ദക്ഷിണ മേഖല പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ തുടക്കമായി. ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് കാച്ചപ്പിള്ളി, സിന്‍ഡിക്കറ്റ് അംഗം ഡോ. സിനി കുര്യന്, കൊച്ചി കോര്പറേഷന് വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് പി.ആര്. റെനീഷ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഫാ. സെബാസ്റ്റ്യന്‍ ജോണ്‍, തേവര കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. സന്ദീപ് സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
81 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ 16 മത്സരങ്ങളാണു നടന്നത്. കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മഹാത്മാഗാന്ധി, കാലിക്കട്ട് സര്‍വകലാശാലകള്‍ നേരിട്ട് അവസാനത്തെ എട്ടിലേക്ക് (ക്വാര്‍ട്ടറിലേക്ക്) യോഗ്യത നേടി. ദക്ഷിണ മേഖലാ ചാമ്പ്യന്‍ഷിപ് ഈ മാസം ആറു വരെയും അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ് എട്ടു മുതല്‍ 12 വരെയുമാണ്. നാലു മേഖലകളില്‍നിന്നായി യോഗ്യത നേടിയ 16 ടീമുകളായിരിക്കും അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.
Source link