നായകന്‍മാര്‍ വാഴുന്ന മലയാള സിനിമ
ഇന്ത്യന്‍ സിനിമയില്‍ മറ്റേതൊരു ഭാഷയ്ക്കും ചിന്തിക്കാനാവാത്ത വിധം ലോകനിലവാരമുളള നടന്മാരാല്‍ സമ്പന്നമാണ് മലയാള സിനിമയെന്ന് സൂക്ഷ്മ വിശകലനത്തില്‍ കണ്ടെത്താന്‍ കഴിയും. താരമൂല്യത്തിനൊപ്പം അനന്യമായ അഭിനയശേഷിയും പുലര്‍ത്തുന്ന രണ്ടു ഡസനിലേറെ അഭിനയപ്രതിഭകള്‍ നായകനിരയില്‍ തന്നെ മലയാളത്തിന് സ്വന്തമായുണ്ട്.
ബോളിവുഡിലും കോളിവുഡിലും സാൻഡല്‍വുഡിലും നായകന്‍മാര്‍ ഏറെയുണ്ടെങ്കിലും വിപണനവിജയം ഉറപ്പു വരുത്താന്‍ കഴിവുളളവരുടെ എണ്ണം തുലോം പരിമിതമാണ്. താരതമ്യേന മിനിമം ഗ്യാരൻഡിയുളള നായകന്മാർ കുടുതലുളളതു തമിഴിലാണെങ്കിലും ഇവരില്‍ പലരുടെയും അഭിനയപരമായ മികവ് എടുത്തു പറയാന്‍ മാത്രമില്ല. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും വിജയ്‌യും അജിത്തും അടക്കമുളളവര്‍ താരപദവിയിലേക്ക് എത്തിപ്പെട്ടത് വാണിജ്യ രസക്കൂട്ടുകള്‍ക്ക് യോജിച്ച വിധത്തില്‍ ആക്ടിങിൽ പുലര്‍ത്തിയ സ്‌റ്റൈലൈസേഷന്റെ മാത്രം മിടുക്കിലാണ്. അതിനപ്പുറം കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വേഷങ്ങളില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ മാത്രം അഭിനയമികവ് ഇവരില്‍ പലര്‍ക്കുമുണ്ടോ എന്നത് ഇനിയും വേണ്ടത്ര ആഴത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല.
തമിഴിലെ പല നായകന്മാരും ശരാശരി നടന്‍മാര്‍ മാത്രമാണെന്ന സത്യം നിലനില്‍ക്കെ ഭാഗ്യവും അനുകൂലാവസരങ്ങളും മാസ് ഓഡിയന്‍സിനെ കയ്യിലെടുക്കാനുളള നമ്പറുകളുടെയും പേരില്‍ അവര്‍ സൂപ്പര്‍-മെഗാ താരങ്ങളായി വിലസുന്നു. കമല്‍ഹാസന്‍ മാത്രമാണ് ഇതിന് ഒരു അപവാദം എന്നിരിക്കിലും അദ്ദേഹത്തിനും പരിമിതകളുണ്ടെന്നത് വാസ്തവമാണ്. സ്ഫടികത്തിലെ ആടുതോമയും വെളളാനകളുടെ നാട്ടിലെ കോണ്‍ട്രാക്ടറും സന്മനസുളളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കരുമൊന്നും മോഹന്‍ലാല്‍ അവതരിപ്പിച്ച പൂര്‍ണതയില്‍ കമലിനു വഴങ്ങുമോ എന്നത് വലിയ ചര്‍ച്ചകള്‍ ആവശ്യമായ വസ്തുതയാണ്. വടക്കന്‍ വീരഗാഥയിലും ആവനാഴിയിലും മമ്മൂട്ടി അവതരിപ്പിച്ച വേഷങ്ങള്‍ പോലും അതേ മീറ്ററില്‍ കമലിന് ചെയ്യാന്‍ കഴിയുമോ എന്നതും തര്‍ക്കവിഷയമാണ്. വിക്രം, സൂര്യ, ധനുഷ് എന്നിവര്‍ വിപണിമൂല്യമുളള താരങ്ങള്‍ എന്നതിനപ്പുറം മികച്ച നടന്‍മാര്‍ കൂടിയാണെങ്കിലും അവര്‍ക്കും പരിമിതികളുണ്ട്. അഭിനയത്തിലെ വൈവിധ്യം എന്നത് പലപ്പോഴും അര്‍ഹിക്കുന്ന തലത്തില്‍ തെളിയിക്കപ്പെടാന്‍ ബാക്കി നില്‍ക്കുന്നു.
അഭിനയപ്രതിഭകളാല്‍ സമ്പന്നമായ കേരളം
താനൊരു ബോണ്‍ ആക്ടറല്ലെന്നും മെത്തേഡ് ആക്ടറാണെന്നും കേവലം പാഷന്റെയും പരിശ്രമത്തിന്റെയും മാത്രം മികവില്‍ മെച്ചപ്പെട്ടതാണ് തന്നിലെ നടന്‍ എന്നും മമ്മൂട്ടി നൂറ്റൊന്നു തവണ സ്വയം ആവര്‍ത്തിക്കുമ്പോഴും അദ്ദേഹം ഒരു മഹാനടന്‍ തന്നെയെന്ന് സൂക്ഷ്മനിരീക്ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയും. മോഹന്‍ലാല്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ മമ്മൂട്ടിക്ക് യോജിക്കില്ലെന്ന് വാദിക്കാമെങ്കിലും മറിച്ചും വാദിക്കാനുളള വക അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലും വീരഗാഥയിലും മമ്മൂട്ടി അവതരിപ്പിച്ചതിനു സമാനമായ കഥാപാത്രങ്ങള്‍ ലാല്‍ ഇനിയും അവതരിപ്പിച്ചിട്ടില്ല.
സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം
ഇതൊക്കെയാണെങ്കിലും ഇരുവരും ജനപ്രിയ താരങ്ങള്‍ എന്നതിലുപരി മികച്ച കാലിബറുളള വലിയ അഭിനേതാക്കള്‍ തന്നെയാണ്. സഹജവാസനയും ജന്മസിദ്ധമായ പ്രതിഭയും കൈമുതലായി ഇല്ലാത്ത ഒരാള്‍ എത്ര ശ്രമിച്ചാലും ഈ തലത്തിലേക്ക് സ്വയം മിനുക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല എന്നതാണ് വസ്തുത. കല യഥാര്‍ത്ഥത്തില്‍ ചാരം മൂടിക്കിടക്കുന്ന കനലാണ്. അനുകൂലാവസരത്തില്‍ അത് പ്രോജ്ജ്വലിപ്പിക്കപ്പെടുകയാണ് പതിവ്. പഴയ കാല സിനിമകളില്‍ പീഡന സീനുകളില്‍ മാത്രം അഭിനയിച്ചു വന്ന ലോക്കല്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന കൊച്ചിന്‍ ഹനീഫ പഞ്ചാബി ഹൗസ് അടക്കമുളള സിനിമകളില്‍ നര്‍മത്തിന് പുതിയ ഭാഷ്യം നല്‍കിയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നപ്പോള്‍ ശരിക്കും പ്രേക്ഷകര്‍ അമ്പരന്നു നിന്നു. ക്രൗര്യവും നര്‍മ്മവും ഇടകലരുന്ന കിരീടത്തിലെ ഹൈദ്രോസ്, അതുവരെ മലയാള സിനിമ പരിചയിക്കാത്ത ഒരു പുതിയ കഥാപാത്ര വ്യാഖ്യാനമായിരുന്നു. അസാധ്യ സിദ്ധിയുളള ഒരു നടനു മാത്രം സാക്ഷാൽക്കരിക്കാന്‍ കഴിയുന്ന വേഷം. ഹനീഫ ഇതെല്ലാം അനായാസമായാണ് അവതരിപ്പിച്ചതെന്ന് അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പറയുമ്പോള്‍ നമ്മുടെ അമ്പരപ്പ് വർധിക്കുന്നു. അടിസ്ഥാനപരമായി ഒരു കലാകാരനായ അദ്ദേഹത്തിന് ഏതു തരം പരകായപ്രവേശവും സുസാധ്യം എന്നു കാണാം.
ഇന്നസന്റ്
ഇവരൊന്നും നായകനടന്‍മാരായിരുന്നില്ല. ക്യാരക്ടര്‍ വേഷങ്ങളില്‍ മാത്രം വന്നു പോയിരുന്നവര്‍. മലയാളത്തില്‍ ഇത്തരക്കാര്‍ പോലും പ്രകടിപ്പിച്ച അഭിനയചാതുര്യം സമാനതകളില്ലാത്തതായിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണൻ, മാള, പപ്പു, മാമുക്കോയ, ഇന്നസന്റ്, വിജയരാഘവന്‍, അങ്ങനെ പകരം വയ്ക്കാനില്ലാത്ത പ്രതിഭകളുടെ എണ്ണത്തിന് കണക്കില്ല.
ഒടുവിൽ ഉണ്ണികൃഷ്ണൻ
അഭിനയത്തില്‍ അതിനു മുന്‍പോ പിന്‍പോ ഉളള യാതൊരു റഫറന്‍സുകളെയും ആശ്രയിക്കാതെ തനതു ശൈലി പുലര്‍ത്തിയ നടന്‍മാര്‍ മലയാളത്തിലുണ്ട്. അവര്‍ അര്‍ഹിക്കുന്ന തലത്തില്‍ അഭിനയത്തെക്കുറിച്ചുളള പഠനങ്ങളില്‍ ആ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരുടെ മികവ് മികവല്ലാതാകുന്നില്ല.
