മനുഷ്യമസ്തിഷ്കത്തിൽ ഘടിപ്പിച്ച ആദ്യചിപ്പിന് സാങ്കേതികപ്രശ്‌നം; 100 ദിവസത്തിന് ശേഷം വെളിപ്പെടുത്തൽ
വാഷിങ്ടൺ: മനുഷ്യമസ്തിഷ്‌കത്തിൽ ആദ്യമായി ഘടിപ്പിച്ച തങ്ങളുടെ ‘ടെലിപ്പതി’ എന്ന ചിപ്പ് ചില സാങ്കേതികപ്രശ്നങ്ങൾ നേരിട്ടെന്ന് വെളിപ്പെടുത്തി ന്യൂറാലിങ്ക് കമ്പനി. മനുഷ്യർ ചിന്തിക്കുന്നതെല്ലാം കംപ്യൂട്ടറിലേക്കോ ഫോണുകളിലേക്കോ പകർത്തുകയെന്ന ലക്ഷ്യത്തോടെ ജനുവരിയിലാണ് നൊലാൻഡ് അർബാഗ് എന്നയാളിൽ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി ചിപ്പ് ഘടിപ്പിച്ചത്. മസ്തിഷ്‌കത്തിൽ ചിപ്പുമായി അർബാഗ് 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യ ആഴ്ചകളിൽ ചിപ്പിന് സാങ്കേതികപ്രശ്നങ്ങളുണ്ടായെന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കമ്പനി പറയുന്നു. ചെറിയ ഇലക്‌ട്രോഡുകൾ ഉപയോഗിച്ചാണ് ചിപ്പിന്റെ പ്രവർത്തനം. എന്നാൽ, മസ്തിഷ്‌കവുമായി ബന്ധിപ്പിച്ച ഇലക്‌ട്രോഡുകളടങ്ങിയ ചില അതിസൂക്ഷ്മനാരുകൾ കോശങ്ങളിൽനിന്ന് പിൻവാങ്ങിയതാണ് ബുദ്ധിമുട്ടുകൾക്ക് കാരണം. ഈ സമയം ഉപകരണത്തിൽനിന്ന് ലഭിക്കുന്ന ഡേറ്റയുടെ അളവ് കുറഞ്ഞതായും ഇതോടെ ചിപ്പിന്റെ വേഗവും കൃത്യതയും അളക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടെന്നും കമ്പനി ബ്ലോഗ്‌പോസ്റ്റിൽ പറയുന്നു. എന്നാൽ, എത്ര നാരുകൾക്ക് തകരാറുണ്ടായെന്ന് കമ്പനി പറയുന്നില്ല. അൽഗൊരിതം മാറ്റി ഈ പ്രശ്നം പരിഹരിച്ചതായി ന്യൂറാലിങ്ക് പറഞ്ഞു. സാധാരണദിവസങ്ങളിൽ എട്ടുമണിക്കൂർവരെ അർബാഗ് ചിപ്പുപയോഗിക്കുന്നുണ്ടെന്നും വാരാന്തത്തിൽ അത് 10 മണിക്കൂർവരെ നീളുമെന്നും കമ്പനി പറയുന്നു.
Source link