‘പൂക്കാലം’, ചേച്ചി കണ്ടോ എന്ന് അറിയില്ല: കനകലതയെ ഓർത്ത് ഗണേഷ് രാജ്
‘പൂക്കാലം’, ചേച്ചി കണ്ടോ എന്ന് അറിയില്ല: കനകലതയെ ഓർത്ത് ഗണേഷ് രാജ് | Ganesh Raj Kanakalatha
‘പൂക്കാലം’, ചേച്ചി കണ്ടോ എന്ന് അറിയില്ല: കനകലതയെ ഓർത്ത് ഗണേഷ് രാജ്
ആർ.ബി. ശ്രീലേഖ
Published: May 07 , 2024 11:46 AM IST
1 minute Read
ഗണേഷ് രാജ്, ‘പൂക്കാലം’ സിനിമയിൽ കനകലത
നടി കനകലതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ‘പൂക്കാലം’ സിനിമയുടെ സംവിധായകൻ ഗണേഷ് രാജ്. സിനിമ കണ്ടു വളർന്നപ്പോൾ തന്നെ മനസ്സിൽ കടന്നുകൂടിയ ചില താരങ്ങളുണ്ട്. അവരാണ് നമ്മെ സിനിമ സ്വപ്നം കാണാൻ പഠിപ്പിച്ചത്, അക്കൂട്ടത്തിൽ ഒരാളാണ് കനകലത. അതുകൊണ്ടാണ് ‘പൂക്കാല’ത്തിൽ കനകാലതയെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഗണേഷ് രാജ് പറയുന്നു. അപ്രതീക്ഷിതമായാണ് കനകലതയുടെ വിയോഗവർത്ത അറിഞ്ഞതെന്നും ഏറെ ദുഃഖം തോന്നുന്നുവെന്നും ഗണേഷ് രാജ് പറഞ്ഞു. കനകലതയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമയാണ് ‘പൂക്കാലം’.
‘‘അടുത്ത സിനിമ ചെയ്യുമ്പോൾ കൂടുതൽ മുതിർന്ന താരങ്ങളോടൊപ്പം വർക്ക് ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. സിനിമ കണ്ടു വളർന്നപ്പോൾ തന്നെ നമ്മുടെ മനസ്സിൽ കയറിക്കൂടിയ ചിലർ ഉണ്ടല്ലോ. അമ്മയായും ചേച്ചിയായും ഒക്കെ നമ്മെ ചിരിപ്പിച്ചും കരയിപ്പിച്ചും എത്രയെത്ര വേഷങ്ങളാണ് കനകലത ചേച്ചി ചെയ്തത്. അത്തരം നിരവധി കലാകാരന്മാർ നമുക്കിടയിൽ ഉണ്ട്. അവരെയെല്ലാം സിനിമകളിൽ ഉൾപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെയാണ് അരുൺ കുര്യന്റെ കഥാപാത്രത്തിന്റെ അമ്മയുടെ റോളിലേക്ക് കനകലത ചേച്ചിയെ വിളിക്കുന്നത്.
ചേച്ചിക്ക് സിനിമ ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. ചേച്ചി വളരെ സന്തോഷത്തോടെയാണ് ആ കഥാപാത്രം സ്വീകരിച്ചത്. ഒരുപാട് അഭിനയ പരിചയമുള്ള ചേച്ചിയോടൊപ്പം വർക്ക് ചെയ്യാൻ നല്ല രസമായിരുന്നു. ആ കഥാപാത്രത്തിന് ചേച്ചി അനുയോജ്യയായിരുന്നു, വളരെ നർമരസത്തോടെ ചേച്ചി ആ വേഷം കൈകാര്യം ചെയ്തു. സിനിമ റിലീസ് ചെയ്തപ്പോൾ ചേച്ചിയുടെ സഹോദരിയെ വിളിച്ച് വിവരം അറിയിച്ചിരുന്നു.
കനകലത ചേച്ചിയുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത് അവരുടെ ചേച്ചിയാണ്. പൂക്കാലം, ചേച്ചി കണ്ടോ എന്ന് അറിയില്ല. പിന്നെ ചേച്ചിക്കു അസുഖമായ വിവരമൊക്കെ അറിയുന്നുണ്ടായിരുന്നു. രാവിലെ അപ്രതീക്ഷിതമായാണ് ചേച്ചിയുടെ വിയോഗവാർത്ത അറിയുന്നത്. ഒരുപാടുപേര് ചേച്ചിയുടെ ഓർമ പങ്കുവയ്ക്കുന്നത് കണ്ടു ഏറെ ദുഃഖം തോന്നുന്നു. അകാലത്തിൽ വേർപിരിഞ്ഞ അനുപമ കലാകാരിയായ കനകലത ചേച്ചിക്ക് എന്റെ പ്രണാമം.’’–ഗണേഷ് രാജ് പറയുന്നു.
കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ൽ ഏറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്‌ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. ‘ആനന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘പൂക്കാല’ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു. താരങ്ങളെ തന്റെ സിനിമയിൽ പങ്കെടുപ്പിക്കണം എന്ന ആഗ്രഹം കൊണ്ടാണ് കനകലതയെ ‘പൂക്കാല’ത്തിലേക്ക് എത്തിച്ചത്.
English Summary:
Ganesh Raj remebering Kanakalatha
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kanakalatha mo-entertainment-common-malayalammovienews mo-celebrity-celebritydeath 2hhg7oqqkvi5vnr7uofmjco2pd f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link