അപൂര്‍വം ചിലര്‍
മണിയന്‍പിളള രാജുവിനെ തന്നെ നോക്കാം. ഭാവപ്രകടനങ്ങളിലും ഡയലോഗ് ഡെലിവറിയിലും രാജു പുലര്‍ത്തുന്ന അനായാസത അപാരവും അനിതര സാധാരണവുമാണ്. ഇന്ന് ന്യൂജന്‍ സിനിമകളിലെ ബിഹേവിങും നാച്വറല്‍ ആക്ടിങ് മെത്തേഡും നാം വാഴ്ത്തിപ്പാടുമ്പോള്‍ ഓര്‍ക്കുക, നാലു പതിറ്റാണ്ട് മുന്‍പ് സമാനശൈലി യാഥാര്‍ത്ഥ്യമാക്കിയ നടനാണ് രാജു. സ്വാഭാവിക അഭിനയത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയ അതിലും പഴക്കമുളള ചില അഭിനേതാക്കളുണ്ട്. ശങ്കരാടിയും അടൂര്‍ ഭവാനിയും പല സന്ദര്‍ങ്ങളിലും അഭിനയിക്കുകയാണെന്ന് തീരെ തോന്നിക്കാത്ത വിധം ഭാവാഭിനയത്തിലും സംഭാഷണങ്ങളുടെ മോഡുലേഷനിലും ടോണിലും പ്രകടമാക്കിയ സ്വാഭാവിക പ്രതീതി പഠനാര്‍ഹമാണ്.
സന്ദേശത്തിലെ താത്ത്വികാചാര്യനും നാടോടിക്കാറ്റിലെ പശു കച്ചവടക്കാരനും കിരീടത്തിലെ കാരണവരും അടക്കമുളള ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനയകലയുടെ വലിയ പാഠങ്ങളാണ് ശങ്കരാടി നമുക്ക് മുന്നില്‍ തുറന്നു വച്ചത്. ഏപ്രില്‍ 18 എന്ന സിനിമയില്‍ വേലക്കാരിയായി വരുന്ന ഭവാനിയെ നോക്കാം. നൂറുശതമാനം കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുകയാണ് അവര്‍. കുശുമ്പും കുന്നായ്മയും ഏഷണിയും കുത്തിത്തിരിപ്പും എല്ലാം അവതരിപ്പിക്കുമ്പോള്‍ അവരുടെ മുഖവും ശരീരഭാഷയും സംഭാഷണത്തിലെ ആരോഹണാവരോഹണങ്ങളുമെല്ലാം ജീവിതം പോലെ അത്രമേല്‍ സത്യസന്ധവും പൂര്‍ണ്ണതയുളളതുമായി മാറുന്നു.
ശങ്കരാടിയും പറവൂർ ഭരതനും
ഫിലോമിനയെയും ഈ സന്ദര്‍ഭത്തില്‍ മറക്കുന്നില്ല. ഗോഡ്ഫാദറിലെ ആനപ്പാറ അച്ചമ്മ ഉള്‍പ്പെടെ എത്രയോ സിനിമകളില്‍ കഥാപാത്രം ജീവിതത്തില്‍ നിന്നിറങ്ങി വന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 18ല്‍ അടൂര്‍ ഭാസി അവതരിപ്പിച്ച അഴിമതി നാറാപിളള എന്ന വേഷം നോക്കാം. ആദ്യകാലങ്ങളില്‍ പ്രേംനസീര്‍ സിനിമകളില്‍ ഹാസ്യം എന്ന ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ട രണ്ടു പേരായിരുന്നു ഭാസിയും ബഹദൂറും. തിരക്കഥയില്‍ ‘സീന്‍ നമ്പര്‍ 30: തമാശ’ എന്നു മാത്രം എഴുതും. തറവളിപ്പുകള്‍ ഉണ്ടാക്കി അവതരിപ്പിക്കേണ്ട ചുമതല നടന്‍മാരുടേതാണ്. സംവിധായകന്‍ ആഗ്രഹിക്കുന്ന തരം നിലവാരം കുറഞ്ഞ കോമഡികള്‍ അവര്‍ തിരുകിക്കയറ്റുകയും ചെയ്തു. ഇത്തരം സ്റ്റീരിയോടൈപ്പ് വേഷങ്ങള്‍ മാത്രം അഭിനയിച്ചു വന്ന അടൂര്‍ ഭാസിയിലെ നടനെ ആദ്യമായി കണ്ടെടുക്കുന്നത് ജോണ്‍ എബ്രഹാമാണ്. അദ്ദേഹത്തിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ തെങ്ങു കയറ്റക്കാരന്‍ ഭാസിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.
നായകനും സംവിധായകനും
അത് ആർട് ഹൗസ് സിനിമയിലായിരുന്നെങ്കില്‍ മുഖ്യധാരാ വാണിജ്യ സിനിമയില്‍ ഈ ദൗത്യം സഫലമായി നിര്‍വഹിച്ചത് ബാലചന്ദ്രമേനോനായിരുന്നു. സ്വാഭാവിക പ്രതീതി ജനിപ്പിക്കുന്ന കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതില്‍ പ്രത്യേക സിദ്ധിയുളള തിരക്കഥാകൃത്തും സംവിധായകനുമാണ് മേനോന്‍. ഗര്‍വും പൊങ്ങച്ചവും താന്‍പോരിമയും സൂപ്പര്‍ഈഗോയും സൂപ്പീരിയോരിറ്റി കോംപ്ലക്‌സും അല്‍പ്പത്തവും അതേ സമയം ഉളളിന്റെയുളളില്‍ സ്‌നേഹവും എല്ലാം കൂടി ചേര്‍ന്ന അഴിമതി നാറാപിളളയെ ഭാസി സമാനതകളില്ലാത്ത വിധം അവതരിപ്പിച്ചു.
അർഥവത്തായ ചില നോട്ടങ്ങളും തലയെടുപ്പോടെയുളള നടത്തവും മറ്റും സൂക്ഷ്മാഭിനയത്തിന്റെ ഗിരിശ്യംഗങ്ങളിലുളള മിന്നലാട്ടങ്ങളാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സത്യന്‍, എന്നിങ്ങനെ ആദ്യകാല നടന്‍മാരെക്കുറിച്ചു കൂടി പരാമര്‍ശിക്കാതെ വയ്യ. നായകവേഷങ്ങളില്‍ വലിയ ബിസിനസ് ഫാക്ടറായി നിലനില്‍ക്കെ തന്നെ അവര്‍ അഭിനയചാതുര്യം കൊണ്ട് നമ്മുടെ ആദരവ് ഏറ്റുവാങ്ങി.
എക്കാലത്തെയും വലിയ താരമായി നില്‍ക്കുമ്പോഴും അഭിനയത്തില്‍ ആഴം കുറഞ്ഞു എന്നതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ട പ്രേംനസീര്‍ ഇരുട്ടിന്റെ ആത്മാവ്, കാര്യം നിസ്സാരം പ്രശ്‌നം ഗുരുതരം എന്നീ സിനിമകളിലൂടെ തന്റെയുളളിലും ഒരു മികച്ച നടനുണ്ടെന്നു തെളിയിച്ചു. അഭിനയസാധ്യതകള്‍ കുറഞ്ഞ സ്റ്റീരിയോടൈപ്പ് റോളുകള്‍ നല്‍കി പരിമിതിപ്പെടുത്തിയ പഴയ കാല സംവിധായകരാണ് പ്രേംനസീറിലെ നടനെ പുറത്തെടുക്കാന്‍ പലപ്പോഴും വിലങ്ങു തടിയായി നിന്നത്.
നസീർ
ചലച്ചിത്രകാരന്‍ കൂടിയായ ബാലചന്ദ്രമേനോനും അഭിനയജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നാച്ചുറൽ ആക്ടിങ് മെത്തേഡിനെ കൂട്ടുപിടിച്ച നടനാണ്. ഏപ്രില്‍ 18ലെ പൊലീസ് ഓഫിസര്‍ വീട്ടില്‍ വന്നു കൈലി മാറിയുടുക്കുന്ന സീനില്‍ പോലും മേനോന്‍ നിത്യജീവിതത്തിലെന്ന പോലെ പുലര്‍ത്തുന്ന സ്വാഭാവികത ശ്രദ്ധേയമാണ്. സംഭാഷങ്ങള്‍ വിന്ന്യസിക്കുന്നതിലുമുണ്ട് ഈ സൂക്ഷ്മത. ‘‘ഞാനെറിഞ്ഞത് നിന്റച്ഛനെയല്ലല്ലോ…അച്ഛന്‍ കൊണ്ടു വന്ന മുട്ടായിയല്ലേ’’ തുടങ്ങിയ ഡയലോഗുകളില്‍ ഇത് പ്രകടമാണ്.
ഗോപിയും തിലകനും പിന്നെ വേണുവും
അഭിനയശൈലിയുടെ സവിശേഷത കൊണ്ട് സിനിമയെ ജീവിതത്തോട് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച മൂന്ന് മഹാനടന്‍മാരെക്കുറിച്ച് കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ഭരത് ഗോപി, തിലകന്‍, നെടുമുടി വേണു. നാടകത്തില്‍ നിന്നു വന്ന ഈ കലാകാരന്‍മാര്‍ നാടകവും സിനിമയും തമ്മിലുളള മാധ്യമപരമായ അതിരുകള്‍ കൃത്യമായി തിരിച്ചറിഞ്ഞ് അഭിനയത്തിലെ സൂക്ഷ്മതലങ്ങള്‍ വേര്‍തിരിച്ചെടുത്ത് അതിനെ സാക്ഷാത്കരിച്ച വലിയ കലാകാരന്‍മാരാണ്. യവനികയിലും കൊടിയേറ്റത്തിലും ഓര്‍മ്മയ്ക്കായിലും സന്ധ്യമയങ്ങും നേരത്തിലും ഗോപി സൃഷ്ടിച്ച നടനവിസ്‌ഫോടനം ഒരു പുസ്തകത്തില്‍ പോലും ഒതുങ്ങുന്നതല്ല.
THILAKAN
നിസഹായത എന്ന വികാരത്തെ ഗോപി ഫലപ്രദമായി അവതരിപ്പിക്കുന്ന ഒരു സീനുണ്ട്. ഭരതന്റെ ഓര്‍മയ്ക്കായി എന്ന സിനിമയില്‍. ഊമയായ കഥാനായകന്‍ സ്വന്തം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പേര് മനസിലുണ്ടായിട്ടും അത് പുറത്തേക്ക് ശബ്ദം കൊണ്ട് പ്രതിഫലിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്നതും ഒടുവില്‍ ഹൃദയാന്തരത്തില്‍ നിന്നെന്ന പോലെ തേങ്ങുന്നതും മറ്റും ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്.
