INDIALATEST NEWS

ന്യൂസ്ക്ലിക് കേസ്: ഡൽഹി പൊലീസിനെ കുടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി ∙ ന്യൂസ്ക്ലിക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഡൽഹി പൊലീസിന്റെ നടപടികൾ സുപ്രീം കോടതി ചോദ്യം ചെയ്തു. അറസ്റ്റിനു ശേഷം പ്രബീർ പുർകായസ്ഥയുടെ അഭിഭാഷകനെ അറിയിക്കാതെ അദ്ദേഹത്തെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയതിന്റെ സാഹചര്യം വ്യക്തമാക്കാൻ ജഡ്ജിമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി അറസ്റ്റ് ചെയ്തതു ചോദ്യം ചെയ്തു പ്രബീർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അഭിഭാഷകനു റിമാൻഡ് അപേക്ഷയുടെ പകർപ്പു കൈമാറുന്നതിനു മുൻപ് റിമാൻഡ് ഉത്തരവു പുറപ്പെടുവിച്ചതിലും കോടതി ആശ്ചര്യം രേഖപ്പെടുത്തി. വാദം പൂർത്തിയാക്കിയ കോടതി ഹർജി വിധി പറയാൻ മാറ്റി. 

ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം കൈപ്പറ്റിയെന്ന കേസിലാണു യുഎപിഎ ചുമത്തി പ്രബീറിനെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബർ 3ന് വൈകിട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ദിവസം പുലർച്ചെ 6ന് ഇരുവരെയും മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. ഈ സമയത്ത് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മാത്രമാണു ഹാജരായിരുന്നത്. സ്വാഭാവിക നീതി ലഭ്യമാക്കാൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരുന്നുവെന്നും അഭിഭാഷകൻ നടപടികളുടെ സമയത്തു ഹാജരാകേണ്ടിയിരുന്നുവെന്നും ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. 

English Summary:
Supreme Court questioned actions of Delhi Police on Newsclick case


Source link

Related Articles

Back to top button