ഹീറോ ദയാൽ
നിർണായകമായ മത്സരത്തിൽ ചെന്നൈയെ 27-റണ്‍സിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ 2024ലെ പ്ലേ ഓഫിൽ പ്രവേശിച്ചപ്പോൾ അവസാന ഓവർ എറിഞ്ഞ ആർസിബി പേസർ യാഷ് ദയാലിന്റെ വൻ തിരിച്ചുവരവിനുകൂടിയാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ബംഗളൂരു പേസർ യാഷ് ദയാലിന്റെ അവസാന ഓവറാണ് മത്സരത്തിന്റെ വിധിയെഴുതിയത്. 20-ാം ഓവറിൽ 17-റണ്‍സെടുത്താൽ ചെന്നൈയ്ക്ക് പ്ലേഓഫിലേക്കു കയറാമായിരുന്നു. എന്നാൽ, മികച്ച ഫിനിഷർമാരിൽ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയും രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യുന്പോഴാണ്, ഒരു സമ്മർദത്തിലും പെടാതെ ദയാൽ നന്നായി പന്തെറിഞ്ഞ് ടീമിനെ പ്ലേ ഓഫിലെത്തിച്ചത്. ഏഴ് റണ്‍സ് മാത്രമാണു വിട്ടുകൊടുത്തത്. 2023 ഏപ്രിൽ ഒന്‍പതിന് ഗുജറാത്ത് ടൈറ്റൻസിനായി ലീഗ് മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ അവസാന ഓവർ ദയാൽ എറിയുന്നു. 29 റണ്‍സാണ് ദയാലിനു പ്രതിരോധിക്കേണ്ടത്. ആദ്യ പന്ത് ഉമേഷ് യാദവ് സിംഗിളെടുത്തു. ഇനി വേണ്ടത് 28 റണ്‍സ് കൂടി. എന്നാൽ, തുടർച്ചയായി അഞ്ചു സിക്സ് നേടിയ റിങ്കു സിംഗ് മത്സരം കെകെആറിന്റേതാക്കി. ദയാലിന്റെ ഹൃദയംതകർന്നു. വിഷമിച്ചു ടവ്വലുകൊണ്ട് മുഖം മറച്ച താരത്തിന്റെ ചിത്രം കുറച്ചുദിവസം ഇന്റർനെറ്റിൽ മുഴുവൻ നിറഞ്ഞു. ആ മത്സരത്തിനുശേഷം ക്രിക്കറ്റിൽനിന്നു വരെ ദയാൽ വിട്ടുനിന്നു. തുടർന്ന് ഗുജറാത്ത് ദയാലിനെ വിട്ടു. ലേലത്തിൽവച്ച പേസറെ ആർസിബി സ്വന്തമാക്കി. നായകനിലേക്ക് 2024ൽ ഐപിഎല്ലിൽ അത്ര മോശമല്ലാത്ത പ്രകടനം നടത്തുന്ന ദയാലിനെ തന്റെയും ടീമിന്റെയും മുന്നോട്ടുള്ള സാധ്യതകൾ നിർണയിക്കുന്ന പ്രധാന ഓവർ എറിയാൻ ക്യാപറ്റൻ ഫാഫ് ഡു പ്ലസി പന്തേൽപ്പിച്ചു. അപ്പോൾ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184-എന്ന നിലയിലായിരുന്നു ചെന്നൈ. 17-റണ്‍സ്കൂടി നേടിയാൽ ചെന്നൈയ്ക്ക് പ്ലേഓഫിലേക്കു കടക്കാമെന്ന സ്ഥിതി. ലോകത്തെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ ധോണിയാണു മുന്നിൽനിൽക്കുന്നത്. എറിഞ്ഞ ആദ്യ പന്തുതന്നെ ധോണി അതിർത്തികടത്തി. 