വൻ തോൽവികൾ…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണ് കിരീടം ആർക്കെന്നു മാത്രമാണ് ഇനി അറിയേണ്ടത്. ഞായറാഴ്ചത്തെ ഫൈനലോടെ 2024 ഐപിഎൽ സീസണിന് തിരശീല വീഴും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ഫ്രാഞ്ചൈസികൾ കളിക്കാരെ ലേലംകൊണ്ട സീസണ് ആയിരുന്നു 2024. ഓസ്ട്രേലിയൻ പേസർമാരായ പാറ്റ് കമ്മിൻസിനെ 20.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദും, മിച്ചൽ സ്റ്റാർക്കിനെ 24.75 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സും സ്വന്തമാക്കിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലം. കോടികൾ മുടക്കി കളിക്കാരെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികൾക്ക് പൈസ വസൂലായോ…? 2024 ഐപിഎൽ സീസണിൽ വിലയേറിയ കളിക്കാരിൽ തികഞ്ഞ പരാജയമായവരെക്കുറിച്ച്… മാക്സ്വെൽ (11 കോടി) ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിലെ ഏറ്റവും വലിയ ദുരന്തമാണ് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ. 11 കോടി രൂപയാണ് നിലവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മാക്സ്വെല്ലിനു നൽകുന്നത്. എന്നാൽ, ഈ തുകയ്ക്കുള്ള പ്രകടനം ഓസീസ് താരം 2024 സീസണിൽ കാഴ്ചവച്ചില്ല. രണ്ടു തവണ ഗോൾഡൻ ഡക്കായത് ഉൾപ്പെടെ ആകെ നാല് പ്രാവശ്യം പൂജ്യത്തിനു പുറത്തായി. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്താകുന്ന റിക്കാർഡിൽ രണ്ടാം സ്ഥാനത്തും ഇതോടെ മാക്സ്വെൽ എത്തി. ഐപിഎൽ ചരിത്രത്തിൽ 18 തവണ മാക്സ്വെൽ പൂജ്യത്തിനു പുറത്തായി. ദിനേശ് കാർത്തികിന് ഒപ്പം ഏറ്റവും കൂടുതൽ പൂജ്യം എന്ന റിക്കാർഡ് പങ്കിടുകയാണ് ഓസീസ് താരം. 2024 സീസണിൽ 10 ഇന്നിംഗ്സിൽനിന്ന് മാക്സ്വെൽ നേടിയത് 5.78 ശരാശരിയിൽ 52 റണ്‍സ്, വീഴ്ത്തിയത് ആറ് വിക്കറ്റും. മിച്ചൽ സ്റ്റാർക്ക് (24.75 കോടി) കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി മുടക്കിയെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഈ ഐപിഎൽ സീസണിൽ പാറ്റ് കമ്മിൻസിന് ഇതുവരെ സാധിച്ചില്ല. ക്വാളിഫയർ ഒന്നിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേ നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി പ്ലെയർ ഓഫ് ദ മാച്ച് ആയതാണ് സ്റ്റാർക്കിന്റെ ശ്രദ്ധേയ പ്രകടനം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനൽകൂടി സ്റ്റാർക്കിന് മുന്നിൽ ബാക്കിയുണ്ട്. 4/33 ആണ് സീസണിലെ മികച്ച ബൗളിംഗ്. 13 മത്സരങ്ങളിൽനിന്ന് 15 വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. 