CINEMA

‘അമ്മ’യിൽ വൻ മാറ്റം; സ്ഥാനമൊഴിയാൻ ഇടവേള ബാബു?

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വനിരയിൽ വമ്പൻ മാറ്റങ്ങൾക്കു സാധ്യത. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ പദവികളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി സംഘടനയുടെ നേതൃരംഗത്തുള്ള ഇടവേള ബാബു സ്ഥനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചതായാണ് വിവരം. ഇതോടെ, ‘അമ്മ’യുടെ മുഖഛായ മാറുമെന്നാണ് സൂചന. 
വലിയ വിവാദങ്ങളില്ലാതെയാണ് മോഹൻലാൽ നേതൃത്വം നൽകിയ അമ്മയുടെ ഭരണസമിതി കടന്നു പോയത്. ഈ കാലയളവിലാണ് സംഘടന പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറിയത്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറുകയാണെങ്കിൽ ഇനിയാര് എന്ന ചോദ്യമാണ് ചർച്ചയാകുന്നത്. 25 വർഷം അമ്മയുടെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇനി നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു ഒരു മാധ്യമത്തോടു പ്രതികരിച്ചു. ഒരു മാറ്റം അനിവാര്യമാണെന്നും പുതിയ ആളുകൾ വരട്ടെയെന്നും ഇടവേള ബാബു പറഞ്ഞു. 

അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്നു മുതൽ പത്രികകൾ സ്വീകരിക്കും. കഴിഞ്ഞ തവണയും ഭാരവാഹിത്വം ഒഴിയാൻ ഇടവേള ബാബു താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മമ്മൂട്ടിയുടെ നിർബന്ധപ്രകാരം തൽസ്ഥാനത്തു തുടരുകയായിരുന്നു. 1994ൽ അമ്മ രൂപീകരിച്ചതിനു ശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു സംഘടനയുടെ നേതൃനിരയിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു ബാബുവിന്റെ തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018ലാണ് ഇടവേള ബാബു അമ്മയുടെ ജനറൽ സെക്രട്ടറിയായത്.  

2021ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. ആശാ ശരത്തും ശ്വേതയുമാണ് ഔദ്യോഗിക പാനലിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മണിയന്‍പിള്ള രാജു സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവീനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണിറോസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിച്ചത്. ഇതിൽ നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു.

English Summary:
Big changes in the leadership of Amma, with President Mohanlal and General Secretary Idavela Babu expected to step down.


Source link

Related Articles

Back to top button