എലിമിനേഷൻ ആർക്ക് ?
അഹമ്മദാബാദ്: ഇന്നു തോൽക്കുന്നവർ പുറത്ത്. ജയിക്കുന്നവർക്കു ഫൈനലിൽ പ്രവേശിക്കാൻ ഒരവസരം കൂടി. ഈ ഒരവസരം തേടിയാണ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസും ഫാഫ് ഡു പ്ലസിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിലെ എലിമിനേറ്ററിൽ ഏറ്റുമുട്ടും. രാജസ്ഥാൻ റോയൽസ് തുടർച്ചയായ നാലു തോൽവി നേരിടുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്ത ശേഷമാണു കളത്തിലെത്തുന്നത്. ആർസിബിയാണെങ്കിൽ തുടർച്ചയായ ആറു ജയങ്ങളുമായി മിന്നുന്ന ഫോമിലുമാണ്. വിജയപാതയിൽ തിരിച്ചെത്താൻ 2024 ഐപിഎൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിൽ ആദ്യം കടക്കുമെന്നു കരുതിയിടത്തുനിന്നാണു രാജസ്ഥാന് മൂന്നാം സ്ഥാനക്കാരായി എലിമിനേറ്ററിൽ മത്സരിക്കേണ്ടിവന്നത്. മേയ് രണ്ടിന് സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരേയുള്ള മത്സരത്തിനു മുന്‍പുവരെ എട്ടു ജയവും ഒരു തോൽവിയും മാത്രമായിരുന്നു രാജസ്ഥാന്. പിന്നീട് നാലു തുടർതോൽവിയും അവസാന മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നഷ്ടപ്പെട്ട വിജയമുഹൂർത്തം തിരിച്ചുപിടിക്കാനാണു സഞ്ജുവിന്റെ രാജസ്ഥാൻ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ട് ബാറ്റർ ജോസ് ബട്ലർ നാട്ടിലേക്കു മടങ്ങിയതു രാജസ്ഥാന്റെ ബാറ്റിംഗിനെ കാര്യമായി ബാധിച്ചു. യശസ്വി ജയ്സ്വാൾ, സഞ്ജു, റിയാൻ പരാഗ് എന്നിവരെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയായി. സഞ്ജുവും പരാഗും ഒരിക്കൽക്കൂടി മികവ് പുറത്തെടുക്കമെന്ന് പ്രതീക്ഷിക്കുന്പോൾ ഓപ്പണിംഗ് ശക്തമല്ല. ഷിമ്രോണ്‍ ഹെറ്റ്മെയർ ഇന്നു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൻഡീസ് താരത്തിന്റെ വരവ് മധ്യനിരയെ ശക്തമാക്കും. രാജസ്ഥാന്റെ മികച്ച ബൗളിംഗ് ലൈനപ്പിനു ചേർന്നതാണ് അഹമ്മദാബാദിലെ പിച്ച്. മികച്ച അച്ചടക്കമുള്ള ബൗളിംഗ് ലൈനപ്പും ശക്തമായ ബാറ്റിംഗ് നിരയുമുള്ള ടീമിന് അഹമ്മദാബാദിൽ ജയിക്കാവുന്നതാണ്. സീസണിലെ 12 ഇന്നിംഗ്സിൽ രണ്ടു തവണ മാത്രമേ 200 റണ്‍സിനപ്പുറം കടന്നിട്ടുള്ളൂ. വിജയം തുടരാൻ ആർസിബി റോയൽ ചലഞ്ചേഴ്സ് ആണെങ്കിൽ ഈ സീസണിൽനിന്ന് പ്ലേ ഓഫ് കാണാതെ ആദ്യം പുറത്താകുമെന്നു കരുതിയിടത്തുനിന്നു ശക്തമായ തിരിച്ചുവരവോടെ പ്ലേ ഓഫിലെത്തിയ ടീമാണ്. ലീഗിലെ ആദ്യമത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോടു തോറ്റു. രണ്ടാം മത്സരം ജയിച്ചു. പിന്നീട് തുടർച്ചയായി ഏഴു മത്സരങ്ങളിൽ തോൽവി. എല്ലാംകൊണ്ടും ഡുപ്ലസിയും സംഘവും പുറത്താകുമെന്ന് ഉറപ്പിച്ചു. ഇനി പ്ലേ ഓഫിലെത്തണമെങ്കിൽ ശേഷിക്കുന്ന ആറു മത്സരങ്ങളിൽ ജയിക്കണം. അഞ്ചു മത്സരം ജയിച്ച് ആറാം മത്സരം ചെന്നൈക്കെതിരേ. അതിൽ ഒരു സാധാരണ വിജയം മാത്രം പോരാ, മികച്ച റണ്‍റേറ്റിൽ ജയിക്കണം. അതും സാധിച്ചെടുത്താണ് റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിലെത്തിയത്. ആർസിബിക്ക് വിരാട് കോഹ്ലിയുടെ മികവുതന്നെയാണു മത്സരത്തിൽ വ്യത്യാസമുണ്ടാക്കുക. 14 മത്സരങ്ങളിൽനിന്ന് മുൻ നായകൻ 708 റണ്‍സുമായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയിരിക്കുകയാണ്. നായകൻ ഡുപ്ലസി ഫോം തിരിച്ചുപിടിച്ചു. ഈ സീസണിൽ അഞ്ച് അർധ സെഞ്ചുറി നേടിയ രജത് പാട്ടിദാറിനും മികച്ച സ്കോർ നേടാനാകുന്നുണ്ട്. മധ്യനിരയിൽ ഫോമിലുള്ള ദിനേശ് കാർത്തിക്കിനൊപ്പം കാമറൂണ്‍ ഗ്രീനും ഗ്ലെൻ മാക്സ് വെല്ലും മികവിലേക്കുയർന്നാൽ ബംഗളൂരുവിനു വൻ സ്കോർ ഉറപ്പാക്കാം. ഇവർക്കൊപ്പം ബൗളർമാരുംകൂടി മികച്ച പ്രകടനം നടത്തിയാൽ ബംഗളൂരുവിന്റെ പ്രതീക്ഷകളെ മുന്നോട്ടു നയിക്കും.
Source link