11.07 ആണ് ഇക്കോണമി. ഇതുവരെ 233 പന്ത് ഈ സീസണിൽ കമ്മിൻസ് എറിഞ്ഞു. ഓരോ പന്തിനും 10.62 ലക്ഷം വീതമാണ് ഇതുവരെ ലഭിച്ചത്. ഫൈനലിൽ പരമാവധി 24 പന്ത് കൂടിയേ സ്റ്റാർക്ക് എറിയൂ. അങ്ങനെ നോക്കിയാൽ സ്റ്റാർക്കിന്റെ ഒരു പന്തിന് 9.63 ലക്ഷം രൂപ. അത്രയ്ക്ക് വിലമതിപ്പുള്ള പന്തുകളല്ല സ്റ്റാർക്ക് ഇതുവരെ എറിഞ്ഞത്. ഡാരെൽ മിച്ചൽ (14 കോടി) ന്യൂസിലൻഡ് ഓൾ റൗണ്ടർ ഡാരെൽ മിച്ചലിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത് 14 കോടി രൂപയ്ക്ക്. 2023 ഐസിസി ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെന്നൈ ഇത്രയും തുക മിച്ചലിനായി മുടക്കാൻ കാരണം. ഏതായാലും 2024 ഐപിഎല്ലിൽ 13 മത്സരങ്ങളിൽ 318 റണ്‍സ് മാത്രമാണ് ഡാരെൽ മിച്ചൽ നേടിയത്. 63 റണ്‍സാണ് ഉയർന്ന സ്കോർ. സ്ട്രൈക്ക് റേറ്റ് 142.60ഉം ശരാശരി 28.91ഉം. ആറ് ഓവർ ബൗൾ ചെയ്ത മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും സ്വന്തമാക്കി. ചുരുക്കത്തിൽ 318 റണ്‍സും ഒരു വിക്കറ്റും നേടുന്നതിനായി ഡാരെൽ മിച്ചലിന് സിഎസ്കെ നൽകേണ്ടിവന്നത് 14 കോടി രൂപ! റിസ്വി മുതൽ പടിക്കൽ വരെ ഐപിഎൽ 2024 സീസണിലെ ഏറ്റവും വിലയേറിയ അണ്‍ക്യാപ്ഡ് താരമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ സമീർ റിസ്വി. 8.4 കോടി രൂപയാണ് റിസ്വിക്കായി സിഎസ്കെ മുടക്കിയത്. എട്ട് മത്സരത്തിൽ ഇറങ്ങിയ റിസ്വി 12.75 ശരാശരിയിൽ 51 റണ്‍സ് മാത്രമേ നേടിയുള്ളൂ. 14 കോടി മുടക്കി ചെന്നൈ സ്വന്തമാക്കിയ ദീപക് ചഹറും തികഞ്ഞ പരാജയമായിരുന്നു. എട്ട് മത്സരത്തിൽനിന്ന് അഞ്ച് വിക്കറ്റാണ് ചഹറിന്റെ പ്രകടനം. 8.25 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ മായങ്ക് അഗർവാൾ (നാല് മത്സരം 64 റണ്‍സ്), 8.50 കോടി മുടക്കി സണ്‍റൈസേഴ്സ് സ്വന്തമാക്കിയ രാഹുൽ ത്രിപാഠി (അഞ്ച് മത്സരം 92 റണ്‍സ്), എട്ട് കോടി മുടക്കി പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ റിലീ റൂസോ (എട്ട് മത്സരം 211 റണ്‍സ്), 7.75 കോടിക്ക് ലക്നോ സൂപ്പർ ജയന്റ്സിലെത്തിയ ദേവ്ദത്ത് പടിക്കൽ (ഏഴ് മത്സരം 38 റണ്‍സ്), 6.50 കോടി പ്രതിഫലം കൈപ്പറ്റുന്ന ആൻറിക് നോർക്കിയ (ആറ് മത്സരം ഏഴ് വിക്കറ്റ്) എന്നിവരെല്ലാം ഈ സീസണിലെ വൻ തോൽവികളാണ്… അൽസാരി ജോസഫ് (11.5 കോടി) ബാറ്റിംഗ് വശമുള്ള പേസ് ബൗളർ എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് താരമായ അൽസാരി ജോസഫിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയത്. 11.5 കോടി രൂപയാണ് അൽസാരിക്കായി ആർസിബി മുടക്കുന്നത്. മാക്സ്വെല്ലിനെപ്പോലെ ആർസിബിയുടെ വൻ ഫ്ളോപ്പായിരുന്നു അൽസാരി ജോസഫ്. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് 2024 സീസണിൽ അൽസാരി ജോസഫ് ഇറങ്ങിയത്. നേടിയത് ഒരു വിക്കറ്റ് മാത്രവും. 11.90 ആണ് ഈ സീസണിൽ വെസ്റ്റ് ഇൻഡീസ് പേസറിന്റെ ഇക്കോണമി.
Source link