നെടുമുടി വേണു പരസ്പര വിഭിന്നമായ നൂറുകണക്കിന് വേഷങ്ങള്‍ അനശ്വരമാക്കിയിട്ടുണ്ടെങ്കിലും തന്റെ യൗവനത്തില്‍ വൃദ്ധനായി വേഷമിട്ട മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അഭിനയ കലയിലെ ഒരു ടെക്‌സ്റ്റ് ബുക്കാണ്. തകരയിലെ ചെല്ലപ്പനാശാരിയും കളളന്‍ പവിത്രനും അടക്കം ചര്‍ച്ച ചെയ്യപ്പെട്ട നിരവധി വേഷങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടെങ്കിലും അധികമാരും പറഞ്ഞു കേള്‍ക്കാത്ത രണ്ട് കഥാപാത്രങ്ങള്‍ വേണുവിന്റെ അസാധ്യ റേഞ്ച് വെളിപ്പെടുത്തുന്നതാണ്.
ധനത്തിലെ വിടനായ പൊലീസുകാരനും ഭാഗ്യദേവതയിലെ തട്ടിപ്പുകാരനായ (പുതുകാല പദപ്രയോഗമായ തനി ഉഡായിപ്പ് എന്നതാണ് കൂടുതല്‍ യോജിക്കുക) ടൂറിസ്റ്റ് ഗൈഡും യഥാർഥ മനുഷ്യരെ അവര്‍ അറിയാതെ ക്യാമറയില്‍ പകര്‍ത്തിയതു പോലെ സ്വാഭാവിക പ്രതീതി സൃഷ്ടിക്കുന്നതാണ്. തിലകനെ ഏതെങ്കിലും ചില കഥാപാത്രങ്ങളുടെ പേരില്‍ പരാമര്‍ശിക്കാനാവില്ല. ഏത് സിനിമയിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം തിലകന്റെ പ്രതിഭയുടെ ആഴം കൊണ്ടു മഹത്തരമാകുന്നത് കാണാം. കിരീടവും കിലുക്കവും സ്ഫടികവും പെരുന്തച്ചനും മൂന്നാം പക്കവും വീണ്ടും ചില കാര്യങ്ങളുമാണ് പെട്ടെന്നു മനസില്‍ വരുന്നത്.
തിലകൻ
എന്നാല്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ പോള്‍ പൈലോക്കാരന്‍ എന്ന വേഷം വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ഒരു മഹാനടന്‍ നല്‍കിയ തനതു വ്യാഖ്യാനമാണ്. പത്മരാജന്റെ പാത്രസൃഷ്ടിയുടെ മികവ് അതില്‍ വലിയ ഘടകമാണെന്നു വാദിച്ചാലും ആ വേഷം തിലകനേക്കാള്‍ നന്നായി അവതരിപ്പിക്കാന്‍ മറ്റൊരു നടനും സാധിക്കില്ല എന്നു തോന്നിക്കും വിധം സമുജ്ജ്വലമാക്കി അഭിനയകലയുടെ പെരുന്തച്ചന്‍. റേപ്പ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ ഇതര നടന്‍മാര്‍ സ്വീകരിച്ചിരുന്ന സമീപനങ്ങളില്‍ ഒരു തരം ക്ലീഷേ സ്വഭാവമുണ്ട്. പലപ്പോഴും പരിഹാസ്യമായി തോന്നുന്ന രീതികളായിരുന്നു നാം കണ്ടു വന്നിരുന്നത്. എന്നാല്‍ പോള്‍ പൈലോക്കാരന്‍ സോഫിയയെ കീഴ്‌പ്പെടുത്തുന്ന രംഗത്തില്‍ പോലും ഒരു നടന്‍ എന്തായിരിക്കണമെന്ന് തിലകന്‍ കാണിച്ചു തന്നു. എക്കാലവും ആദരവോടെ മാത്രം മലയാള സിനിമയ്ക്ക് ഓര്‍മിക്കാന്‍ കഴിയുന്ന ഒരു നാമധേയമാണ് തിലകന്‍.
അമരത്തിലെ ഒരു കഥാപാത്രം മതി മുരളി എന്ന നടന്റെ റേഞ്ച് അളക്കാന്‍. മറ്റു ചില ചിത്രങ്ങളിലും അദ്ദേഹം തന്റെ സവിശേഷ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും മുരളിയെ അനശ്വരനാക്കാന്‍ അമരം മാത്രം മതി.
മുരളി
ഒരു നടനെക്കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ അഭിനയ കലയെക്കുറിച്ചുളള എഴുത്ത് പുര്‍ണ്ണമാകില്ല. അത് സാക്ഷാല്‍ ജഗതി ശ്രീകുമാറാണ്. അമിതാഭിനയമെന്നും അതിഭാവുകത്വമെന്നും പ്രത്യക്ഷത്തില്‍ തോന്നാനിടയുളള ഒരു തരം അഭിനയ ശൈലിയിലൂടെ നര്‍മത്തിന്റെ ആഴങ്ങള്‍ തിരയുകയും ഒപ്പം തനതു ശൈലി രുപപ്പെടുത്തുകയും ചെയ്ത ജഗതിയും സമാനതകളില്ലാത്ത നടനാണ്.
മലയാളത്തിന്റെ മഹിമ
പ്രിയദര്‍ശന്‍ ഒരിക്കല്‍ പരസ്യമായി പറഞ്ഞു, അന്യഭാഷകളില്‍ പടമെടുക്കുമ്പോഴാണ് മലയാള നടന്‍മാരുടെ വലിപ്പം മനസിലാക്കുന്നത് എന്ന്. റീമേക്ക് ചിത്രങ്ങളില്‍ ഒറിജിനലില്‍ അഭിനയിച്ച നടന്‍മാര്‍ കാഴ്ചവച്ചതിന്റെ നൂറിലൊരംശം പോലും ചെയ്യാന്‍ ബോളിവുഡിലും കോളിവുഡിലും പല നടന്‍മാര്‍ക്കും കഴിയാറില്ല. പ്രിയന്‍ പറഞ്ഞതിന്റെ നിജസ്ഥിതി പരിശോധിച്ചാല്‍ ഒരു സത്യം നമുക്ക് ബോധ്യപ്പെടും.
താമരശ്ശേരി ചുരത്തെക്കുറിച്ച് വെളളാനകളുടെ നാട്ടിലും ടാസ്‌കി വിളിക്കാന്‍ തേന്മാവിന്‍ കൊമ്പത്തിലും കുതിരവട്ടം പപ്പു പറയുന്ന സീനുകള്‍ എങ്ങനെ പുനരാവിഷ്‌രിക്കാന്‍ സാധിക്കും. കിലുക്കത്തിലെ ഇന്നസന്റിനെ അതിലും മികച്ച രീതിയില്‍ ഏതു നടന് പുനരവതരിപ്പിക്കാന്‍ കഴിയും? കിരീടം എന്ന സിനിമ തമിഴില്‍ അജിത്തിനെ നായകനാക്കി റീമേക്ക് ചെയ്തപ്പോഴും ജാക്കി ഷെറഫിനെ നായകനാക്കി ഹിന്ദിയില്‍ പുനര്‍നിര്‍മിച്ചപ്പോഴും അസാധ്യ റേഞ്ചുളള ഒരു ക്യാരക്ടര്‍ അതിന്റെ കഥാകൃത്ത് വിഭാവനം ചെയ്ത തലത്തില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാതെ തത്രപ്പെടുന്ന നായകനടനെ കാണാം.
പല റീമേക്ക് ചിത്രങ്ങളിലും ഈ ദുരവസ്ഥ നാം കാണുകയുണ്ടായി. അഭിനയകലയിലെ ഇതിഹാസമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാക്ഷാല്‍ കമലഹാസന്‍ ഇന്ത്യന്‍ സിനിമ ഒന്നടങ്കം ആദരിക്കുന്ന മഹാനടന്‍ തന്നെയാണ്. എന്നാല്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം, പാപനാശം എന്ന പേരില്‍ അതേ സംവിധായകന്‍ തന്നെ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ കമല്‍ ആ വേഷം ഉജ്ജ്വലമാക്കുകയും ചെയ്തു. എന്നാല്‍ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ മോഹന്‍ലാല്‍ പുലര്‍ത്തിയ മിടുക്ക് പല സന്ദര്‍ഭങ്ങളിലും നഷ്ടപ്പെടുന്നതും പല സീനുകളിലും ലാലിനൊപ്പം എത്താന്‍ കഴിയാതെ വിഷമിക്കുന്നതും കാണാം.
സുരേഷ്‌ഗോപി പരിമിതികള്‍ ഏറെയുളള നടനാണ്. ക്ഷുഭിത-രൗദ്ര ഭാവങ്ങള്‍ക്ക് മുന്‍തൂക്കമുളള സിനിമകളില്‍ അദ്ദേഹം വല്ലാതെ ശോഭിക്കുന്നു എന്നതു സത്യമാണ്. ഏകലവ്യന്‍, കമ്മിഷണര്‍, കളിയാട്ടം എന്നിവയാണ് സുരേഷ്‌ഗോപിയുടെ കരിയര്‍ ബസ്റ്റായി പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്നലെയിലെ നരേന്ദ്രന്റെ ക്ലൈമാക്സിലെ പ്രകടനം സുരേഷിലെ നടന്റെ വേറിട്ട മുഖം എടുത്തു കാട്ടുന്നു. 32 ടേക്കുകളില്‍ പൂര്‍ണതയിലെത്തിയ ആ സീന്‍ നിസഹായതയും അടക്കിയ ആത്മവേദനയും രോഷവും ഉള്‍പ്പെടെ ഒരുപാട് അപൂര്‍വഭാവങ്ങള്‍ ഒരേ സമയം ആവിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു നടന്റെ കരിയറിലെ സുവര്‍ണ്ണ നിമിഷമാണ്.
