അടിയോടടി
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും പിറന്നത് 500ലേറെ റൺസ്. ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് മത്സരത്തിലാണ് വൻ സ്കോർ പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 257 റണ്‍സ് നേടിയപ്പോൾ മുംബൈ ഇന്ത്യൻസ് 247 റണ്‍സും നേടി. ജാക്ക് ഫ്രേസർ മഗുർക് (27 പന്തിൽ 84), ട്രസിറ്റൻ സ്റ്റബ്സ് (25 പന്തിൽ 48 നോട്ടൗട്ട്), ഷായി ഹോപ്പ് (17 പന്തിൽ 41), അഭിഷേക് പോറൽ (27 പന്തിൽ 36), ക്യാപ്റ്റൻ ഋഷഭ് പന്ത് 19 പന്തിൽ 29) എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 257 റണ്‍സാണ് ഡൽഹി അടിച്ചെടുത്തത്. ടോസ് നേടി ഫീൽഡ് ചെയ്ത മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിരുന്നവെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള ബാറ്റിംഗാണ് ഡൽഹി കാഴ്ചവച്ചത്. -പോറെൽ കൂട്ടുകെട്ട് കടുത്ത ആക്രമണമാണ് പവർപ്ലേയിൽ പുറത്തെടുത്തത്. 92 റണ്‍സാണ് പവർ പ്ലേ സ്കോർ. പവർപ്ലേയ്ക്കകത്തുതന്നെ 78 റണ്‍സാണ് മഗുർക്ക് നേടിയത്. പവർപ്ലേയിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ സ്കോർ. 7.3 ഓവറിൽ 114 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 11 ഫോറും ആറു സിക്സുമായി തകർത്തടിച്ചു കളിച്ച മഗുർകിനെ നഷ്ടമായി. വൈകാതെ പോറെലും പുറത്തായി. എന്നാൽ ഷായി ഹോപ്പ് കടുത്ത ആക്രമണം നടത്തിയതോടെ സ്കോർ കുതിച്ചു. ആറു സിക്സുകളാണ് വിൻഡീസ് താരത്തിന്റെ ബാറ്റിൽനിന്നും പിറന്നത്. ഹോപ്പ് നിർത്തിയിടത്തുനിന്ന് പന്തിനൊപ്പം ചേർന്ന് സ്റ്റബ്സും ആടിതിമിർത്തതോടെ ഡൽഹി സ്കോർ 200 കടന്നു. 19-ാം ഓവറിൽ പന്ത് പുറത്താകുന്പോൾ സ്കോർ 235ലെത്തി. പുറത്താകാതെ നിന്ന സ്റ്റബ്സ് രണ്ടു സിക്സും ആറു ഫോറുമാണ് നേടിയത്. അക്ഷർ പട്ടേലു (ആറു പന്തിൽ 11) പുറത്തായില്ല. രണ്ട് ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ 41 റണ്‍സാണ് വഴങ്ങിയത്. മറ്റ് ബൗളർമാരെല്ലാം കണക്കിന് അടിവാങ്ങിക്കൂട്ടിയപ്പോൾ ഭേദപ്പെട്ട ബൗളിംഗ് ജസ്പ്രീത് ബുംറ കാഴ്ചവച്ചു. നാല് ഓവറിൽ 35 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റും വീഴ്ത്തി.
തിരിച്ചടി രോഹിത് ശർമ-ഇഷാൻ കിഷൻ ഓപ്പണിംഗ് കൂട്ടുകെട്ടിന് അധികനേരം ക്രീസിൽ നിൽക്കാനാവാതെ പോയത് മുംബൈക്ക് തിരിച്ചടിയായി. നാലാം ഓവറിൽ രോഹിതിനെ (എട്ട്) നഷ്ടമായി. വൈകാതെ ഇഷാനും (20) പോയി. ഇംപാക്ട് പ്ലെയറായെത്തിയ സൂര്യകുമാർ യാദവ് മികച്ച തുടക്കമിട്ടെങ്കിലും തിലക് വർമയ്ക്കൊപ്പം ഇന്നിംഗ്സ് ദീർഘിപ്പിക്കാനായില്ല. 13 പന്തിൽ 26 റണ്‍സാണ് സൂര്യകുമാറിന്റെ സന്പാദ്യം. മുംബൈക്കു പവർപ്ലേയിൽ 65 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് വീണത്. തിലക് വർമയ്ക്കൊപ്പം പാണ്ഡ്യ ചേർന്നതോടെ മുംബൈ സ്കോറിനു ജീവൻ വച്ചു തുടങ്ങി. 39 പന്തിൽ ഇരുവരും 71 റണ്‍സ് നേടി. 24 പന്തിൽ 46 റണ്‍സുമായി ഫോമിൽ കളിച്ച പാണ്ഡ്യ പുറത്തായി. പാണ്ഡ്യ പുറത്താകുന്പോൾ മുംബൈ സ്കോർ 12.3 ഓവറിൽ നാലു വിക്കറ്റിന് 136 റണ്‍സ് എന്ന നിലയിലായിരുന്നു. നെഹാൽ വദേരയെയും വേഗം നഷ്ടമായി. തിലക് വർമ-ടിം ഡേവിഡ് കൂട്ടുകെട്ട് മുംബൈയ്ക്കു വീണ്ടും വിജയപ്രതീക്ഷകൾ നല്കി. എന്നാൽ ടിം ഡേവിഡ് പുറത്താകലോടെ (17 പന്തിൽ 37) മുംബൈയുടെ പ്രതീക്ഷകൾ തകർന്നു തുടങ്ങി. 12 പന്തിൽ ജയിക്കാൻ 41 എന്ന നിലയിലെത്തിയ മുംബൈക്ക് മുഹമ്മദ് നബിയുടെ പുറത്താകലും (ഏഴ്) അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമയുടെ (32 പന്തിൽ 63) റണ്ണൗട്ടും തോൽവിയിലേക്കു നയിച്ചു. നാലു ഫോറും അത്രതന്നെ സിക്സുമാണ് തിലക് നേടിയത്. മുകേഷ് കുമാറും രസിഖ് സലാമും മൂന്നു വിക്കറ്റ് വീതവും ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും വീഴ്ത്തി.
Source link