110 മീറ്റർ പാഞ്ഞ പന്ത് സ്റ്റേഡിയത്തിനു വെളിയിൽ പോയി. ഒരിക്കൽക്കൂടി ദയാലിന്റെ ഹൃദയം തകരുമെന്നു കരുതി. ചെന്നൈയ്ക്കു പ്ലേ ഓഫിലെത്താൻ അഞ്ച് പന്തിൽനിന്ന് 11-റണ്‍സെന്ന ലക്ഷ്യം. എന്നാൽ, അടുത്ത പന്തിൽ കളി മാറി. ആർസിബി പേസറുടെ തകർപ്പനൊരു സ്ലോ ബോളിൽ ധോണി കുടുങ്ങി. സ്വപ്നിൽ സിംഗിന്റെ കൈകളിൽ ധോണിയുടെ ഇന്നിംഗ്സ് അവസാനിച്ചു. ഇനി നാലു പന്തുകൾ കൂടി. ശാർദുൽ താക്കൂറും ജഡേജയും 11 റണ്‍സ് അനായാസം നേടാൻ കെൽപ്പുള്ളവർതന്നെ. എന്നാൽ, നാലു സ്ലേ ബോളുകളെറിഞ്ഞ ദയാൽ 0, 1, 0, 0 എന്നിങ്ങനെയാണു വഴങ്ങിയത്. ബംഗളൂരു പ്ലേ ഓഫിലേക്ക്. വിരാട് കോഹ്ലിയുടെ കണ്ണിൽ സന്തോഷാശ്രൂ നിറഞ്ഞു. നായകൻ ഡുപ്ലസി എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്പോൾ ആർസിബി കളിക്കാർ കളത്തിൽ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു. ഇതെല്ലാം കളത്തിൽ നടക്കുന്പോൾ തിളങ്ങുന്ന പുഞ്ചിരിയുമായി ഒരു തിരിച്ചുവരവിന്റെ ആശ്വാസത്തിൽ ദയാൽ നിൽപ്പുണ്ടായിരുന്നു. പ്ലേ ഓഫിലേക്ക് കടന്ന സന്തോഷത്തിൽ മതിമറക്കുന്നതിനിടെ കഴിഞ്ഞ സീസണിൽ കോൽക്കത്തയ്ക്കെതിരേയുള്ള മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ കാര്യം ദയാലിന്റെ മനസിൽ എന്തായാലും വന്നിരിക്കും. അന്ന് അവസാന ഓവർ പിഴച്ച് തലതാഴ്ത്തി കളം വിട്ടതെങ്കിൽ ഇത്തവണ തല ഉയർത്തി ദയാൽ കളം വിട്ടു. അന്ന് അഞ്ചു തവണ അതിർത്തികടത്തി യാഷിന്റെ ഹൃദയം തകർത്ത റിങ്കു ഇക്കുറി യാഷിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിങ്കു യാഷിനെ അഭിനന്ദിച്ചത്. എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്നാണ് റിങ്കു കുറിച്ചത്. മാൻ ഓഫ് ദ മാച്ച് പുരസ്കാരം യാഷിനു സമർപ്പിക്കുന്നുവെന്നു ബംഗളൂരു നായകൻ ഡുപ്ലെസി പറഞ്ഞു. ഒരു ശതമാനത്തിൽനിന്ന് ഐപിഎല്ലിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച തിരിച്ചുവരവിലൂടെ ആർസിബി പ്ലേ ഓഫിൽ. 2024ലെ ഐപിഎല്ലിൽനിന്നു പ്ലേ ഓഫ് കാണാതെ ആദ്യം പുറത്താകുമെന്നു കരുതിയിടത്തുനിന്ന് തുടർച്ചയായ ആറു മത്സരങ്ങൾ ജയിച്ചാണ് ആർസിബി പ്ലേ ഓഫിലെത്തിയത്. 2024 ഐപിഎൽ സീസണിലെ ആദ്യ എട്ട് മത്സരത്തിൽ ഏഴിലും തോറ്റ് പോയിന്റെ പട്ടികയിൽ താഴെ നിൽക്കുന്ന ആർസിബിയെ പലരും എഴുതിത്തള്ളി. ഒരു ശതമാനം അവസരം മാത്രമാണു പ്ലേ ഓഫിലേക്ക് ആർസിബിക്കു മുന്‍പിലുണ്ടായിരുന്നത്. തുടർന്നുള്ള ആറു മത്സരങ്ങളിലും ജയിച്ച ആർസിബി അവസാന മത്സരത്തിൽ റണ്‍റേറ്റ് ഭീഷണിയും മറികടന്നാണ് ഒരു ശതമാനത്തിൽനിന്നുള്ള ഉയർത്തെഴുന്നേൽപ്പ് നടത്തിയിരിക്കുന്നത്.
Source link