സുരേഷ് ഗോപി
ടൈപ്പ് കാസ്റ്റിങ് ഒരു നടന്റെ തെറ്റല്ല. വിജയഫോര്‍മുലകള്‍ പിന്‍തുടരുന്ന സംവിധായകരും നിർമാതാക്കളും ഒരേ സ്വഭാവമുളള വേഷങ്ങള്‍ നല്‍കി നടനിലെ അഭിനയപ്രതിഭയെ പരിമിതപ്പെടുത്തുകയാണ്. ഈ വേട്ടയാടലിന് ഏറ്റവുമധികം നിന്നു കൊടുക്കേണ്ടി വന്ന മികച്ച നടനാണ് ജയറാം. നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഔട്ട് സ്റ്റാന്‍ഡിങ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രം അദ്ദേഹത്തിന്റെ കരിയറില്‍ ഇന്നോളം സംഭവിച്ചിട്ടില്ല. വീണ്ടും ചില വീട്ടുകാര്യങ്ങളിലും മേലേപ്പറമ്പിലെ ആണ്‍വീടിലും അസല്‍ പ്രകടനം കാഴ്ചവച്ച ജയറാം പല സിനിമകളിലും സ്വയം അനുകരിക്കുന്നത് കാണാം.
വഴിമാറി നടന്നവർ
എന്നാല്‍ നായകനായി തുടങ്ങി പിന്നീട് ആ പദവി നിലനിര്‍ത്താന്‍ സാധിക്കാതെ വരികയും വില്ലന്‍ വേഷങ്ങളിലേക്കും മറ്റു ക്യാരക്ടര്‍ വേഷങ്ങളിലേക്കും വഴിമാറി അവിടെയും തന്റെ പ്രതിഭ ബോധ്യപ്പെടുത്തുകയും ചെയ്ത നടനാണ് സായികുമാര്‍. എന്നാല്‍ അദ്ദേഹത്തിലെ നടനെ ഏറ്റവും നന്നായി ചൂഷണം ചെയ്ത സിനിമ റാംജിറാവ് സ്പീക്കിങ്ങാണ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള നടന്‍മാര്‍ അനുക്രമമായ വികാസ പരിണാമങ്ങളിലുടെ പ്രതിഭ തെളിയിച്ചവരാണ്. ആദ്യചിത്രത്തിലോ ആദ്യകാല സിനിമകളിലോ ഇവരുടെ പ്രകടനം അസാധാരണമായിരുന്നില്ല. പലപ്പോഴും ശരാശരിയില്‍ താഴെയായിരുന്നു താനും. അനുഭവ സമ്പത്തിലൂടെയും നിരന്തര ശ്രമങ്ങളിലൂടെയും സ്വയം തേച്ചു മിനുക്കിയാണ് അവര്‍ ഇന്ന് നാം ആദരിക്കുന്ന തലത്തിലെത്തിയത്. മുരളി അടക്കമുളളവരുടെ അവസ്ഥയും വിഭിന്നമല്ല.
ഇവിടെയാണ് സായികുമാര്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. റാംജീറാവുവിലെ ഓരോ സീനുകളിലും സായി നല്‍കുന്ന പെര്‍ഫക്ഷന്‍ അനാദൃശമാണ്. നാടക രംഗത്തുളള അഭിനയപരിചയം എന്നു പറഞ്ഞ് വേണമെങ്കില്‍ നമുക്ക് അദ്ദേഹത്തിന്റെ മികവിനെ ലഘൂകരിക്കാം. ഇവിടെയാണ് അദ്ദേഹത്തിലെ മഹത്വം പ്രകടമാകുന്നത്. തിലകനും നെടുമുടിയും മുരളിയും അടക്കമുളള മഹാരഥന്‍മാര്‍ ചലച്ചിത്രാഭിനയത്തിലെ സൂക്ഷ്മതയും സ്വാഭാവികതയുമെല്ലാം കൈവരിച്ച് ബഹുദൂരം മൂന്നോട്ട് പോയ സന്ദര്‍ഭങ്ങളിലും അവരുടെ പ്രകടനങ്ങളില്‍ നാടകീയതയുടെ നേരിയ അംശം ബാക്കി നിന്നു. ഡയലോഗ് ഡെലിവറിയില്‍ പോലുമുണ്ട് ഈ പരാധീനത.
സായികുമാർ
ഈ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത് ഭരത് ഗോപി മാത്രമാണ്. എന്നാല്‍ സായികുമാര്‍ ഇവര്‍ എല്ലാവരെയും ഒറ്റയടിക്ക് മറി കടന്നു കളഞ്ഞു. റാംജീറാവുവിലെ ബാലകൃഷ്ണന്‍ ഒരു സീനീലോ ഷോട്ടിലോ പോലും നാടകീയതയെ കൂട്ടുപിടിക്കുന്നില്ല. പകരം ആ കഥാപാത്രമായി മാറുകയാണ്. സെന്‍സിബിലിറ്റിയുടെ പീക്കിലുളള ആ പെര്‍ഫോമന്‍സ് കാണുന്ന ഏതൊരാളും മോഹന്‍ലാലിന് ശേഷം മറ്റൊരു അപൂര്‍വ താരോദയം സ്വപ്നം കണ്ടിരിക്കാം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ തുടക്കത്തിൽ ലഭിച്ച ഹൈപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്ന കഥാപാത്രങ്ങള്‍ സായിക്ക് പിന്നീട് ലഭിച്ചില്ല. നായകവേഷങ്ങളില്‍ നിന്നു പോലും അദ്ദേഹം ക്രമേണ അകന്നു പോയി.
ഭരത് ഗോപി
സായിക്കൊപ്പം കട്ടയ്ക്ക് നിന്ന നടനാണ് മുകേഷ്. നാടക പാരമ്പര്യം മുകേഷിനുമുണ്ടെങ്കിലും നാടകീയതയെ പടിക്ക് പുറത്ത് നിര്‍ത്തി ബിഹേവ് ചെയ്യുന്ന നടനെയാണ് നാം കണ്ടിട്ടുളളത്. എന്നാല്‍ ഇന്നസന്റിനെ പോലെ തന്നെ സ്വന്തം ശൈലിയുടെ തടവുകാരനായിരുന്നു മുകേഷ് എന്നും. വൈവിധ്യമുളള വേഷങ്ങള്‍ നല്‍കി പരീക്ഷിക്കാന്‍ സംവിധായകരും മെനക്കെട്ട് കണ്ടില്ല.
കോമാളി വേഷങ്ങള്‍ എന്ന് ബുദ്ധിജീവികള്‍ മുഖം കോട്ടാനിടയുളള രംഗങ്ങളില്‍ പോലും നൂറുശതമാനം സ്വാഭാവികതയും ജൈവികമായ അഭിനയപാടവവും തനത് ശൈലിയും കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത നടന്‍ തന്നെയാണ് ജഗദീഷ്. ഗോഡ്ഫാദറിലെ മായിന്‍കുട്ടിയും ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനിലും ഒരു മികച്ച അഭിനേതാവിന്റെ മുദ്രകളുണ്ട്. എന്നാല്‍ പരിമിതികളുളള നടനാണ് അദ്ദേഹമെന്നും ഒരു പ്രത്യേക അതിരിനപ്പുറം സഞ്ചരിക്കാന്‍ ശ്രമിച്ച ഘട്ടങ്ങളിലൊന്നും വിസ്മയകരമായ പ്രകടനം സാധ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും തോന്നിയ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ രഞ്ജിത്തിന്റെ ലീലയിലെ സമാനതകളില്ലാത്ത പ്രകടനം ജഗദീഷിലെ നടന്റെ മറ്റൊരു തലം കാണിച്ചു തന്നു.
ജഗദീഷ്
പരിമിതികളെ പടിക്കു പുറത്ത് നിര്‍ത്തി വൈവിധ്യങ്ങളുടെ തോളില്‍ സഞ്ചരിച്ച ഭാഗ്യവാനായ നടനാണ് സിദ്ദീഖ്. നായകനായപ്പോഴല്ല സിദ്ദീഖ് തിളങ്ങിയത്. സന്ദേശം പോലുളള പടങ്ങളിലെ ചെറുവേഷങ്ങളില്‍ മിതത്വം കൊണ്ട് അഭിനയം എത്ര ഭാവസുന്ദരമാക്കാമെന്ന് സിദ്ദീഖ് കാണിച്ചു തന്നു. ധ്വനിസാന്ദ്രമാണ് സിദ്ദീഖിന്റെ അഭിനയ രീതി. ഹാസ്യവും ക്രൗര്യവും പ്രണയവും നിസഹായതയും ഉള്‍പ്പെടെ എല്ലാ ഭാവങ്ങളും ഇണങ്ങുന്ന നടന്‍. സംഭാഷണങ്ങളുടെ വിന്ന്യാസത്തിലും താളലയങ്ങളിലും പുലര്‍ത്തുന്ന അവധാനതയും മിതത്വവും ശ്രദ്ധേയമാണ്.
മനോജ് കെ.ജയന്‍ മികച്ച നടനാണെന്ന് സമ്മതിക്കാന്‍ സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനും ചമയത്തിലെ ആന്റപ്പനും മാത്രം മതി. എന്നാല്‍ അതിനപ്പുറം വളരാന്‍ കാലം അനുവദിക്കാതെ പോയി എന്നതാണ് മനോജിന് സംഭവിച്ചത്. ഒരു പ്രത്യേക തലത്തിലുളള അഭിനയ രീതിക്കപ്പുറം വൈവിധ്യങ്ങളിലേക്ക് വളരുന്ന മനോജിനെ അധികം കണ്ടിട്ടില്ല. ചില അതിരുകള്‍ക്കപ്പുറം സഞ്ചരിക്കാന്‍ പലപ്പോഴും അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.
