KERALAMLATEST NEWS

‘പാമ്പായി’ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം; അടൂരിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയിൽ. പത്തനംതിട്ട അടൂരിലാണ് സംഭവം. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. റോഡരികിലെ ഓവുചാലിൽ നിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിന് മുന്നിൽ അഭ്യാസം നടത്തിയത്. ഈ സമയം ദീപു അമിതമായി മദ്യപിച്ചിരുന്നു. ഇയാളെ പൊലീസ് വനംവകുപ്പിന് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഇത് കണ്ട ദീപു ഉടൻതന്നെ ചാലിലിറങ്ങി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് അതിനെ തോളിലിട്ട് അഭ്യാസ പ്രകടനം നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ദീപു പാമ്പിനെ വിട്ടുനൽകാൻ തയ്യാറായില്ല. പാമ്പിനെ പിടികൂടുന്നതിൽ മുൻപരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ലാത്തയാളാണ് ദീപു. സംഭവത്തെ തുടർന്ന് ദീപുവിനോ പാമ്പിനോ പരിക്കുകളൊന്നുമില്ല. പെരുമ്പാമ്പിനെ അശാസ്‌ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാൻ ജനമദ്ധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ദീപുവിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ പെരുമ്പാമ്പിനെ കുമ്മണ്ണൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവർ അശാസ്ത്രീയമായ രീതിയിൽ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന വീഡിയോ നേരത്തേ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ശാസ്ത്രീയമായി മാത്രമേ പാമ്പിനെ പിടിക്കാവൂ എന്നാണ് വനംവകുപ്പ് നിർദ്ദേശം. ഇത് പാലിക്കാതെയാണ് ഇവർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. ശാസ്ത്രീയമായല്ല പാമ്പ് പിടിക്കുന്നതെന്ന് പറഞ്ഞ് വാവ സുരേഷിനെ വനംവകുപ്പ് മാറ്റി നിറുത്തിയ സാഹചര്യത്തിലായിരുന്നു പരിശീലനം ലഭിച്ചവരുടെ ഈ പ്രാകൃത പ്രകടനം. 2023 ഏപ്രിലിലായിരുന്നു ഈ സംഭവം നടന്നത്. പൊന്മുടിക്ക് സമീപം ഇടിഞ്ഞാറിൽ പുളി​മരത്തി​ൽ കയറിയ രാജവെമ്പാലയെയാണ് ഈ തരത്തിൽ കൈകാര്യം ചെയ്തത്. ചാക്കിൽ പിടിച്ചിടാൻ ശ്രമിക്കുന്നതിനിടെ പാമ്പിനെ പലവട്ടം എടുത്തെറിയുന്നതും പാമ്പ് കൊത്താനായുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഒന്നര മണി​ക്കൂറോളമായിരുന്നു പ്രകടനം. പാമ്പിനെ കൈകൊണ്ട് പിടിക്കുന്നത് തെറ്റാണെന്നും വാലിൽ പിടിച്ചെടുത്താൽ നട്ടെല്ല് ഒടിഞ്ഞുപോകുമെന്നും കശേരുവി​ന് കേടുപാടുണ്ടാകുമെന്നുമാണ് വനം വകുപ്പ് പറയുന്നത്. പാമ്പ് പിടിക്കണമെങ്കിൽ തങ്ങളുടെ പരിശീലന സർട്ടിഫിക്കറ്റ് വേണമെന്നാണ് വനം വകുപ്പ് നിർദ്ദേശം. തിയറി ക്ളാസിൽ വാവ സുരേഷ് പങ്കെടുക്കാത്തതിനാൽ യോഗ്യതയില്ലെന്നും പാമ്പിനെ പിടിച്ചാൽ നടപടിയുണ്ടാകുമെന്നും വകുപ്പ് അന്ന് പറഞ്ഞിരുന്നു. പരിശീലന സർട്ടിഫിക്കറ്റ് കൈയിലുള്ളവരും മറ്റുള്ളവർക്ക് പരിശീലനം നൽകുന്നവരുമാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ പാമ്പിനെ പിടിച്ചത്.


Source link

Related Articles

Back to top button