മുഹമ്മദ് മൊക്ബര്‍ ഇടക്കാല പ്രസിഡന്റ്; തെരഞ്ഞെടുപ്പ് 50 ദിവസത്തിനകം
ടെഹ്റാന്: പ്രസിഡന്റ് ഇബ്രാഹിം റെയ്സി അപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മൊക്ബര്‍ ചുമതലയേറ്റു. ഇദ്ദേഹവും പാര്‍ലമെന്റ് സ്പീക്കറും സുപ്രീംകോടതി ചീഫ് ജസ്റ്റീസുമടങ്ങുന്ന മൂന്നംഗ സമിതി 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തും. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ്യുടെ വിശ്വസ്തനെന്ന നിലയില്‍ നിലവിലെ ഒന്നാം വൈസ് പ്രസിഡന്റും ഇടക്കാല പ്രസിഡന്റുമായ മുഹമ്മദ് മൊക്ബറായിരിക്കും പുതിയ പ്രസിഡന്റ് എന്നാണു സൂചന. 1955 സെപ്റ്റംബര്‍ ഒന്നിനായിരുന്നു മുഹമ്മദ് മൊക്ബറിന്റെ ജനനം. 2021ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഒന്നാം വൈസ് പ്രസിഡന്റായത്. പരമോന്നത നേതാവ് ഖമനെയ്യുമായി ബന്ധമുള്ള നിക്ഷേപഫണ്ട് ബോര്‍ഡായ സെതാഡിന്റെ (ഹെഡ്ക്വാര്‍ട്ടേഴ്സ് ഫോര്‍ എക്സിക്യൂട്ടിംഗ് ദി ഓര്‍ഡര്‍ ഓഫ് ദി ഇമാം) മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2010ല്‍ യൂറോപ്യന്‍ യൂണിയന് ഉപരോധമേര്‍പ്പെടുത്തിയ ഇറാനിലെ പ്രമുഖ വ്യക്തികളില്‍ മുഹമ്മദ് മൊക്ബറുമുണ്ടായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തിനുശേഷം ഇദ്ദേഹത്തിനെതിരേയുള്ള ഉപരോധം നീക്കി. 2013ല്‍ ഇദ്ദേഹം മേധാവിയായ സെതാഡ് ഉള്‍പ്പെടെ 37 ഇറേനിയന്‍ കമ്പനികള്‍ക്കെതിരേ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. 2023ല്‍ മോസ്കോയിലെത്തി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും റഷ്യന്‍ സൈന്യത്തിന് ഉപരിതല മിസൈലുകളും ഡ്രോണുകളും നല്കാന് കരാറിലേര്‍പ്പെടുകയും ചെയ്ത ഇറേനിയന്‍ സംഘത്തെ നയിച്ചത് മുഹമ്മദ് മൊക്ബറായിരുന്നു. അലി ബാഗേരി കാനിയെ ആക്ടിംഗ് വിദേശകാര്യമന്ത്രിയായും തെരഞ്ഞെടുത്തിട്ടുണ്ട്.
Source link