കെ.ജി.ജയൻ മകനും നടനുമായ മനോജ് കെ.ജയനൊപ്പം. (ഫയൽ ചിത്രം ∙ മനോരമ)
കൊടക്കമ്പി പോലെ മൂന്നാം കിട കോമഡി വേഷങ്ങളില്‍ നിന്ന് ഒരു നടന്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അപൂര്‍വ ഇനമായി വളര്‍ന്നു പടരുന്ന കാഴ്ചയുടെ പേരാണ് ഇന്ദ്രന്‍സ്. ഹോം, ഉടല്‍ എന്നീ സിനിമകളില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം വിഭിന്നമാണ്. രണ്ടു തലങ്ങളിലും അദ്ദേഹം അനന്യമായ അഭിനയപാടവം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പേരില്ലാത്തവര്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ആര്‍ട്ട്ഹൗസ് സിനിമ എന്ന നിലയില്‍ ആ ചിത്രം അധികമാളുകള്‍ കണ്ടിട്ടില്ല എന്നതു കൊണ്ട് ഒരു വിലയിരുത്തല്‍ അസാധ്യമാണ്. എന്നാല്‍ സുരാജിലെ നടനെ അറിയാന്‍ ഒരുപാട് സിനിമകളോ കഥാപാത്രങ്ങളോ ആവശ്യമില്ല. ആക്ഷന്‍ഹീറോ ബിജുവില്‍ ഒറ്റ സീനില്‍ മിന്നിമറയുന്ന ആ അഭിനയവൈഭവം സമാനതകളില്ലാത്തതും അതുല്യവുമാണ്. ദൃക്‌സാക്ഷിയും തൊണ്ടിമുതലും ആ ധാരണ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായി. ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന എന്നിങ്ങനെ നിരവധി സിനിമകളിലൂടെ സുരാജ് തന്നിലെ അഭിനേതാവിനെ മിനുക്കിയെടുക്കുകയും വിഭിന്നതലങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
പുതുകാലം, പുതുഭാവം
പുതുതലമുറയില്‍ ഏറ്റവും മികച്ച നടനാര് എന്ന ചോദ്യത്തിന് ഒറ്റ വാക്കില്‍ ഒരു മറുപടി അസാധ്യമാണ്. അഭിനയത്തെ പരസ്പരം താരതമ്യപ്പെടുത്തുക എന്നത് അര്‍ത്ഥശൂന്യമായതിനാലും ഓരോ നടനും മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനായിരിക്കുന്നു എന്നതാണ് അവരുടെ മേന്മ എന്നതിനാലും അത്തരമൊരു വിധിപ്രസ്താവം അനുചിതമാണ്. അതേ സമയം, നടന്‍ എന്ന നിലയില്‍ സമർഥരായ നിരവധി സമകാലികരെ പിന്നിലാക്കുന്ന വൈഭവം കൊണ്ട് തെന്നിന്ത്യയില്‍ ആകമാനം ശ്രദ്ധനേടിയ താരവും അഭിനേതാവുമാണ് ഫഹദ് ഫാസില്‍. അഭിനയിക്കുന്നു എന്നു തീരെ തോന്നിപ്പിക്കാത്ത വിധം കഥാപാത്രത്തിന്റെ ഉളളിലേക്ക് കയറുന്ന അദ്ദേഹം ചിരിയിലും നോട്ടത്തിലും നടത്തത്തിലും ഒരു പുരികക്കൊടിയുടെ ചലനത്തില്‍ പോലും കഥാപാത്രത്തെ ആവാഹിക്കാന്‍ കെല്‍പ്പുളള ഒറിജിനല്‍ ആക്ടറാണ്.
ഫഹദ് ഫാസിൽ. ചിത്രത്തിനു കടപ്പാട്: www.twitter.com/411ae8870b4541f
അഭിനയം അദ്ദേഹത്തെ സംബന്ധിച്ച് തീര്‍ത്തും ഓര്‍ഗാനിക്കായ ഒന്നാണ്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അഭിനയിക്കാതെ അനായാസതയുടെ അനര്‍ഗള ഭംഗി കൊണ്ട് നമ്മെ ഞെട്ടിക്കുന്ന അസല്‍ നടന്‍. അതേ സമയം മികച്ച വിപണനമൂല്യവും നിരവധി സൂപ്പര്‍ഹിറ്റുകളുടെ പിന്‍ബലവുമുളള താരം കൂടിയാണ്. എന്നാല്‍ മാസ് മസാലകളിലൂടെ കയ്യടി മാത്രം ലക്ഷ്യമാക്കാതെ നടന്‍ എന്ന നിലയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വേഷങ്ങള്‍ക്കായി അദ്ദേഹം നിലകൊളളുന്നു. ഒരിക്കല്‍ ഹീറോ ആയിക്കഴിഞ്ഞാല്‍ സര്‍വഗുണ സമ്പന്നനായി മാത്രമേ നടിക്കൂ എന്ന് വാശി പിടിക്കുന്നവര്‍ക്കിടയില്‍ നെഗറ്റീവ് ഷേഡുളള റോളുകള്‍ ചോദിച്ചു വാങ്ങുന്ന ബുദ്ധിയുളള നടനാണ് ഫഹദ്.
സ്വന്തം അഭിനയ ശൈലിയുടെ തടവുകാരനല്ല അദ്ദേഹം. 22 ഫീമെയില്‍ കോട്ടയത്തിലെ സ്ത്രീലമ്പടനല്ല മഹേഷിന്റെ പ്രതികാരത്തിലെ നാട്ടുമ്പുറത്തുകാരനും നിസഹായനും വാശിക്കാരനുമായ യുവാവ്. സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കുന്ന ഒരൊറ്റ രംഗം മതി ഫഹദിലെ നടനെ ആഴത്തിലറിയാന്‍. സൂക്ഷ്മവിശദാംശങ്ങള്‍ അഭിനയ കലയ്ക്ക് എങ്ങനെ മിഴിവ് നല്‍കുന്നുവെന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇന്ത്യന്‍ പ്രണയകഥയിലെ സ്വാര്‍ത്ഥനായ രാഷ്ട്രീയക്കാരന്റെ മുഖമല്ല ദൃക്‌സാക്ഷിയും തൊണ്ടിമുതലിലെ കളളന്. ഡയമണ്ട് നെക്ലസില്‍ ഇതൊന്നുമല്ലാത്ത വേറൊരു ആളാണ് അദ്ദേഹം. ട്രാന്‍സിലാവട്ടെ അചിന്ത്യമായ തലങ്ങളിലേക്ക് ഈസിയായി നടന്നു കയറുകയാണ് ഈ ഭയങ്കരമാന നടന്‍. ഈ വേഷപ്പകര്‍ച്ചകളിലൊന്നും ഫഹദ് ഫാസില്‍ എന്ന വ്യക്തിയില്ല, കഥാപാത്രം മാത്രമേയുളളു എന്നതും ശ്രദ്ധേയമാണ്.
മലയാളം കണ്ട ഏറ്റവും വലിയ നടനായ മോഹന്‍ലാലില്‍ പോലും ഒരു പരിധി വരെ ലാലിന്റെ വ്യക്തിപരമായ മാനറിസങ്ങളും ബോഡി ലാംഗ്വേജും കടന്നു കൂടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സംവിധായകര്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്. എന്നാല്‍ ഫഹദിന്റെ കഥാപാത്രങ്ങളില്‍ അദ്ദേഹമില്ല. ശരിക്കും പരകായപ്രവേശമാണ് അവിടെ സംഭവിക്കുന്നത്. കഥാപാത്രത്തെ ആഴത്തിലറിഞ്ഞ് അതിന്റെ അടിത്തട്ടോളം ചെന്നും സ്വന്തം ആത്മാവില്‍ ഉള്‍ക്കൊണ്ടും അറിഞ്ഞ് അഭിനയിക്കുകയാണ് അദ്ദേഹം. അതേസമയം ഒരിടത്തും അഭിനയിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നുമില്ല.
ഡിക്യു, നിവിൻ, ടൊവിനോ, ജയസൂര്യ
ഫഹദിന്റെ സമകാലികരില്‍ അദ്ദേഹത്തിന്റെ റേഞ്ചിനടുത്ത് പോലും വരുന്ന ഒരു നടനെ കണ്ടെത്താന്‍ കഴിയില്ല എന്നതാണ് സത്യം. വിപണനമൂല്യത്തില്‍ തോള്‍പൊക്കം നില്‍ക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തിന്റെ കുറുപ്പ് അടക്കമുളള സിനിമകള്‍ ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടവയാണ്. ഇതര തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും സജീവ സാന്നിധ്യമായ ദുൽഖർ ഇപ്പോള്‍ ബോളിവുഡിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
മമ്മൂട്ടിയും ദുല്‍ഖറും
മാസ് അപ്പീലുളള മുഖവും മിതത്വമാര്‍ന്ന അഭിനയ ശൈലിയുമാണ് ഡിക്യൂവിന്റെ ഹൈലൈറ്റ്. ആക്ഷന്‍ സീക്വന്‍സുകളില്‍ പോലും അഴിഞ്ഞാടുന്ന ഡിക്യൂവിനെ കാണാന്‍ സാധിക്കില്ല. പക്വതയോടെ കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തുന്ന അദ്ദേഹം ജോമോന്റെ സുവിശേഷങ്ങള്‍ പോലെ അനവധി സിനിമകളില്‍ സ്വയം തെളിയിച്ചു. എന്നാല്‍ നടന്‍ എന്ന നിലയില്‍ വലിയ കുതിച്ചുചാട്ടങ്ങള്‍ക്കുളള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. വലിയ താരമൂല്യമുണ്ടായിട്ടും മികച്ച തിരക്കഥകളുടെ അഭാവം അദ്ദേഹത്തിന്റെ കരിയറില്‍ നേരിയ മങ്ങലേല്‍പ്പിച്ചു. കിങ് ഓഫ് കൊത്ത പോലെ വലിയ പ്രതീക്ഷകളുമായി വന്ന സിനിമകള്‍ നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹത്തിന് ഗുണം ചെയ്തില്ല. എന്നാല്‍ ഇനീഷ്യല്‍ കലക്ഷനില്‍ മോഹന്‍ലാലിന് തോളൊപ്പം നില്‍ക്കുന്ന ഡിക്യൂവിന്റെ കാലം വരാനിരിക്കുന്നതേയുളളു എന്നു തന്നെ പറയാം.
