തെളിവുണ്ടോ എന്നു ചോദിക്കുന്നവരോട്: ഡ്രൈവർ യദുവിനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി നടി റോഷ്ന
തെളിവുണ്ടോ എന്നു ചോദിക്കുന്നവരോട്: ഡ്രൈവർ യദുവിനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി നടി റോഷ്ന – movie | Manorama Online
തെളിവുണ്ടോ എന്നു ചോദിക്കുന്നവരോട്: ഡ്രൈവർ യദുവിനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി നടി റോഷ്ന
മനോരമ ലേഖിക
Published: May 03 , 2024 05:18 PM IST
2 minute Read
റോഷ്ന ആൻ റോയ് (Photo: Roshna Ann Roy/FB)
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നിൽ രാഷ്ട്രീയമില്ലെന്നു വ്യക്തമാക്കി നടി റോഷ്ന ആൻ റോയ്. കെഎസ്ആർടിസി ഡ്രൈവർ യദുവിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ പോസ്റ്റിനു താഴെ വന്നു തെളിവു ചോദിച്ചവർക്ക് ലൈവിലൂടെ റോഷ്ന മറുപടി നൽകി. “ആരെയും സപ്പോർട്ട് ചെയ്യാനല്ല പോസ്റ്റിട്ടത്. എനിക്കുണ്ടായ അനുഭവം കൃത്യമായി പോസ്റ്റിൽ എഴുതിയിട്ടുണ്ട്. യദു സംസാരിച്ച രീതി അവിടത്തെ എംവിഡി കണ്ടതാണ്. ആ ബസിലെ യാത്രക്കാരും കണ്ടതാണ്. അതിൽക്കൂടുതൽ എന്തു തെളിവാണ് ഞാൻ ഇനി നൽകേണ്ടത്,” റോഷ്ന ചോദിക്കുന്നു.
“കുറെ പേർ ചോദിച്ചു, തെളിവുണ്ടോ? ഞാനെങ്ങനെ തെളിവ് എടുക്കണമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നു മനസിലാകുന്നില്ല. ഞാൻ ആ കെഎസ്ആർടിസി ബസിന്റെ ഫോട്ടോ എടുത്തു വച്ചിരുന്നു. ആ വണ്ടിയാണ് അദ്ദേഹം ഓടിക്കുന്നതെന്ന് അറിഞ്ഞതുകൊണ്ടാണ് വണ്ടിയുടെ ഫോട്ടോ എടുത്തത്. ഈ തർക്കങ്ങൾ നടക്കുമ്പോൾ വിഡിയോ എടുക്കാൻ ഞാൻ പോയിട്ടില്ല. തെളിവുകൾ ഉണ്ടാക്കി, അതു പിന്നീടൊരു വിഷയമാക്കണമെന്ന ചിന്തയും ഉണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ വിഷയമാണ്. എന്തിനു ഞാനിതൊക്കെ കേൾക്കണം എന്ന ചിന്തയായിരുന്നു മനസ്സിൽ. വാർത്തകളിൽ ഇയാളുടെ ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ ഇയാളെ തിരിച്ചറിഞ്ഞത്. അന്നു കൂടെയുണ്ടായിരുന്ന സഹോദരനോടു ചോദിച്ചുറപ്പിച്ചിട്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്,” റോഷ്ന വ്യക്തമാക്കി.
