ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ഇന്ന് രാത്രി 7.30ന്
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം പതിപ്പിന് ഇന്ന് കലാശക്കൊട്ട്. കോടികൾ കിലുങ്ങുന്ന സൂപ്പർ സ്റ്റാറുകൾ ഏറ്റുമുട്ടിയ 73 മത്സരങ്ങൾ അവസാനിച്ചപ്പോൾ ബാക്കിയുള്ളത് രണ്ട് ടീമുകൾ, കെകെആർ എന്നറിയപ്പെടുന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സും എസ്ആർഎച്ച് എന്നു ചുരുക്കപ്പേരുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദും. കിരീടം ആർക്കെന്ന് നിശ്ചയിക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇരുടീമും ഇന്ന് കൊന്പുകോർക്കും. രാത്രി 7.30ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഐപിഎൽ 2024 സീസണ് ചാന്പ്യനെ നിശ്ചയിക്കുന്ന സ്റ്റാർ വാർ… പിച്ച് റിപ്പോർട്ട് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുന്നതാണ് കണ്ടുവരുന്നത്. ക്വാളിഫയർ രണ്ടിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് 175 റണ്‍സ് പ്രതിരോധിച്ച് രാജസ്ഥാൻ റോയൽസിനെ കീഴടക്കിയിരുന്നു. ഈ സീസണിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീം ചിദംബരം സ്റ്റേഡിയത്തിൽ ജയിച്ചത് മൂന്നു തവണമാത്രമാണ്. മധ്യഓവറുകളിൽ സ്കോറിംഗ് വേഗത കുറയും എന്നതാണ് പിച്ചിന്റെ പ്രത്യേകത. കരുത്തരുടെ പോരാട്ടം ഐപിഎൽ 17-ാം സീസണിൽ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാരായിരുന്നു കോൽക്കത്തയും ഹൈദരാബാദും. ഇരുടീമും ഫൈനലിൽ ഏറ്റുമുട്ടുന്നത് എന്തുകൊണ്ടും ന്യായം. ബാറ്റിംഗിലും ബൗളിംഗിലും ഒന്നുപോലെ മികവു പുലർത്തിയ, ടീം ഒന്നടങ്കം ആത്മാർഥമായി കളിക്കുന്നതാണ് കോൽക്കത്തയുടെയും ഹൈദരാബാദിന്റെയും പ്ലസ് പോയിന്റ്. ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടെ 567 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് നയിക്കുന്നത്. മൂന്ന് അർധസെഞ്ചുറിയടക്കം 482 റണ്‍സ് നേടിയ അഭിഷേക് ശർമയാണ് ഹെഡിനൊപ്പം ഓപ്പണിംഗ്. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണിവർ. നാല് അർധസെഞ്ചുറിയടക്കം 463 റണ്‍സ് നേടിയ ഹെൻറിച്ച് ക്ലാസനാണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗിലെ മറ്റൊരു കരുത്ത്. ഓപ്പണറുടെ റോളിലെത്തുന്ന സുനിൽ നരെയ്നാണ് കോൽക്കത്തയുടെ ടോപ് സ്കോറർ. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം നരെയ്ൻ 482 റണ്‍സ് ഇതുവരെ നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (345), വെങ്കിടേഷ് അയ്യർ (318) എന്നിവരും കെകെആറിന്റെ ബാറ്റിംഗ് കരുത്താണ്. 20 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവർത്തിയാണ് കെകെആറിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്. 