ഇന്തോനേഷ്യയിൽ കനത്ത മഴയും ലാവാ പ്രവാഹവും; 43 പേർ മരിച്ചു
പദാംഗ്: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയിലും തണുത്ത ലാവാ പ്രവാഹത്തിലും 43 പേർ മരിച്ചു. 15 പേരെ കാണാതായി. ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മറാപി പർവതത്തിൽനിന്നുള്ള തണുത്ത ലാവ പ്രവാഹത്തിലുമാണു നിരവധി പേർക്ക് ജീവഹാനിയുണ്ടായത്. ശനിയാഴ്ച പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ നാലു ജില്ലകളിലെ മലയോര ഗ്രാമങ്ങളെയാണ് മിന്നൽപ്രളയം ബാധിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. അഗാം, തനഹ് ജില്ലകളിലെ 3,100 പേരെ താത്കാലിക കേന്ദ്രങ്ങളിലേക്കുമാറ്റി. അഗ്നിപർവത പദാർഥങ്ങളുടെയും ഉരുളൻകല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവ, മഴയിൽ അഗ്നിപർവത ചരിവിലൂടെ പ്രവഹിക്കുകയായിരുന്നു. ലാഹാർ പ്രവാഹമാണു ദുരന്തകാരണമായത്. മഴ കനത്ത നാശം വിതച്ച അഗാം, തനഹ് ദതാർ ജില്ലകളിലാണു കൂടുതൽ പേർ മരിച്ചത്. മഴക്കെടുതിയിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ നദികളുടെ കരയിടിയുകയും റോഡുകൾ ഒഴുകിപ്പോകുകയും ചെയ്തു. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശിച്ചു.
Source link