അന്നത്തെ സംഭവത്തിൽ എന്തുകൊണ്ട് കേസിനു പോയില്ല എന്നതിനും കൃത്യമായ മറുപടി റോഷ്ന നൽകി. “എനിക്കു വളരെ മോശം അനുഭവമാണ് ഉണ്ടായത്. അപ്പോൾ സംസാരിച്ചാലും അതിനൊരു പ്രതിവിധി ഉണ്ടാകുമെന്നു തോന്നിയില്ല. അതുകൊണ്ടാണ് ഞാൻ കേസ് കൊടുക്കാതിരുന്നത്. എനിക്കൊരു ബുട്ടീക്ക് ഉണ്ട്. അതിന്റെ ഉദ്ഘാടനസംബന്ധമായ യാത്രയ്ക്കിടയിലാണ് ഇതു സംഭവിച്ചത്. ആ സമയത്ത് പൊലീസ് സ്റ്റേഷനിൽ പോകാനും അതിന്റെ പിന്നാലെ നടക്കാനും എനിക്കു സമയം ഉണ്ടായിരുന്നില്ല. എനിക്ക് പ്രതികരിക്കാൻ തോന്നിയത് ഇപ്പോഴായതുകൊണ്ടും ആ ഫോട്ടോ ഇത്രയും കാലം എന്റെ ഫോണിൽ നിന്നു കളയാതിരുന്നതു കൊണ്ടുമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തത്. ഇങ്ങനെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കരുത് എന്നുള്ളതു കൊണ്ടു മാത്രമാണ് ഞാൻ അതു പോസ്റ്റ് ചെയ്തത്. ഞാനൊരു സാധാരണക്കാരിയാണ്.”
ആംബുലൻസ് ഓടിപ്പിക്കുന്ന രീതിയിലാണ് യദു ബസ് ഓടിപ്പിച്ചിരുന്നതെന്നും റോഷ്ന വെളിപ്പെടുത്തി. “ആ സമയത്ത് എന്റെ വണ്ടി ഇടിച്ചിരുന്നെങ്കിലോ? സാധാരണ നമ്മൾ പറയാറില്ലേ, ദേ കെഎസ്ആർടിസി വരുന്നു, മാറിക്കോ എന്ന്. ആ ഒരു പേടി നമുക്ക് എപ്പോഴുമുണ്ട്. കെഎസ്ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാൾക്കുണ്ടായിരുന്നു. മേയറോടു സംസാരിച്ച ശരീരഭാഷ പോലും തൃപ്തികരമല്ല. രണ്ടു മൂന്നു ഹോണടി കേട്ടപ്പോഴേക്കും അയാൾക്കു ദേഷ്യം വന്നു. അയാൾ എന്നോടു അങ്ങനെ ചെയ്തതു കൊണ്ടാണ് ഞാനും ഹോൺ അടിച്ചത്. പക്ഷേ, അത്രയും തിരക്കിനിടയിൽ നിറയെ യാത്രക്കാരുള്ള ഒരു സൂപ്പർഫാസ്റ്റ് ബസ് നടുറോഡിൽ നിറുത്തി ഡ്രൈവർ ചീത്ത പറയാൻ ഇറങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എവിടെയോ കിടക്കുന്ന ഒരാൾക്കെതിരെ അപഖ്യാതി ഉണ്ടാക്കേണ്ട കാര്യം എനിക്കില്ല,” റോഷ്ന പറയുന്നു.
പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് റോഷ്ന ആവശ്യപ്പെട്ടു. “എനിക്കയാളെ വെറുതെ കരി വാരി തേക്കേണ്ട ആവശ്യമില്ല. എന്റെയടുത്ത് അത്രയും മോശമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. അയാളുടെ സ്വഭാവം അങ്ങനെയായിരിക്കാമെന്നു ഞാൻ കരുതുന്നു. അവിടെ അങ്ങനെ സംസാരിക്കുന്ന കക്ഷി എവിടെയും അങ്ങനെയൊക്കെ തന്നെയാകും സംസാരിക്കുക. എന്തായാലും ഇങ്ങനെയുള്ളവർ കുറച്ചു മര്യാദ പഠിക്കട്ടെ. അധികൃതർ മാതൃകാപരമായ നടപടി സ്വീകരിക്കണം. ജോലി കളയണമെന്നല്ല അതിനർഥം. പക്ഷേ, ശിക്ഷാനടപടി ഉണ്ടാകണം,” റോഷ്ന പറഞ്ഞു.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-roshan-ann-roy 6ja45mm1maq2pq4a6q45lasmsp mo-entertainment-common-malayalammovienews mo-politics-leaders-aryarajendran mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list
Source link