ജാമ്യം തേടാത്തത് അറസ്റ്റ് നിയമവിരുദ്ധം ആയതിനാൽ: കേജ്‌രിവാൾ
ജാമ്യം തേടാത്തത് അറസ്റ്റ് നിയമവിരുദ്ധം ആയതിനാൽ: കേജ്‌രിവാൾ – Not seeking bail because arrest is illegal says Arvind Kejriwal | Malayalam News, India News | Manorama Online | Manorama News
ജാമ്യം തേടാത്തത് അറസ്റ്റ് നിയമവിരുദ്ധം ആയതിനാൽ: കേജ്‌രിവാൾ
മനോരമ ലേഖകൻ
Published: April 30 , 2024 03:05 AM IST
1 minute Read
സാധാരണ പൗരനുള്ള പരിരക്ഷയാണ് ആവശ്യപ്പെടുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി
അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ ജാമ്യാപേക്ഷ നൽകാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്നും അതുകൊണ്ടാണ് ജാമ്യം തേടുന്നതിനു പകരം അതിനെ ചോദ്യം ചെയ്യുന്നതെന്നും കേജ്രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഇ.ഡി അറസ്റ്റിന്റെ നിയമസാധുത ചോദ്യം ചെയ്ത് നൽകിയ ഹർജിയിലെ വാദത്തിനിടയിലാണ് കേജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ വാദം ഇന്നും തുടരും.
സാധാരണ പൗരനുള്ള അവകാശമാണ് ആവശ്യപ്പെടുന്നതെന്നും അതുപോലും ലഭിച്ചില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. മതിയായ തെളിവോ വസ്തുതകളോ ഇല്ലാതെയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അറസ്റ്റ് ചെയ്തത്. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷമുണ്ടായ അറസ്റ്റ് ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ളതാണ്. കേസിനാസ്പദമായ അഴിമതിയുമായി വിദൂരബന്ധം പോലുമില്ല. സിബിഐ എഫ്ഐആറിലോ ഇ.ഡിയുടെ കേസ് ഇൻഫർമേഷൻ റിപ്പോർട്ടിലോ പേരില്ല. കേസിൽ ഇ.ഡി ആശ്രയിക്കുന്നത് രാഘവ് മഗുന്ദ, ബുച്ചി ബാബു, ശരത് റെഡ്ഡി എന്നിവരുടെ മൊഴികളാണ്. ഇതിൽ ഒരാൾ ബിജെപിയിലും മറ്റൊരാൾ ബിജെപിയുടെ സഖ്യകക്ഷിയിലും ആണ്. ഇനിയൊരാൾ ബിജെപിക്കായി ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ ആളുമാണ്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേജ്‌രിവാളിനെതിരായ മൊഴി വന്നതെന്നി സിങ്‍വി ചൂണ്ടിക്കാട്ടി. 7 മുതൽ 8 മാസം വരെ പഴക്കമുള്ളതാണ് മൊഴികൾ. കുറ്റക്കാരനാണെന്ന് ഇ.ഡിക്ക് തോന്നുന്നുവെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് വൈകിച്ചു? ഒളിച്ചുപോകാൻ സാധ്യതയുള്ള കുറ്റവാളിയോ ഭീകരനോ അല്ല കേജ്‌രിവാൾ. പിഎംഎൽഎ കേസിൽ ജാമ്യത്തിന് ഉയർന്ന വ്യവസ്ഥകൾ നിഷ്കർഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അറസ്റ്റിന് മതിയായ കാരണങ്ങളുണ്ടോയെന്നതും കോടതി പരിശോധിക്കേണ്ടതാണെന്ന് സിങ്‌വി വാദിച്ചു.
മദ്യനയ കേസിൽ മാർച്ച് 21നാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നടപടി ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ഏപ്രിൽ 9നു തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്നലെ ഒരു മണിക്കൂർ വാദം കേട്ട ശേഷമാണ് ഇന്നത്തേക്കു മാറ്റുന്നതായി കോടതി അറിയിച്ചത്. ബുധനാഴ്ചത്തേക്കു പരിഗണിക്കണമെന്ന് ഇ.ഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അഭ്യർഥിച്ചെങ്കിലും അസൗകര്യമുണ്ടെങ്കിൽ നോക്കാമെന്നു കോടതി വ്യക്തമാക്കി.
ജയിലിൽ കണ്ട് ഭാര്യയും മന്ത്രി അതിഷിയും
ന്യൂഡൽഹി ∙ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിനെ ഭാര്യ സുനിതയും മന്ത്രി അതിഷിയും സന്ദർശിച്ചു. കേജ്‌രിവാളിനെ സന്ദർശിക്കാനുള്ള ഭാര്യ സുനിതയുടെ അപേക്ഷ ജയിൽ അധികൃതർ നിരസിച്ചതായി എഎപി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച തിഹാർ ജയിൽ അധികൃതർ ഇരുവർക്കും അനുമതി നൽകി. ‘ജയിലിലും അരവിന്ദ് കേജ്‌രിവാൾ തന്നെക്കുറിച്ചല്ല ആശങ്കപ്പെടുന്നത്. ശുദ്ധജല പ്രശ്നത്തെക്കുറിച്ചും വേനൽക്കാലത്തെ േനരിടാനുള്ള തയാറെടുപ്പുകളെക്കുറിച്ചും സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളെക്കുറിച്ചുമാണ്. നഗരത്തിലെ സ്ത്രീകൾക്കു പ്രതിമാസം 1000 രൂപയെന്ന പ്രഖ്യാപനം നടപ്പാക്കുമെന്ന സന്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്’ – സന്ദർശനത്തിനു ശേഷം അതിഷി അറിയിച്ചു.
English Summary:
Not seeking bail because arrest is illegal says Arvind Kejriwal
40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-lawndorder-arrest 3t720reu410epk8gpnr2cfdgac mo-politics-leaders-arvindkejriwal mo-judiciary-lawndorder-enforcementdirectorate
Source link