രജനികാന്തിനൊപ്പം ജയസൂര്യ
മിമിക്രിയില്‍ നിന്നും വന്ന ജയസൂര്യ ആദ്യകാലത്ത് ശരാശരി കോമഡി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി സ്വയം പരിമിതപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഉളളില്‍ വലിയ ഒരു അഭിനേതാവുണ്ടെന്ന് പലരും തിരിച്ചറിഞ്ഞില്ല. ബ്യൂട്ടിഫുള്‍ എന്ന ചിത്രം മുതല്‍ പതിവു പാറ്റേണുകള്‍ പൊളിച്ചടുക്കുന്ന ഒരു ജയസൂര്യയെ നാം കണ്ടു. തുടര്‍ന്ന് വേറിട്ട് നിരവധി കഥാപാത്രങ്ങളിലൂടെ തന്നിലെ നടന്റെ റേഞ്ച് അദ്ദേഹം ബോധ്യപ്പെടുത്തി. കങ്കാരുവിലെ വില്ലനും ഇയോബിന്റെ പുസ്തകത്തിലെ വേഷവുമൊന്നും ജയസൂര്യയില്‍ നിന്നു തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ക്യാപ്റ്റന്‍, വെളളം തുടങ്ങി അനവധി സിനിമകളില്‍ നടന്‍ എന്ന നിലയില്‍ സ്വയം വെല്ലുവിളികള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വരാനിരിക്കുന്ന കടമറ്റത്ത് കത്തനാര്‍ ഇതുവരെ കാണാത്ത ഒരു ജയസൂര്യയെ കാണിച്ചു തരുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. ചമയത്തിന്റെ ധാരാളിത്തത്തെ മറികടന്ന് കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ആഴത്തില്‍ ഇറങ്ങാന്‍ കെല്‍പ്പുളള നടന്‍ തന്നെയാണ് ജയസൂര്യ.
അനൂപ് മേനോന്റെ കരിയര്‍ ബെസ്റ്റ് തിരക്കഥ എന്ന സിനിമയിലെ പ്രതിനായക വേഷമായിരുന്നു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുളള പടങ്ങളില്‍ പക്വമായ അഭിനയ ശൈലി കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും നടന്‍ എന്ന നിലയില്‍ വലിയ കുതിച്ചു ചാട്ടങ്ങള്‍ സംഭവിച്ചില്ല.
മിന്നല്‍ മുരളി എന്ന ഗ്ലോബല്‍ ഹിറ്റിലൂടെ ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച നടനാണ് ടൊവീനോ. 2018 കൂടി വന്നതോടെ നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹം ബഹുദൂരം മൂന്നേറുന്ന കാഴ്ച നാം കണ്ടു. ഇന്ന് മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് സ്റ്റാറുകളുടെ നിരയില്‍ മുന്നിലാണ് ടൊവീനോ. എന്നാല്‍ എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സ് ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ ഇനിയും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അദൃശ്യജാലകങ്ങള്‍ പോലെ ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചെങ്കിലൂം ശ്രദ്ധിക്കപ്പെടാതെ പോയി.
ടൊവിനോ തോമസ്
പൃഥ്വിരാജ് കുറെക്കൂടി സീനിയറായ നടനാണെങ്കിലൂം മേല്‍പ്പറഞ്ഞവര്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന താരവും സംവിധായകനുമാണ്. ആടുജീവിതം എന്ന കരിയര്‍ ബെസ്റ്റ് മൂവി അദ്ദേഹത്തെ നടന്‍ എന്ന നിലയില്‍ ഒരുപാട്ദൂരം മുൻപോട്ടു കൊണ്ടുപോയി. ന്യൂജനറേഷന്‍ താരങ്ങളുടെ സ്വാഭാവിക അഭിനയ രീതിയല്ല പൃഥ്വിയുടേത്.
ഹ്യൂമർ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ദിലീപ്. ഇന്നും മലയാളികൾ ആവർത്തിച്ചു കാണുന്ന ചിരിച്ചിത്രങ്ങളിൽ ദിലീപിന്റെ സിനിമകളുണ്ട്. പവി കെയർ ടേക്കർ എന്ന പുതിയ സിനിമയിലൂടെ ആ തട്ടകത്തിലേക്കൊരു തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. മാളികപ്പുറം, ജയ് ഗണേശ്, വരാനിരിക്കുന്ന മാർക്കോ തുടങ്ങിയ സിനിമകളിലൂടെ ഉണ്ണി മുകുന്ദനും ചവിട്ടുപടികളേറി മുന്നിലേക്കു വരുന്നുണ്ട്.
മോഹൻലാലും ദിലീപും
അഭിനയം വാസ്തവത്തില്‍ ഒരു ‘മേക്ക് ബിലീഫ്’ ആണെന്ന് മോഹന്‍ലാല്‍ പല അഭിമുഖങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. യഥാർഥത്തില്‍ ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു തോന്നിപ്പിക്കലാണിത്. ഒരു വ്യക്തി തന്നില്‍ നിന്നു തീര്‍ത്തും വിഭിന്നമായ മറ്റൊരു വ്യക്തിത്വത്തിലേക്ക് പരകായപ്രവേശം നടത്തുകയും ആ മറ്റൊരാളാണ് താനെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന മാന്ത്രിക പ്രക്രിയ. ഇത് ഏറ്റവും സഫലമായി നിര്‍വഹിച്ച എക്കാലത്തെയും വലിയ നടനാണ് മോഹന്‍ലാല്‍ എന്നതും വിസ്മരിക്കാനാവില്ല. ലാലിന്റെ പിന്‍തുടര്‍ച്ചക്കാരനായി ഫഹദ് എന്ന വലിയ നടന്‍ നിലനില്‍ക്കുമ്പോള്‍ അദ്ദേഹവുമായി താരതമ്യം ചെയ്യപ്പെടാന്‍ കെല്‍പ്പുളളവരുടെ എണ്ണം കുറയുന്നു എന്നതാണ് സത്യം.
നിവിന്‍ പോളി വൈവിധ്യമുളള അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കാന്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ച നടനല്ല. ആക്‌ഷന്‍ ഹീറോ ബിജുവിലെ പൊലീസ് ഓഫിസര്‍ നിവിന് മാത്രം കഴിയുന്നു എന്ന് തോന്നിപ്പിക്കും വിധം അദ്ദേഹം അനശ്വരമാക്കി. ക്ഷുഭിതനായ പൊലീസ് ഓഫിസറെ മമ്മൂട്ടിയും സുരേഷ്‌ഗോപിയും അടക്കം പല കാലങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരം റഹറന്‍സുകളെ ആശ്രയിക്കാതെ അതിന്റെ വിപരീത ദിശയിലുളള ആക്ടിങ് മെത്തേഡ് കൊണ്ട് തനതായ വഴിവെട്ടിത്തുറന്ന നിവിന്‍, പൊലീസ് വേഷം എത്ര കണ്ട് യാഥാര്‍ത്ഥ്യബോധത്തോടെയും സ്വാഭാവികതയോടെയും അഭിനയിച്ച് ഫലിപ്പിക്കാമെന്ന് നമ്മെ ബോധ്യപ്പെടുത്തി. നടന്‍ എന്ന നിലയില്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഉതകുന്ന വേഷങ്ങള്‍ ലഭിച്ചാല്‍ വലിയ സാധ്യതകളുളള അഭിനേതാവ് തന്നെയാണ് നിവിൻ പോളി. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ഏറ്റവും പുതിയ ചിത്രത്തിലെ അതിഥി വേഷം പോലും അത് ബോധ്യപ്പെടുത്തുന്നു.
നിവിൻ പോളി
കഥാപാത്രം ഏതായാലും വളരെ കൂളായി അഭിനയിക്കുന്ന ആസിഫ് അലി ആക്ടിങില്‍ അല്ല ബിഹേവിങില്‍ വിശ്വസിക്കുന്ന നടനാണ്. ‘ഈസിനസ്’ ആണ് അദ്ദേഹത്തിന്റെ ശക്തി. ഏതോ മഹാകാര്യം ചെയ്യുന്നു എന്ന മട്ടില്‍ മസിൽ പിടിച്ച് അഭിനയിക്കാറില്ല അദ്ദേഹം. അടുത്ത സുഹൃത്തിനോടോ അയല്‍ക്കാരനോടോ ഇടപഴകുന്ന മട്ടില്‍ സഹകഥാപാത്രങ്ങളോട് പെരുമാറുക വഴി സ്വാഭാവിക പ്രതീതി ജനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. അപൂർവരാഗം, ഋതു അടക്കം നിരവധി സിനിമകളുണ്ടെങ്കിലും കെട്ട്യോളാണെന്റെ മാലാഖയാണ് ആസിഫിന്റെ കരിയറിലെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒരു ചിത്രം. അതില്‍ ആസിഫും ജാഫര്‍ ഇടുക്കിയും തമ്മിലുളള കോംബിനേഷന്‍ സീനുകള്‍ യഥാര്‍ത്ഥജീവിതവും സിനിമയും തമ്മിലുളള അതിരുകള്‍ മായ്ച്ചു കളയുന്നത്ര ഒറിജിനാലിറ്റിയുളളതാണ്.
മഹേഷിന്റെ പ്രതികാരം അടക്കം അഭിനയിച്ച ഓരോ സിനിമയിലും ജീവസുറ്റ കഥാപാത്രങ്ങള്‍ക്ക് രൂപഭാവങ്ങള്‍ പകര്‍ന്ന നടനാണ് ജാഫര്‍. സാധാരണ മിമിക്രിയില്‍ നിന്നു വരുന്ന നടന്‍മാര്‍ കടുത്ത ചായക്കൂട്ടുകള്‍ കൊണ്ട് കഥാപാത്രനിര്‍മ്മിതിക്ക് ശ്രമിക്കുകയും കാരിക്കേച്ചര്‍ സ്വഭാവത്തിലേക്കും കാര്‍ട്ടൂണ്‍ ടൈപ്പുകളിലേക്കും വഴിമാറാറുണ്ട്. ജാഫര്‍ ഇടുക്കി നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്ന നടനാണ്. ചുരുളി അടക്കമുളള സിനിമകളില്‍ ബിഹേവ് ചെയ്ത രീതിയും ഡയലോഗ് റെന്‍ഡറിങും ജാഫറിലെ മികച്ച നടനെ എടുത്തു കാട്ടുന്നു.
