ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ജയ്പുർ/ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ഇംഗ്ലീഷ് താരങ്ങൾ സ്വദേശത്തേക്ക് മടങ്ങാൻ തുടങ്ങി. 2024 ഐസിസി ട്വന്റി-20 ക്രിക്കറ്റിനുള്ള ഇംഗ്ലീഷ് ടീമിലുള്ള കളിക്കാരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഇക്കാര്യം ഐപിഎല്ലിലെ ടീമുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ ജോസ് ബട്ലർ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിൽ ജാക്സ്, റീസ് ടോപ്ലി, പഞ്ചാബ് കിംഗ്സിന്റെ ലിയാം ലിവിംഗ്സ്റ്റണ് തുടങ്ങിയവരാണ് സ്വദേശത്തേക്ക് മടങ്ങിയത്. കപ്പ് അടിക്കണമെന്ന ആശംസ നേർന്നശേഷമാണ് ബട്ലറിന്റെ മടക്കം. ബട്ലറിന്റെ അഭാവം രാജസ്ഥാന് കനത്ത പ്രഹരമാകും. ഓപ്പണറായ ബട്ലർ 2024 സീസണിൽ രണ്ട് സെഞ്ചുറിയടക്കം 359 റണ്‍സ് നേടിയിരുന്നു. പരിക്കിനെ തുടർന്ന് ലിവിംഗ്സ്റ്റണ് പഞ്ചാബ് ക്യാന്പിൽനിന്ന് നേരത്തേ പുറത്തുപോയിരുന്നു. ചെന്നൈയുടെ മൊയീൻ അലി, പഞ്ചാബിന്റെ ജോണി ബെയർസ്റ്റൊ, സാം കരൺ, കോൽക്കത്തയുടെ ഫിൽ സാൾട്ട് എന്നിവർ ഈ ആഴ്ച മടങ്ങും.
Source link