കെട്ടാണ്. മുട്ടത്തറ ടി.ബി റോഡിലും കനത്ത വെള്ളക്കെട്ടുണ്ടായി. മിക്കയിടത്തും വെള്ളം കയറിയതോടെ ആളുകൾ വീട്‌വിട്ട് പുറത്തിറങ്ങി.

തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. മഴയിൽ കളമശേരി മേഖലയിൽ വീണ്ടും വെള്ളം കയറി. മൂലപ്പാടത്തും വെള്ളക്കെട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുംപ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തെക്കൻ, മദ്ധ്യ കേരളത്തിൽ മഴ കനക്കും.


Source link

Related Articles

Back to top button