17 വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണ, 16 വിക്കറ്റ് നേടിയ സുനിൽ നരെയ്ൻ, ആന്ദ്രേ റസൽ, 15 വിക്കറ്റ് സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്ക് എന്നിവരും കോൽക്കത്ത ബൗളിംഗിന് കരുത്തേകും. 19 വിക്കറ്റ് വീഴ്ത്തിയ ടി. നടരാജനാണ് സണ്‍റൈസേഴ്സ് സംഘത്തിലെ വിക്കറ്റ് വേട്ടക്കാരൻ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 17ഉം ഭുവനേശ്വർ കുമാർ 11ഉം വിക്കറ്റുമായി പേസ് ആക്രമണ കരുത്ത് ഇതുവരെയറിയിച്ചു. നേർക്കുനേർ ഈ ഐപിഎൽ സീസണിൽ ഇരുടീമും ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോഴും പ്ലേ ഓഫിൽ ഏറ്റുമുട്ടിയപ്പോഴും കോൽക്കത്തയ്ക്കായിരുന്നു ജയം. ലീഗ് റൗണ്ടിൽ നാല് റണ്‍സിനും പ്ലേ ഓഫ് ക്വാളിഫയർ ഒന്നിൽ എട്ട് വിക്കറ്റിനുമായിരുന്നു കെകെആറിന്റെ ജയം. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ഇരുടീമും 27 തവണ ഏറ്റുമുട്ടി. കോൽക്കത്ത 18ഉം ഹൈദരാബാദ് ഒന്‍പത് തവണയും ജയം നേടി. പ്ലേ ഓഫിൽ ഇരുടീമും ഇതുവരെ നാല് തവണ കളിച്ചു, രണ്ട് ജയം വീതം സ്വന്തമാക്കി. ക്യാപ്റ്റൻ കമ്മിൻസ് ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്, ഐസിസി ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങൾ നേടിയ പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസി ഇതിനോടകം ക്രിക്കറ്റ് ലോകം തലകുലുക്കി സമ്മതിച്ചതാണ്. ഈ ക്യാപ്റ്റൻസി മികവാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് കമ്മിൻസിനെ നായകസ്ഥാനത്ത് നിയമിക്കാൻ കാരണവും. എയ്ഡൻ മാക്രത്തെ പുറത്താക്കിയായിരുന്നു സണ്‍റൈസേഴ്സ് കമ്മിൻസിനെ ക്യാപ്റ്റനാക്കിയത്. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽത്തന്നെ സണ്‍റൈസേഴ്സിനെ കമ്മിൻസ് ഫൈനലിൽ എത്തിച്ചു. ക്വാളിഫയർ രണ്ടിൽ രാജസ്ഥാൻ റോയൽസിനെതിരായ ഹൈദരാബാദിന്റെ 36 റണ്‍സ് ജയം കമ്മിൻസിന്റെ തന്ത്രത്തിന്റെ ഫലമായിരുന്നു. 175 റണ്‍സ് പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഏഴ് ഓവറിൽ 56/1 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാൽ, എട്ടാം ഓവറിൽ ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നറായ ഷഹ്ബാസ് അഹമ്മദിനെ കമ്മിൻസ് പന്ത് ഏൽപ്പിച്ചു. ആ ഓവറിൽ യശസ്വി ജയ്സ്വാൾ പുറത്ത്. തൊട്ടടുത്ത ഓവറിന് കമ്മിൻസ് ബ്രില്യൻസ് വീണ്ടും. പന്ത് നൽകിയത് മറ്റൊരു ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നറായ അഭിഷേക് ശർമയ്ക്ക്. ആ ഓവറിൽ സഞ്ജു സാംസണും പുറത്ത്. ഷഹ്ബാസ്-അഭിഷേക് ബൗളിംഗ് സഖ്യത്തക്കൊണ്ട് അഞ്ച് ഓവറാണ് കമ്മിൻസ് തുടർച്ചയായി