പുതുകാല നായകന്‍മാര്‍
പുതുകാല നായകന്‍മാരില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ അര്‍ജുന്‍ അശോകന്‍ പ്രായത്തിനും അനുഭവസമ്പത്തിനുമപ്പുറം പക്വമായ അഭിനയം കാഴ്ചവയ്ക്കുന്ന നടനാണ്. തീപ്പൊരി ബെന്നി, ഭ്രമയുഗം എന്നിങ്ങനെ വ്യത്യസ്ത ജോണറുകളിലുളള സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അർജുൻ അശോകൻ
പരിമിതികള്‍ ഏറെയുളള നടനാണ് ചാക്കോച്ചന്‍. ആദ്യകാലത്ത് സ്റ്റീരിയോടൈപ്പ് വേഷങ്ങളില്‍ കുടുങ്ങിക്കിടന്ന ചാക്കോച്ചന് രണ്ടാം വരവില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചില വേഷങ്ങള്‍ ലഭിച്ചു. ന്നാ താന്‍ കൊണ്ട് കേസ് കൊട്, നായാട്ട് എന്നീ സിനിമളില്‍ നടന്‍ എന്ന നിലയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മറ്റു പല ചിത്രങ്ങളിലും ശരാശരി നടനായി നിലകൊളളുമ്പോഴും വിപണനമൂല്യമുളള താരമായി നിലനില്‍ക്കുകയാണ് അദ്ദേഹം.
സൗബിൻ ഷാഹിർ
ആദ്യകാലങ്ങളില്‍ ചെറുകിട ഹാസ്യവേഷങ്ങളില്‍ തുടക്കമിട്ട സൗബിന്‍ കരിയറില്‍ നടത്തിയ കുതിച്ചു ചാട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു നായകനടനു വേണ്ട ആകാരഭംഗി അവകാശപ്പെടാനാവാത്ത അദ്ദേഹം അഭിനയശേഷിക്ക് മുന്നില്‍ ഇത്തരം പരിമിതികള്‍ക്ക് സ്ഥാനമില്ലെന്ന് തെളിയിച്ചു. കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, മഞ്ഞുമ്മൽ ബോയ്സ്, രോമാഞ്ചം എന്നിങ്ങനെ അനവധി സിനിമകളിലൂടെ ഒരേ സമയം മികച്ച നടനും മാര്‍ക്കറ്റ് വാല്യൂ ഉളള താരമായും അദ്ദേഹം തിളങ്ങുന്നു. അപാരമായ റേഞ്ചുളള സൗബിന്‍ ഇനിയും ഏറെ ഉപയോഗിക്കപ്പെടേണ്ട അഭിനേതാവാണ്.
ഷെയ്ന്‍ നിഗം തനതായ അഭിനയശൈലി കൊണ്ടും അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധമുളള പ്രകടനത്തിലെ മിതത്വവും സ്വാഭാവികതയും കൊണ്ട് ഒരേ സമയം നല്ല നടനും ബിസിനസ് വാല്യൂ ഉളള താരമായും നിറഞ്ഞു നില്‍ക്കുന്നു. ഇഷ്‌ക്ക്, കുമ്പളങ്ങി നൈറ്റ്‌സ്, കിസ്മത്, ആര്‍ ഡി എക്‌സ് എന്നിങ്ങനെ അനവധി സിനിമകളിലൂടെ സ്വയം തെളിയിച്ച ഷെയ്ന്‍ ഭാവി പ്രതീക്ഷകളില്‍ മുന്‍നിരയിലാണ്.
ഷെയ്ൻ നിഗം
സംവിധായകനാകാന്‍ ആഗ്രഹിച്ച് രംഗത്ത് വന്ന ബേസില്‍ യാദൃച്ഛികമായി നായകന്റെ കുപ്പായമിട്ട നടനാണ്. ജയ ജയ ജയ ജയ ഹേ, ജാൻഎമന്‍, പാല്‍ത്തൂ ജാന്‍വര്‍, ഫാലിമി ഉള്‍പ്പെടെ അദ്ദേഹം നായകനായ സിനിമകളുടെ അവിചാരിത വിജയം ബേസിലിനെ ഒരേ സമയം വിപണിമൂല്യമുളള നടനും സംവിധായകനുമാക്കി. സില്ലി ക്യാരക്‌ടേഴ്‌സില്‍ തുടങ്ങിയ ബേസില്‍ ഫാലിമിയില്‍ എത്തുമ്പോള്‍ സീരിയസ് വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. തന്റെ രൂപഭാവങ്ങള്‍ക്ക് ഇണങ്ങുന്ന വേഷങ്ങള്‍ തിരഞ്ഞെടുക്കാനുളള ഔചിത്യബോധം സംവിധായകന്‍ കൂടിയായ അദ്ദേഹത്തെ നയിക്കുന്നു. അതെല്ലാം തന്നെ വലിയ വിജയങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.
മനോരമ ന്യൂസ് കോൺക്ലേവിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് സംസാരിക്കുന്നു. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
പല സന്ദര്‍ഭങ്ങളിലും തിലകന്‍ അടക്കമുളള മഹാനടന്‍മാരെ അനുസ്മരിപ്പിക്കുന്ന ഭാവാഭിനയവും ശരീരഭാഷയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന നടനാണ് ജോജു ജോര്‍ജ്. പരുക്കന്‍ കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന ശരീരപ്രകൃതി വച്ച് വിപരീത ദിശയിലുളള വേഷങ്ങളും ചെയ്ത് തന്റെ റേഞ്ച് ഇനിയും നിര്‍ണയിക്കപ്പെടാനിരിക്കുന്നതേയുളളൂ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു അദ്ദേഹം. ജൂണ്‍, ജോസഫ്, ആന്റണി, പൊറിഞ്ചു മറിയം ജോസ്, ഇരട്ട, ഉദാഹരണം സുജാത എന്നിങ്ങനെ അനവധി സിനിമകളില്‍ അതുല്യ പ്രകടനം കൊണ്ട് നമ്മെ അമ്പരപ്പിച്ചു കളഞ്ഞു ജോജു.
ജോജു ജോർജ്
ബിജു മേനോനാണ് മറ്റൊരു യമണ്ടന്‍ താരം. കമ്പോളത്തിലും മുന്‍തൂക്കമുളള അദ്ദേഹം വലിയ റേഞ്ചുളള നടനാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചു. ഹാസ്യം, ക്രൗര്യം, പ്രണയം…അദ്ദേഹത്തിന് വഴങ്ങാത്ത ഭാവങ്ങളില്ല. അനുരാഗക്കൊട്ടാരത്തിലും ആര്‍ക്കറിയാം എന്ന ചിത്രത്തിലും വൃദ്ധ കഥാപാത്രമായി പോലും അസാമാന്യ പ്രകടനം കാഴ്ചവച്ചു. തുടക്കത്തില്‍ അത്രയൊന്നും പ്രതീക്ഷകള്‍ ഉണര്‍ത്താതെ കടന്നു വന്ന ബിജു മേനോന്‍ ഭാവാഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്ന കാഴ്ച മലയാള സിനിമ അദ്ഭുതാദരങ്ങളോടെയാണ് കണ്ടു നിന്നത്.
ബിജു മേനോനും ജോജു ജോർജും
യൂത്തിൽ നസ്‍ലിന്‍
വളരെ കാഷ്വലായും കൂളായും അഭിനയിക്കുന്ന നസ്‍ലിന്‍ ശ്രദ്ധേയനാകുന്നത് പ്രായത്തിനപ്പുറത്തുളള പക്വതയും ഈസിനസ്സും കൊണ്ടാണ്. നടന്‍ എന്ന നിലയില്‍ അപാരസാധ്യതയുളള ഒരാളാണ് നസ്‌ലിന്‍. എണ്ണത്തില്‍ കുറച്ചു വേഷങ്ങളേ ചെയ്തിട്ടുളളുവെങ്കിലും മുളയിലേ അറിയാം മുളക്കരുത്ത് എന്ന പോലാണ് നസ്‌ലിന്റെ അവസ്ഥ. പ്രേമലു എന്ന നൂറുകോടി ക്ലബ്ബ് ചിത്രത്തോടെ ഒരു സിനിമ ഒറ്റയ്ക്ക് ഷോള്‍ഡര്‍ ചെയ്യാന്‍ കെല്‍പ്പുളള നായകന്മാരുടെ നിരയില്‍ അദ്ദേഹം സ്ഥാനം പിടിച്ചു. മകള്‍, കേശു ഈ വീടിന്റെ നാഥന്‍ എന്നിങ്ങനെയുള്ള സിനിമകളില്‍ പോലും നസ്‌ലിന്റെ പ്രകടനം അസാധ്യമായി എന്ന് പ്രേക്ഷകരെ കൊണ്ടും നിരൂപകരെ കൊണ്ടും പറയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
മാത്യുവും നസ്‌ലിനും
നടന്‍ എന്നതിലുപരി സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലാണ് വിനീത് ശ്രീനിവാസന്റെ മികവ്. അഭിനയിച്ച സിനിമകളിലെല്ലാം കുറ്റമറ്റ രീതിയില്‍ തന്റെ വേഷങ്ങള്‍ ചെയ്തു എന്നതൊഴിച്ചാല്‍ നടന്‍ എന്ന നിലയില്‍ അസാധാരണ വൈഭവം കാട്ടാനുതകുന്ന കഥാപാത്രങ്ങളില്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. വളരെ പ്ലസന്റായ ചിരിയും ശരീരഭാഷയും കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന് സ്വന്തം പ്രകൃതവുമായി ഇണങ്ങുന്ന വേഷങ്ങളാണ് കൂടുതല്‍ യോജിക്കുക. തണ്ണീര്‍മത്തന്‍ ദിനങ്ങളിലും നെയ്മറിലും അന്തസുറ്റ പ്രകടനം കാഴ്ചവച്ച മാത്യുവും മോശം നടനല്ല. വളരെ കാഷ്വലായ പെരുമാറ്റ രീതികളിലൂടെ അഭിനയത്തിന്റെ മസിലുപിടിത്തങ്ങളെ പുര്‍ണ്ണമായി നിരാകരിക്കുന്ന മാത്യുവും ഭാവിപ്രതീക്ഷയാണ്.
