അരവിന്ദർ സിങ് ലവ്‌ലി ബിജെപിയിലേക്ക്?; ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥിയെ പിൻവലിച്ച് ലവ്‌ലിയെ നിർത്താൻ നീക്കം
അരവിന്ദർ സിങ് ലവ്ലി ബിജെപി ടിക്കറ്റിൽ ഈസ്റ്റ് ഡൽഹിയിൽ മത്സരിച്ചേക്കുമെന്ന് സൂചന – Latest News | Manoram Online
അരവിന്ദർ സിങ് ലവ്‌ലി ബിജെപിയിലേക്ക്?; ഈസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥിയെ പിൻവലിച്ച് ലവ്‌ലിയെ നിർത്താൻ നീക്കം
ഓൺലൈൻ ഡെസ്ക്
Published: April 29 , 2024 11:35 AM IST
1 minute Read
അരവിന്ദർ സിങ് ലവ്‍ലി (Photo credit:ANI)
ന്യൂഡൽഹി∙ ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്ലി ബിജെപിയിലേക്കെന്ന് സൂചന. ലവ്ലിയെ ഈസ്റ്റ് ഡൽഹിയിൽ സ്ഥാനാർഥിയാക്കാൻ ബിജെപി ചർച്ചകൾ നടത്തുന്നതായാണ് വിവരം. അതേസമയം, ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ലവ്ലി സമ്മതിക്കുകയാണെങ്കിൽ ഈസ്റ്റ് ഡൽഹിയിൽ നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബിജെപി തയ്യാറാണെന്നാണ് സൂചന. ഹർഷ മൽഹോത്രയാണ് നിലവിൽ ഇവിടെ ബിജെപി സ്ഥാനാർഥി.
ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാൻ 28 ദിവസം മാത്രം ബാക്കി നിൽക്കെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അർവിന്ദർ സിങ് ലവ്‍ലി രാജിവച്ചത്. ഡൽഹിയിലെ സ്ഥാനാർഥി നിർണയം, എഎപി–കോൺഗ്രസ് സഖ്യം, ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായുള്ള അഭിപ്രായവ്യത്യാസം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി.
സ്ഥാനാർഥി നിർണയത്തിൽ പിസിസിയുടെ അഭിപ്രായം പരിഗണിച്ചില്ലെന്നാണു പ്രധാന ആരോപണം. ഡൽഹിക്ക് തീർത്തും അപരിചിതരായ കനയ്യ കുമാറിനെയും (നോർത്ത് ഈസ്റ്റ് ഡൽഹി), ഉദിത് രാജിനെയും (നോർത്ത് വെസ്റ്റ് ഡൽഹി) സ്ഥാനാർഥികളാക്കിയെന്ന പരാതിയുമുണ്ട്. കനയ്യ കുമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രശംസിച്ചതിലും ലവ്‍ലി നീരസം പ്രകടിപ്പിച്ചു. കോൺഗ്രസിനെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ അഴിച്ചുവിട്ട ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ശരിയല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു നൽകിയ രാജിക്കത്തിൽ പറയുന്നു.
2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അർവിന്ദർ സിങ് ലൗവ്‍ലി 2018ൽ ആണു തിരിച്ചെത്തിയത്. പ്രതിപക്ഷ ഇന്ത്യാസഖ്യം നിലവിലുള്ള ഡൽഹിയിലെ 7 സീറ്റുകളിൽ 3 എണ്ണത്തിൽ കോൺഗ്രസും 4 എണ്ണത്തിൽ ആം ആദ്മി പാർട്ടിയുമാണ് മത്സരിക്കുന്നത്. നിലവിൽ 7 സീറ്റും ബിജെപിയുടേതാണ്. മേയ് 25ന് ആണു ഡൽഹിയിൽ തിരഞ്ഞെടുപ്പ്.
ലവ്ലിയെ അനുകൂലിക്കുന്നവർ കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇവർ പാർട്ടി നേതൃത്വത്തിന് കത്തുനൽകുമെന്നും സൂചനയുണ്ട്.
English Summary:
BJP to replace Harsh Malhotra with Arvinder Singh Lovely on East Delhi Lok Sabha seat
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7b77t0e4672gqlfc1esol6sn2l mo-politics-elections-loksabhaelections2024
Source link