എറിയിച്ചത്. ആ അഞ്ച് ഓവറിൽ 24 റണ്‍സിനിടെ നാല് വിക്കറ്റ് വീണു. അതോടെ മത്സരം സണ്‍റൈസേഴ്സിന്റെ കൈയിൽ. ഇതിനിടെ എയ്ഡൻ മാക്രത്തിന് ഒരു ഓവർ നൽകി. വീണ്ടും ഷഹ്ബാസ്-അഭിഷേക് സഖ്യത്തെ പന്ത് ഏൽപ്പിച്ചു. ഇരുവരും നാല് ഓവർ വീതം പൂർത്തിയാക്കിയപ്പോൾ ഇന്നിംഗ്സിലെ 16 ഓവർ കഴിഞ്ഞു. അപ്പോൾ രാജസ്ഥാന്റെ സ്കോർ 113/6. എട്ട് ഓവറിൽ 47 റണ്‍സിന് അഞ്ച് വിക്കറ്റാണ് ഷഹ്ബാസ്-അഭിഷേക് സഖ്യം നേടിയത്. അഭിഷേക് ശർമയെ (4-0-24-2) പന്ത് ഏൽപ്പിച്ചതാണ് കമ്മിൻസിന്റെ ക്യാപ്റ്റൻസി ബ്രില്യൻസ്. കാരണം, ഈ ഐപിഎല്ലിൽ ഇതിനു മുൻപ് മൂന്ന് ഓവർ മാത്രമായിരുന്നു അഭിഷേക് എറിഞ്ഞത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ ഏറ്റവും ഭയക്കുന്നതും ക്യാപ്റ്റൻ കമ്മിൻസിന്റെ ബ്രില്യൻസിനെയാണ്. 4-3 ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നാലാം ഫൈനലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മൂന്നാമത്തേതും. 2012, 2014 സീസണുകളിൽ കോൽക്കത്ത ഐപിഎൽ കിരീടം സ്വന്തമാക്കി. 2021 ഫൈനലിൽ തോറ്റു. 2016 ചാന്പ്യന്മാരായ സണ്‍റൈസേഴ്സ് 2018 ഫൈനലിൽ പരാജയം രുചിച്ചു. മൂന്നാം കിരീടത്തിനായി കോൽക്കത്തയും രണ്ടാം കിരീടത്തിനായി ഹൈദരാബാദും ഇറങ്ങുകയാണ്. സ്റ്റാർക്ക് x കമ്മിൻസ് ഐപിഎൽ ചരിത്രത്തിൽ 20 കോടിയിൽ അധികം പ്രതിഫലമുള്ള ആദ്യ കളിക്കാരാണ് ഓസ്ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും. ഓസ്ട്രേലിയയെ ടെസ്റ്റ് ചാന്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം എത്തിച്ച ക്യാപ്റ്റനായ കമ്മിൻസിനെ സ്വന്തമാക്കാൻ 2024 ലേലത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് വാരിയെറിഞ്ഞത് 20.50 കോടി രൂപ. 2023 ലേലത്തിൽ ഇംഗ്ലീഷ് ഓൾറൗണ്ടറായ സാം കറനുവേണ്ടി പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കിയ റിക്കാർഡ് അതോടെ തകർന്നു. എന്നാൽ, കമ്മിൻസിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയതിന്റെ ഏതാനം മിനിറ്റുകൾക്കുള്ളിൽ ഏറ്റവും വിലയേറിയ താരത്തിന്റെ റിക്കാർഡ് മിച്ചൽ സ്റ്റാർക്ക് തിരുത്തി. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി മുടക്കി സ്റ്റാർക്കിനെ സ്വന്തമാക്കിയതോടെയായിരുന്നു അത്. 2023 ഡിസംബർ 19ന് നടന്ന ലേലത്തിൽ 20 കോടിയിൽ അധികം മുടക്കി കോൽക്കത്തയും ഹൈദരാബാദും സ്വന്തമാക്കിയ സ്റ്റാർക്കും കമ്മിൻസും 17-ാം സീസണ് ഐപിഎൽ ഫൈനലിൽ നേർക്കുനേർ വരുമെന്ന് അന്നാരും വിചാരിച്ചില്ല. ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഈ ഓസ്ട്രേലിയൻ താരങ്ങൾ മുഖാമുഖം ഇറങ്ങുന്നു എന്നതാണ് 2024 ഐപിഎൽ ഫൈനലിന്റെ ഏറ്റവും വലിയ പ്രത്യേകത.
Source link