മമ്മൂട്ടി എന്ന ന്യൂജന്‍ സ്റ്റാര്‍, മോഹന്‍ലാല്‍ എന്ന അഭിനയവിസ്മയം
തന്നിലെ നടനെ സ്വയം തേച്ചു മിനുക്കുകയും പാത്ത് ബ്രേക്കിംഗ് സിനിമകളും കഥാപാത്രങ്ങളും ചോദിച്ചു വാങ്ങുകയും ചെയ്യുന്ന മമ്മൂട്ടിയാണ് ഏറ്റവും വലിയ ന്യൂജനറേഷന്‍ താരം. പഴയകാല സിനിമകളില്‍ നാടകീയതക്ക് മുന്‍തൂക്കം നല്‍കിയിരുന്ന മമ്മൂട്ടിയിലെ നടന്‍ കാലാനുസൃതമായ പരിണാമങ്ങള്‍ക്ക് വിധേയനായി മറ്റൊരു തലത്തില്‍ എത്തിയിരിക്കുന്നു. പുഴു, കാതല്‍, റോഷാക്ക്, ഭ്രമയുഗം എന്നിങ്ങനെ എത്രയോ സിനിമകള്‍.
പോസ്റ്റർ
ഇന്ദ്രജിത്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ലുക്ക് മാന്‍, ധ്യാന്‍ ശ്രീനിവാസന്‍… ഇനിയും ഏറെയുണ്ട് ശ്രദ്ധേയരായ നായക നടന്‍മാര്‍. ക്യാരക്ടര്‍ വേഷങ്ങളിലും നന്നായി ശോഭിക്കുന്ന ഇവരും അഭിനയ ശേഷി കൈമുതലായുളളവരാണ്. സിനിമയില്‍ കഴിവിനൊപ്പം ഭാഗ്യവും നിർണായക ഘടകമാണ്. വലിയ അഭിനയപ്രതിഭകള്‍ക്ക് വിപണനമൂല്യം ഇല്ലാതിരിക്കുകയും ശരാശരി നടന്‍മാര്‍ വലിയ താരങ്ങളായി വിലസുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന് എക്കാലവും സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അഭിനയചക്രവര്‍ത്തി എന്ന് സത്യന്‍ അറിയപ്പെട്ടിരുന്ന കാലത്തും പ്രേംനസീറായിരുന്നു സൂപ്പര്‍സ്റ്റാര്‍. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന മഹാനടനേക്കാള്‍ വലിയ താരമായിരുന്നു മധു. ഭേദപ്പെട്ട നടന്‍മാരായ സോമനും സുകുമാരനും അരങ്ങു വാഴുന്ന കാലത്തും ജയനായിരുന്നു മെഗാസ്റ്റാര്‍. സായികുമാറും മനോജ് കെ.ജയനും അവരുടെ പ്രതിഭയ്ക്ക് അനുസൃതമായ അംഗീകാരം ലഭിച്ചില്ല. ഏതു വേഷവും ഇണങ്ങുന്ന രൂപഭംഗിയുളള നടന്‍ കൂടിയായിട്ടും നായകനിരയില്‍ സിദ്ദീഖിന് വലിയ മുന്നേറ്റം നടത്താനായില്ല. അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സിനിമകളില്‍ ജഗദീഷ് നായകനാവുകയും അവയില്‍ പലതും വന്‍ഹിറ്റുകളായി തീരുകയും ചെയ്തു.
താരമൂല്യത്തിലും അഭിനയശേഷിയിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുകയും അത് ദീര്‍ഘകാലം നിലനിര്‍ത്താനും സാധിച്ച രണ്ട് അദ്ഭുതപ്രതിഭകളേയുള്ളൂ മലയാളത്തില്‍. സാക്ഷാല്‍ മമ്മൂട്ടിയും മോഹന്‍ലാലും. മാസ് പടങ്ങളിലൂടെ കയ്യടി വാങ്ങുന്നതിനൊപ്പം ആഴമുളള കഥാപാത്രങ്ങളിലൂടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാനും ഇവര്‍ക്കു സാധിച്ചു. ആളുകളെ കയ്യിലെടുക്കാനുളള നമ്പറുകള്‍ക്കൊപ്പം ഉള്‍ക്കനമുളള അഭിനയത്തിന്റെ മികവില്‍ മോഹന്‍ലാല്‍ താണ്ടിയ ഉയരങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ ഒറ്റപ്പെട്ട ചരിത്രമാണ്. പ്രത്യഭിഭിന്നമായ സിനിമകളില്‍ ഒരു പോലെ ശോഭിക്കാന്‍ കഴിഞ്ഞ മറ്റൊരു നടനും ലാലിന് മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. സമീപകാല വീഴ്ചകള്‍ കൊണ്ട് ഉടവു തട്ടുന്നതല്ല ലാലിന്റെ സിംഹാസനം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറെക്കൂടി അവധാനത പുലര്‍ത്തിയാല്‍ തീരാവുന്നതേയുളളു അദ്ദേഹം നേരിടുന്ന വിമര്‍ശനങ്ങള്‍.
ഭ്രമയുഗത്തിൽ മമ്മൂട്ടി
എന്നാല്‍ സിനിമയുടെ ആകത്തുകയെ സംബന്ധിച്ചും കാലാനുസൃതമായി ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാവുകത്വപരമായ പരിണാമങ്ങളെ സംബന്ധിച്ചും സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ കുതിച്ചുചാട്ടങ്ങളെ സംബന്ധിച്ചും നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്ന മമ്മൂട്ടിക്കുളള അവബോധം അനുപമമാണ്. പുഴുവും ഭ്രമയുഗവും നന്‍പകല്‍ നേരത്ത് മയക്കവും പോലെ വെല്ലുവിളികള്‍ നിറഞ്ഞ സിനിമകള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നടനും ഇന്ന് ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം മാത്രമാണ്. സമകാലികരായ രജനികാന്തും കമല്‍ഹാസനും അടക്കമുളളവര്‍ സേഫ് സോണില്‍ നിന്നു കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മമ്മൂട്ടി വളയമില്ലാ ചാട്ടവും കൈവിട്ട കളിയും നടത്തി ഗോള്‍ അടിക്കുന്നത് ചെറിയ കാര്യമല്ല.
കാതല്‍ പോലെ കാലത്തിന് മുന്‍പേ നടക്കുന്ന ഒരു ഇതിവൃത്തവും കഥാപാത്രവും ഏറ്റെടുത്തു വിജയിപ്പിക്കാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? കമല്‍ഹാസന്‍ ഒരു കാലത്ത് നിരവധി പരീക്ഷണചിത്രങ്ങള്‍ ഒരുക്കിയപ്പോഴും അവയുടെ കമേഴ്‌സ്യല്‍ ബേസ് ഉറപ്പ് വരുത്തിയിരുന്നു. മമ്മൂട്ടി അതല്ല ചെയ്യുന്നത്. ഒന്നു പാളിയാല്‍ പൂർണമായി തിരസ്‌കരിക്കപ്പെടാവുന്ന ഹൈലി റിസ്‌കിയായ ധീരശ്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ് അദ്ദേഹം.
വാര്‍പ്പു മാതൃകാ സിനിമകളെ പാടെ നിരാകരിച്ച് പുതിയ പ്രമേയവും പുത്തന്‍ ആഖ്യാന രീതിയും വേറിട്ട കഥാപാത്രസൃഷ്ടിയും അഭിനയരീതിയും ആവശ്യപ്പെടുകയാണ് ഈ നടന്‍. തന്റെ വേഷവും തന്റെ നടനവും മാത്രം നന്നാവണം എന്നതല്ല മമ്മൂട്ടിയുടെ ലക്ഷ്യം. സിനിമയുടെ ആകത്തുക മികച്ചതാവണം എന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തുന്നതായി കാണാം. മുന്‍ഗാമികള്‍ പതിപ്പിച്ച അടയാളങ്ങളെ സ്വാംശീകരിക്കുമ്പോള്‍ തന്നെ അവരില്‍ നിന്നു വിഭിന്നമായി തനതു മുദ്ര പതിപ്പിക്കാന്‍ കെല്‍പ്പുളള ചലച്ചിത്രകാരന്‍മാരുടെ തോളിലേറി അഭിനയകലയുടെ ആകാശങ്ങളിലേക്ക് പറക്കാന്‍ മമ്മൂട്ടിക്ക് മാത്രമല്ല ദിശാബോധമുളള ഏതൊരു മികച്ച നടനും സാധിക്കും. അതു തിരിച്ചറിയാനുളള വിവേചനബുദ്ധി ഉണ്ടാവണമെന്ന് മാത്രം.
ആത്യന്തിക വിശകലനത്തില്‍ താരമൂല്യത്തിനൊപ്പം അനന്യമായ അഭിനയശേഷിയും പുലര്‍ത്തുന്ന രണ്ട് ഡസനിലേറെ അഭിനയപ്രതിഭകള്‍ നായകനിരയില്‍ തന്നെ മലയാളത്തിന് സ്വന്തമായുണ്ട്. ഇന്ത്യയില്‍ മറ്റൊരു ഭാഷയിലും ഇങ്ങനെയൊരു അദ്ഭുതം സംഭവിക്കുന്നില്ല എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്.
Source link